കോഴിക്കോട്: നിപ്പാ രോഗിയെ പരിചരിച്ചതിനെ തുടര്‍ന്ന് വൈറസ് ബാധയേറ്റ് മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷിന് സര്‍ക്കാര്‍ ജോലി. ആരോഗ്യ വകുപ്പില്‍ ക്ലാര്‍ക്കായിട്ടാണ് സജീഷിന് നിയമനം ലഭിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഇതിനുള്ള ഉത്തരവ് പുറത്തിറക്കി. കോഴിക്കോടാണ് നിയമനം. ഒഴിവുള്ള തസ്തിക കണ്ടെത്തിയ ശേഷം ഉടന്‍ തന്നെ നിയമന ഉത്തരവ് ഡിഎംഒ സജീഷിന് കൈമാറും.
നേരത്തെ മെയ് 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിപ്പാ വൈറസ് ബാധിച്ച് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനിച്ചത്. ലിനിയുടെ രണ്ടു മക്കള്‍ക്കും പത്തു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കോഴിക്കോട് ചെമ്പനോട സ്വദേശിനിയായിരുന്ന ലിനിക്ക്, ചങ്ങരോത്ത് സൂപ്പിക്കടയില്‍ ആദ്യം രോഗം ബാധിച്ചു മരിച്ച യുവാവിനെ ആശുപത്രിയില്‍ ശുശ്രൂഷിച്ചതിനു പിന്നാലെയാണ് പനി പിടിച്ചത്. പനി ബാധിച്ച ലിനിക്കു മെയ് 17ന് പേരാമ്പ്ര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി. 19ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജിനോടനുബന്ധിച്ച ചെസ്റ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിക്കുകയുമായിരുന്നു.
ചെസ്റ്റ് ഹോസ്പിറ്റലിലെ ഐസിയുവില്‍ ചികിത്സയിലായിരുന്ന ലിനി മെയ് 20ന് പുലര്‍ച്ചെയാണ് മരിച്ചത്. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം ബന്ധുക്കളുടെ അനുമതിയോടെ ലിനിയുടെ മൃതദേഹം വീട്ടിലേക്കു കൊണ്ടുപോവാതെ കോഴിക്കോട്ടെ വൈദ്യുതി ശ്മശാനത്തില്‍ സംസ്‌കരിക്കുകയായിരുന്നു.
Leave a Comment