കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യുവിനെ കൊലപ്പെടുത്താന്‍ കൊലയാളി സംഘം പ്രയോഗിച്ചത് ക്രിമിനല്‍ ലെയര്‍ തന്ത്രം. കുറ്റകൃത്യങ്ങള്‍ക്ക് പരസ്പരബന്ധമില്ലാത്ത സംഘങ്ങളെ നിയോഗിക്കുന്നതാണ് ക്രിമിനല്‍ ലെയര്‍ തന്ത്രം. കൊല നടന്ന ദിവസം മഹാരാജാസ് കോളെജ് ക്യാംപസിലേക്കു കൊലയാളികളെ വിളിച്ചുവരുത്തിയ ജെ.ഐ. മുഹമ്മദിനും കൊലയാളിസംഘത്തിലെ പ്രതികളെ മുഴുവന്‍ അറിയില്ല. മുഹമ്മദ് അറസ്റ്റിലാവുന്നതോടെ കുറ്റകൃത്യം സംബന്ധിച്ച ഗൂഢാലോചനയുടെ മുഴുവന്‍ ചുരുളും അഴിയുമെന്നായിരുന്നു പൊലീസിന്റെ പ്രതീക്ഷ.
സംഘടിത കുറ്റകൃത്യങ്ങളില്‍ പൊലീസ് അന്വേഷണത്തെ വഴിമുട്ടിക്കാനാണു പരസ്പരബന്ധമില്ലാത്ത ക്രിമിനല്‍ സംഘങ്ങളെ ഒരേ കുറ്റകൃത്യത്തിനു നിയോഗിക്കുന്നത്. സംഘത്തിലെ ഒരാളെ പിടികൂടി ചോദ്യം ചെയ്താലും മറ്റു പ്രതികളിലേക്ക് അന്വേഷണസംഘത്തിന് എളുപ്പം എത്തിച്ചേരാന്‍ കഴിയില്ല. അറസ്റ്റിലായ 13 പ്രതികളെ ചോദ്യംചെയ്ത ശേഷവും കൊലയാളിസംഘത്തെ സംബന്ധിക്കുന്ന പൂര്‍ണവിവരങ്ങള്‍ ലഭിക്കാത്തത് അതുകൊണ്ടാണ്.
ചോദ്യം ചെയ്യലില്‍ ഇതുവരെ പൊലീസിന് എത്തിച്ചേരാന്‍ കഴിഞ്ഞതു നാലു പ്രതികള്‍ ഉള്‍പ്പെട്ട ‘നെട്ടൂര്‍ ലെയറി’ലേക്കു മാത്രം. പ്രതിയില്‍ നിന്നു പ്രധാനമായും കിട്ടിയത് കണ്ണൂര്‍ സ്വദേശി മുഹമ്മദ് റിഫിനെക്കുറിച്ചുള്ള വിവരമാണ്. അതോടെ അഭിമന്യു വധക്കേസിലെ മുഖ്യ ആസൂത്രകനും കൊലയാളിയും വീണ്ടും ഇരുട്ടിലായി.
പൂര്‍ണസമയവും പൊലീസ് സാന്നിധ്യവും സുരക്ഷാ ക്രമീകരണവുമുള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബംഗ്ലാവ്, ജില്ലാ കലക്ടറുടെ ക്യാംപ് ഓഫിസ് എന്നിവയുടെ നൂറു മീറ്റര്‍ മാത്രം അകലെയാണു മൂന്ന് എഫ്എഫ്ഐ പ്രവര്‍ത്തകരെ കുത്തി കൊലയാളിസംഘം കടന്നത്. കൊലപാതകം നടത്തേണ്ട സ്ഥലത്തെക്കുറിച്ചും അതിനുശേഷം പുറത്തുകടക്കേണ്ട റൂട്ടിനെക്കുറിച്ചും വ്യക്തമായ സ്‌കെച്ച് തയാറാക്കിയതിന്റെ ലക്ഷണമാണിത്. കൊലപാതകത്തിനുശേഷം പൊലീസിന്റെ കൈകളില്‍ അകപ്പെടാതെ പ്രതികളെ കടത്തിക്കൊണ്ടുപോകാനുള്ള ചുമതല നാലു പേര്‍ക്കായിരുന്നു. ഇവരില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. നാലാമന്റെ വിവരം പുറത്തുവന്നിട്ടില്ല. ഇയാള്‍ പശ്ചിമകൊച്ചി സ്വദേശിയാണെന്നാണു നിഗമനം.
