നിങ്ങളാദ്യം 2019 മറികടക്കൂ; 100 സീറ്റിലേക്ക് ബിജെപി ചുരുങ്ങും; പന്തല്‍ ഉണ്ടാക്കാനറിയാത്തവരാണ് രാജ്യം കെട്ടിപ്പടുക്കുന്നത്; മോദിക്കെതിരേ മമത

കൊല്‍ക്കത്ത: മോദിക്കും ബിജെപിക്കുമെതിരേ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഒരു പന്തല്‍ പോലും നിര്‍മിക്കാനറിയാത്തവര്‍ എങ്ങനെയാണ് രാജ്യം കെട്ടിപ്പടുക്കുക? (കഴിഞ്ഞ ആഴ്ച മിഡ്‌നാപുരില്‍ മോദി പങ്കെടുത്ത റാലിക്കു വേണ്ടി നിര്‍മിച്ച പന്തല്‍ പൊളിഞ്ഞുവീണ് നിരവധി പേര്‍ക്കു പരുക്കേറ്റിരുന്നു). ഇക്കാര്യം ഓര്‍മപ്പെടുത്തിയാണ് മമത പരിഹസിച്ചത്.

ബിജെപിയുടെ പരാജയത്തിനു ബംഗാള്‍ വഴിതെളിക്കുമെന്നു പറഞ്ഞ മമത, 2019ലെ പൊതുതിരഞ്ഞടുപ്പില്‍ അവര്‍ 100 സീറ്റിനുള്ളിലേക്കു ചുരുങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി. 1993ല്‍ വിക്ടോറിയ ഹൗസിനു പുറത്തുണ്ടായ വെടിവെപ്പില്‍ 13 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിന്റെ അനുസ്മരണ ദിനത്തോടനുബന്ധിച്ചുള്ള മെഗാ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

‘2024നെ കുറിച്ചാണു മോദിയും ബിജെപിയും സംസാരിക്കുന്നത്. നിങ്ങളാദ്യം 2019 മറികടക്കൂ. ‘ബിജെപിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന പ്രചാരണത്തിന് ഓഗസ്റ്റ് 15ന് തുടക്കമിടും. രാജ്യത്തെമ്പാടുമുള്ള ദേശീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും. ബിജെപിക്കെതിരെ ബംഗാള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നും മമത ബാനര്‍ജി പറഞ്ഞു.

‘സംസ്ഥാനത്തെ 42 ലോക്‌സഭാ സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയെ തറപറ്റിക്കും. മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കു കനത്ത നഷ്ടമുണ്ടാകും. ലോക്‌സഭയില്‍ അവിശ്വാസ പ്രമേയം മറികടക്കാനുള്ള അംഗബലം ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുണ്ട്. അതു സഭയ്ക്കകത്താണ്. പുറത്ത്, ജനാധിപത്യത്തില്‍ അവര്‍ വിജയിക്കില്ല. ബിജെപിയെ പിന്തുണച്ച അണ്ണാ ഡിഎംകെ തെറ്റായ തീരുമാനത്തിനു പശ്ചാത്തപിക്കേണ്ടി വരുമെന്നും മമത പറഞ്ഞു.

pathram:
Leave a Comment