വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം പിടികൂടി; കൂടുതല്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു

കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ കലര്‍ത്തിയ 6000 കിലോ മത്സ്യം ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടി. തമിഴ്‌നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്. വാഹനം തകരാറിലായതിനെത്തുടര്‍ന്ന് വഴിയില്‍ കിടന്ന ലോറിയില്‍ നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരേക്ക് കൊണ്ടുപോയതാണ് മത്സ്യം. പഴകിയ മത്സ്യമായതുകൊണ്ട് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കുതന്നെ തിരിച്ചു കൊണ്ടുവരുന്നതിനിടയില്‍ വടകര കോട്ടക്കടവിലെ വളവില്‍ വാഹനം തകരാറിലാവുകയായിരുന്നു.

മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചതു പ്രകാരം സ്ഥലത്തെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പ്രദേശത്തെ ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് ഈ മത്സ്യം എന്നാണ് വിവരം. പഴകിയ മത്സ്യങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന സംസ്ഥാനത്തെമ്പാടും നടക്കുന്നതിനിടയിലാണ് ഇത്രയധികം പഴയ മത്സ്യം ഒന്നിച്ച് പിടിച്ചെടുത്തത്.

മൃതദേഹങ്ങള്‍ അഴുകാതെ സൂക്ഷിക്കാനാണ് ഫോര്‍മാലിന്‍ ഉപയോഗിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനുളള മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഫോര്‍മലിന്‍ ലായനിയില്‍ സൂക്ഷിക്കും. ശരീരത്തിനകത്തെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും.

ക്യാന്‍സര്‍, ശ്വാസകോശ, കരള്‍ രോഗങ്ങള്‍ വരെയുണ്ടാക്കും. കൂടാതെ തലച്ചോറിനെയും നാഡികളെയും ബാധിക്കും. കൂടിയ അളവിലെത്തിയാല്‍ അത് മരണത്തിനുപോലും കാരണമാകാം. ഇത്തരപം മാരക വിഷം ചേര്‍ത്ത മത്സ്യമാണ് വടകരയിലും പിടികൂടിയിരിക്കുന്നത്.

pathram desk 1:
Related Post
Leave a Comment