കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ലൈംഗികപീഡനം ആരോപിച്ച് പരാതി നല്‍കിയിട്ടില്ലെന്ന് സിറോ മലബാര്‍സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ലൈംഗികാരോപണത്തെക്കുറിച്ചുള്ള ഒരു പരാതിയും കന്യാസ്ത്രീ നല്‍കിയിട്ടില്ലെന്ന് പറഞ്ഞ കര്‍ദിനാള്‍ മഠത്തെക്കുറിച്ചുള്ള കാര്യങ്ങളാണ് കന്യാസ്ത്രീ സംസാരിച്ചതെന്നും പറയുന്നു.
രഹസ്യസ്വഭാവമുള്ളതിനാല്‍ പരാതി മറ്റാരോടും പറഞ്ഞില്ലെന്നും കര്‍ദിനാള്‍ പൊലീസിനോട് പറഞ്ഞു. കന്യാസ്ത്രീ മറ്റൊരു സഭാംഗമായതിനാല്‍ പരാതി അവിടെ നല്‍കാന്‍ നിര്‍ദേശിച്ചതായും കര്‍ദിനാള്‍ പറയുന്നു. രണ്ടരമണിക്കൂറാണ് പൊലീസ് കര്‍ദിനാളിന്റെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചിയിലെ സിറോ മലബാര്‍ സഭാ ആസ്ഥാനത്ത് എത്തിയായിരുന്നു പൊലീസ് മൊഴിയെടുത്തത്.
ജലന്ധറിലും കുറവിലങ്ങാട്ടെ മഠത്തിന്റെ ഗസ്റ്റ് ഹൗസിലും വച്ച് ബിഷപ്പ് തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈ എസ്പി സുഭാഷിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണത്തില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പീഡനം സംബന്ധിച്ച് സഭാ തലവനായ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയോട് നേരിട്ടും രേഖാമൂലവും പരാതി നല്‍കിയിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.
Leave a Comment