വിവാദങ്ങള്‍ കാറ്റില്‍ പറത്തി….ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി, ശോഭകുറയുമെന്ന് യുക്തി അടിസ്ഥാനരഹിതമെന്ന് മന്ത്രി

തിരുവനന്തപുരം: ചലചിത്രപുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാകുമെന്ന് സാംസ്‌കാരിക മന്ത്രി എകെ ബാലന്‍. നാളെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണക്കത്ത് നല്‍കുമെന്ന് മന്ത്രി പറഞ്ഞു.മോഹന്‍ലാലിനെ ക്ഷണിക്കരുതെന്ന് ആവശ്യപ്പെട്ട് ആരും നിവേദനം നല്‍കിയിട്ടില്ല. തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ക്ഷോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രന്‍സ് അടക്കമുള്ള താരങ്ങള്‍ക്കൊന്നും മോഹന്‍ലാല്‍ പങ്കെടുക്കുന്നതിനോട് എതിര്‍പ്പുകളില്ല. പുരസ്‌ക്കാര ദാന ചടങ്ങില്‍ മുഖ്യാതിഥി വേണ്ടെന്ന ചിലരുടെ വാദത്തോടും യോജിപ്പില്ല. നേരത്തെ തമിഴ് നടന്‍ സൂര്യ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്. ചരിത്രമറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആര്‍ക്കെങ്കിലും ആരോടെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദികളെന്നും സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാര വേദിയില്‍ എല്ലാവരും പങ്കെടുക്കുമെന്നും ബാലന്‍ വ്യക്തമാക്കി. വിവാദങ്ങള്‍ മാറ്റി വച്ച് ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കണം. ഏതെങ്കിലും വ്യക്തിയോടോ സംഘടനയോടോ സംസ്ഥാന സര്‍ക്കാരിനും സാംസ്‌കാരിക വകുപ്പിനും പ്രത്യേക താത്പര്യങ്ങളില്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേളയുടെ സമാപന യോഗത്തില്‍ പറഞ്ഞിരുന്നു.

pathram desk 2:
Related Post
Leave a Comment