മാധ്യമസംഘത്തിന്റെ വള്ളം മറിഞ്ഞുണ്ടായ അപകടം,രണ്ടു പേരുടേയും മൃതദേഹവും കണ്ടെത്തി

കോട്ടയം: മുണ്ടാറില്‍ വളളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടായതിന് 300 മീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളപ്പൊക്ക വാര്‍ത്ത റിപ്പോര്‍ട്ട ചെയ്യാനെത്തിയ സംഘം ഇന്നലെ ഉച്ചയ്ക്കാണ് അപകടത്തില്‍ പെട്ടത്. കാണാതായിരുന്ന ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു.

മാതൃഭൂമി കോട്ടയം പ്രാദേശിക ലേഖകന്‍ ആപ്പാഞ്ചിറ മാന്നാര്‍ പട്ടശേരില്‍ സജി മെഗാസിന്റെ മൃതദേഹമാണ് രാവിലെ കണ്ടെത്തിയത്. അപകടം നടന്നതിന്റെ സമീപത്ത് നിന്നും ബിപിന്റെ മൃതദേഹം കണ്ടെത്തിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വസ്തുതാപരമല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. നാവിക സേനയും ദുരന്തനിവാരണ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

ചാനലിലെ റിപ്പോര്‍ട്ടര്‍ തൃശ്ശൂര്‍ കുടപ്പുഴമന ശ്രീധരന്‍ നമ്പൂതിരി (29), ക്യാമറാമാന്‍ കോട്ടയം ചിറക്കടവ് അടിച്ചുമാക്കല്‍ അഭിലാഷ് നായര്‍ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ് ഭവനില്‍ അഭിലാഷ് (40) എന്നിവരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ന് മുണ്ടാര്‍ പാറേല്‍ കോളനിയ്ക്കു സമീപം കരിയാറിലെ മനയ്ക്കച്ചിറയിലാണ് അപകടമുണ്ടായത്. റിപ്പോര്‍ട്ട് ചെയ്യാനെത്തി മടങ്ങുകയായിരുന്നു വാര്‍ത്താ സംഘം.

ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ശ്രീധരന്റെയും അഭിലാഷിന്റെയും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃര്‍ അറിയിച്ചു.

pathram desk 2:
Related Post
Leave a Comment