ബെംഗലുരു: പബ്ലിക് അഫയേര്‍സ് സെന്റര്‍ പുറത്തുവിട്ട പബ്ലിക് അഫയേര്‍സ് ഇന്റക്‌സ് 2018 പട്ടികയില്‍ മികച്ച ഭരണ നേട്ടങ്ങളുമായി കേരളം രാജ്യത്ത് ഒന്നാമതെത്തി. 2016 ലും 2017 ലും പട്ടികയില്‍ ഒന്നാമതായിരുന്നു കേരളം. തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഈ നേട്ടം കേരളത്തിന് തന്നെ ലഭിച്ചു.
പട്ടികയില്‍ തമിഴ്നാടാണ് രണ്ടാം സ്ഥാനത്ത്. തെലങ്കാന മൂന്നും കര്‍ണ്ണാടകം നാലും ഗുജറാത്ത് അഞ്ചും റാങ്ക് നേടി. പട്ടികയില്‍ മദ്ധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, ബീഹാര്‍ സംസ്ഥാനങ്ങളാണ് ഏറ്റവും പുറകില്‍. സാമൂഹികവും സാമ്പത്തികവുമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍ സംസ്ഥാനങ്ങളെ റാങ്ക് ചെയ്യുന്നത്.
രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ദ്ധനായ സാമുവല്‍ പോള്‍ 1994 ല്‍ സ്ഥാപിച്ചതാണ് പബ്ലിക് അഫയേര്‍സ് സെന്റര്‍. ഈ പഠനത്തിലൂടെ സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തി മികച്ച ഭരണത്തിലേക്ക് സംസ്ഥാനങ്ങളെ നയിക്കാനുളള ശ്രമങ്ങളാണ് നടത്തുന്നത്.
സര്‍ക്കാര്‍ രേഖകളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഇതിനായി 30 പ്രധാന വിഷയങ്ങളും 100 ഓളം സൂചകങ്ങളും തിരഞ്ഞെടുത്തിരുന്നു. നിക്ഷിപ്ത താത്പര്യങ്ങള്‍ ഉണ്ടായിരിക്കാനുളള സാധ്യത കണക്കിലെടുത്താണ് സ്വകാര്യ രേഖകളെ ഒഴിവാക്കിയതെന്ന് പിഎസി പറഞ്ഞു. എല്ലാ കുട്ടികള്‍ക്കും മികച്ച ജീവിതസൗകര്യം ഏര്‍പ്പെടുത്തുന്നതില്‍ കേരളവും ഹിമാചല്‍ പ്രദേശും മിസോറാമും മുന്നിലെത്തി.
Leave a Comment