കൊച്ചി: ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകത്തില്‍ കുറ്റപത്രം തയ്യാറായി. മൂന്ന് പൊലീസുകാരെ പ്രതിസ്ഥാനത്ത് ചേര്‍ത്താണ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ സന്തോഷ് കുമാറാണ് ഒന്നാം പ്രതി. പൊലീസ് ഉദ്യോഗസ്ഥരായ ജിതിന്‍ രാജ്, സുമേഷ് എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.
ആലുവ റൂറല്‍ മുന്‍ പൊലീസ് മേധാവി എ.വി. ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ വരാപ്പുഴ മുന്‍ എസ്.ഐ ജി.എസ്. ദീപക് നാലാം പ്രതിയായ കുറ്റപത്രത്തില്‍ പറവൂര്‍ മുന്‍ സി.ഐ ക്രിസ്പിന്‍ സാമും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ സന്ദേശത്തെ കുറിച്ചുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സസ്‌പെന്‍ഷനില്‍ തുടരുന്ന ആലുവ റൂറല്‍ പൊലീസ് മേധാവിയായിരുന്ന എ.വി. ജോര്‍ജും ഡി.വൈ.എസ്.പി പ്രഫുല്ലചന്ദ്രനെയും പ്രതിസ്ഥാനത്ത് ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നിലവില്‍ 11 പൊലീസുകാരാണ് ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായിരിക്കുന്നത്.
വാരാപ്പുഴയില്‍ ഗൃഹനാഥനായ കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്റെ മരണത്തെത്തുടര്‍ന്നാണ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്. ഒരു സംഘമാളുകള്‍ വാസുദേവന്റെ വീടാക്രമിക്കുകയും തുടര്‍ന്ന് വാസുദേവന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ചതുമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ കാരണം.
അന്ന് രാത്രി പത്തരയോടെ ശ്രീജിത്തിനെ ആര്‍.ടി.എഫ് കസ്റ്റഡിയിലെടുത്തു. പൊലീസ് മര്‍ദ്ദിച്ച് അവശനാക്കിയത്തിനെ തുടര്‍ന്ന്
പുലര്‍ച്ചെ ശ്രീജിത്തിന് വയറുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ എത്തിയ്ക്കുകയും ചെയ്തു. പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം പൊലീസ് മര്‍ദ്ദനത്തിലൂടെ വന്‍കുടല്‍ പൊട്ടിയതാണെന്ന് തെളിഞ്ഞത്.
Leave a Comment