ഞങ്ങളുടെ ലാലേട്ടനെ നിങ്ങള്‍ എതിര്‍ക്കുമോ എന്ന് ചോദിച്ചാല്‍ എങ്ങനെ മറുപടി പറയും?: രാജീവ് രവി

ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ ശരിയായ ദിശയിലല്ലെന്ന് സംവിധായകന്‍ രാജീവ് രവി. താനടക്കം ഒപ്പിട്ട നിവേദനം സര്‍ക്കാരിനെ ലക്ഷ്യമാക്കിയുള്ളതാണ്, അല്ലാതെ മോഹന്‍ലാല്‍ എന്ന വ്യക്തിക്കെതിരെയല്ല, രാജീവ് രവി മനോരമ ഓണ്‍ലൈനിനോട് പ്രതികരിച്ചു.

സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ഒരു ചടങ്ങില്‍ ഒരു താരത്തെ മുഖ്യാതിഥിയായി ക്ഷണിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്. ഒരു മുഖ്യാതിഥിയെ ക്ഷണിച്ചിരുത്തി പുരസ്‌കാരം വിതരണം ചെയ്യേണ്ട കാര്യമില്ല. മോഹന്‍ലാല്‍ എന്ന പേര് ഇവിടെ പ്രസക്തമല്ല. വിഷയത്തില്‍ നിന്ന് മാറി മോഹന്‍ലാലിനെ അക്രമിക്കുന്ന നിലയിലേക്ക് ചര്‍ച്ചകള്‍ പോകുന്നത് സങ്കടകരമാണ്. ഞങ്ങളുടെ ലാലേട്ടനെ നിങ്ങള്‍ എതിര്‍ക്കുമോ എന്ന് ചോദിച്ചാല്‍ എങ്ങനെ മറുപടി പറയും? താരസംഘടനയുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിവാദങ്ങളുമായി ചേര്‍ത്ത് ഇപ്പോഴത്തെ നിവേദനത്തെ കാണേണ്ട കാര്യമില്ലെന്നും അത് മറ്റൊരു വിഷയമാണെന്നും രാജീവ് രവി പറഞ്ഞു.

മോഹന്‍ലാലിനെ അക്രമിക്കേണ്ട ആവശ്യം തങ്ങള്‍ക്കില്ലെന്നും ഒരു തരത്തിലും അദ്ദേഹത്തെ ആശ്രയിച്ചല്ല തങ്ങളാരും മുന്നോട്ടുപോകുന്നതെന്നും രാജീവ് രവി. നിവേദനത്തില്‍ താന്‍ ഒപ്പുവച്ചത് അറിഞ്ഞുകൊണ്ടുതന്നെയാണെന്നും മറ്റുള്ളവരുടെ കാര്യത്തെക്കുറിച്ച് തനിക്ക് പറയാനാവില്ലെന്നും രാജീവ് രവി കൂട്ടിച്ചേര്‍ത്തു.

pathram desk 2:
Related Post
Leave a Comment