കുറ്റാന്വേഷണത്തില്‍ പ്രതികളെ കണ്ടെത്താന്‍ അന്വേഷണസംഘത്തെ ഏറ്റവുമധികം ബുദ്ധിമുട്ടിക്കുന്ന രീതിയാണു ക്രിമിനല്‍ ലെയര്‍ സംവിധാനം. പരസ്പര ബന്ധമില്ലാത്ത കുറ്റവാളികളെ കൂട്ടി നടപ്പിലാക്കുന്ന കുറ്റകൃത്യങ്ങളാണിവ. കേരളത്തില്‍ സിബിഐയെ ഉള്‍പ്പെടെ വഴിമുട്ടിച്ച ചേകനൂര്‍ മൗലവി കേസ്, ചെമ്പരിക്ക ഖാസി കേസ് എന്നിവ ഇതിന് ഉദാഹരണമാണ്. ചേകനൂര്‍ മൗലവി കേസില്‍ പരസ്പരം അറിയാത്ത കുറ്റവാളികള്‍ അടങ്ങിയ അഞ്ചു ക്രിമിനല്‍ ലെയറുകളുടെ സാന്നിധ്യം സിബിഐ തിരിച്ചറിഞ്ഞിരുന്നു. ചെമ്പരിക്ക ഖാസി കേസില്‍ അസ്വാഭാവിക മരണത്തിന് അപ്പുറത്തേക്ക് അന്വേഷണം കൊണ്ടുപോകാന്‍ സിബിഐക്കു കഴിഞ്ഞില്ല.
ക്രിമിനല്‍ ലെയറുകളുടെ ഏകദേശ ഘടന
ഗൂഢാലോചനാ സംഘം
കുറ്റവാളികളെ നിയോഗിക്കുന്നവര്‍
കുറ്റവാളി സംഘം
പ്രതികളെ സംരക്ഷിച്ചു കടത്തുന്നവര്‍
തെളിവുകള്‍ നശിപ്പിക്കുന്നവര്‍
നിയമസഹായം നല്‍കുന്നവര്‍
അതേസമയം അഭിമന്യുവിന്റെ കുടുംബത്തിന്റെ മുഴുവന്‍ സംരക്ഷണവും സിപിഐഎം ഏറ്റെടുത്തിട്ടുണ്ട്. അതിന്റെ ആദ്യ പടിയായി അഭിമന്യുവിന്റെ നാടായ കൊട്ടക്കാമ്പൂരില്‍ പാര്‍ട്ടി വാങ്ങിയ 10 സെന്റ് സ്ഥലത്ത് വീട് നിര്‍മ്മാണത്തിന് തുടക്കം കുറിക്കും. ഈ മാസം 23ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീടിന് തറക്കല്ലിടും. രാവിലെ 11 മണിക്കാണ് ചടങ്ങ്.
ഇടുക്കി വട്ടവടയിലെ ദരിദ്ര കര്‍ഷക കുടുംബത്തിലെ അംഗമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ നിന്നുള്ള ഞെട്ടലില്‍ നിന്ന് വട്ടവട ഗ്രാമം മോചിതരായിട്ടില്ല. അഭിമന്യുവിന്റെ വേര്‍പാടില്‍ തകര്‍ന്നു പോയ കുടുംബത്തിന്റെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു. സിപിഐഎമ്മിന്റെ എറണാകുളം, ഇടുക്കി ജില്ലാ കമ്മിറ്റികള്‍ ഹുണ്ടിക പിരിവിലൂടെ സമാഹരിച്ച തുകകൊണ്ട് കൊട്ടക്കാമ്പൂരില്‍ വാങ്ങിയ സ്ഥലത്താണ് വീട് നിര്‍മാണം.
മന്ത്രി എം എം മണി, ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍, എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, എസ്എഫ്ഐ നേതാക്കളായ സച്ചിന്‍ദേവ്, വി എ ബിനീഷ്, എസ് രാജേന്ദ്രന്‍ എംഎല്‍എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
Leave a Comment