എന്തുകൊണ്ട് ‘ദുല്‍ഖര്‍ മമ്മൂട്ടി’ എന്ന് വന്നില്ല?……. ദുല്‍ഖര്‍ കാരണം തുറന്ന് പറഞ്ഞു

കൊച്ചി:ദുല്‍ഖര്‍ സല്‍മാന്‍, മലയാള സിനിമയുടെ സൂപ്പര്‍ സ്റ്റാറിന്റെ മകന്റെ പേര് ആദ്യം കേട്ടപ്പോള്‍ എല്ലാവരും ഒന്ന് പുരികം ചുളിച്ചുകാണും. ഇന്ത്യ അറിയപ്പെടുന്ന നടനായിട്ടും ഈ പേരിന്റെ സൂചന പോലുമില്ലാത്ത മകന്റെ പേര് എന്തുകൊണ്ടാണ് വന്നത്? ഇത്രയും നാള്‍ പലരും മനസില്‍ കൊണ്ടുനടന്ന ചോദ്യത്തിന് അവസാനം ഉത്തരമായിരിക്കുകയാണ്. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പേരിനൊപ്പം മമ്മൂട്ടി എന്ന് ചേര്‍ക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് ദുല്‍ഖര്‍ വ്യക്തമാക്കിയത്.

സ്‌കൂളില്‍ എന്നെ ആളുകള്‍ മമ്മൂട്ടിയുടെ മകന്‍ എന്ന നിലയില്‍ ശ്രദ്ധിക്കരുതെന്നായിരുന്നു അദ്ദേഹത്തിന്. പക്ഷേ കേരളത്തിലെ ഏതെങ്കിലും സ്‌കൂളിലായിരുന്നു പഠിച്ചിരുന്നതെങ്കില്‍ അത് ഉറപ്പായും സംഭവിക്കുമായിരുന്നു. എന്റെ പേര് വെറുതെ ആരെങ്കിലും വായിക്കുമ്പോഴോ പറയുമ്പോഴോ പോലും മമ്മൂട്ടിയുമായി ബന്ധപ്പെടുത്തുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്റെ കുടുംബത്തില്‍ ആര്‍ക്കും സല്‍മാന്‍ എന്നൊരു ലാസ്റ്റ് നെയിം അന്ന് ഇല്ല ദുല്‍ഖര്‍ പറഞ്ഞു.

തന്റെ സിനിമയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ അച്ഛന്‍ അഭിമുഖത്തിലൊന്നും സംസാരിക്കാറില്ലെന്നും ചോദിച്ചാല്‍ മറ്റ് നടന്മാരെക്കുറിച്ച് ഞാന്‍ പറയില്ല എന്നായിരിക്കും അദ്ദേഹം മറുപടി നല്‍കുകയെന്നും യുവതാരം വ്യക്തമാക്കി. തന്റെ സിനിമകളുടെ പ്രമോഷന് പോലും അച്ഛന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും ഇത് തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ വാപ്പിച്ചിയുടെ വലിയ ആരാധകനാണെന്നും തന്റെ കാഴ്ചപ്പാടില്‍ അദ്ദേഹത്തിന്റെ ഒരു കഥാപാത്രങ്ങള്‍ക്കും ഒരു കുറവുപോലും തോന്നിയിട്ടില്ലെന്നും ദുല്‍ഖര്‍ പറയുന്നു. കുടുംബത്തിലെ മറ്റുള്ളവര്‍ അച്ഛന്റെ സിനിമകളിലെ ചെറിയ തെറ്റുകളൊക്കെ കണ്ടുപിടിക്കുമ്പോള്‍ താന്‍ എപ്പോഴും അച്ഛന്റെ കൂടെയായിരിക്കും. ഇത് പറഞ്ഞ് അമ്മ തന്നെ കളിയാക്കാറുണ്ടെന്നും ദുല്‍ഖര്‍ പറഞ്ഞു. സിനിമയില്‍ വന്നപ്പോഴും അച്ഛന്‍ തന്നെയാണ് പ്രചോദനമായതെന്നും എന്നാല്‍ ഒരിക്കലും അദ്ദേഹത്തെ അനുകരിക്കാന്‍ ശ്രമിച്ചിരുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

വേറിട്ടൊരു വ്യക്തിത്വം ബിഗ് സ്‌ക്രീനില്‍ ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമായിരുന്നു. ഞാനൊരു സിനിമ തെരഞ്ഞെടുത്താല്‍ അതിനെക്കുറിച്ച് ഉപദേശിക്കാനോ അഭിപ്രായം പറയാനോ അദ്ദേഹം വരാറില്ലെന്നും അതെല്ലാം തന്റെ തീരുമാനങ്ങളായിരുന്നുവെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. ഹിന്ദിയിലെ ദുല്‍ഖറിന്റെ അരങ്ങേറ്റ ചിത്രം കാര്‍വാന്‍ റിലീസിന് ഒരുങ്ങുകയാണ്.

pathram desk 2:
Related Post
Leave a Comment