‘കണ്ടില്ലേ ഇവിടിരുന്ന ആള്‍ മാപ്ലയാണ്, അഡ്മിഷന്‍ എടുക്കാന്‍ വരുന്നതും, പഠിക്കുന്നതും മുഴുവന്‍ മാപ്ലാരാണ്; നമ്മടെ കൂട്ടത്തില്‍ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്’; പ്രിന്‍സിപ്പലിന്റെ ജാതീയത തുറന്ന് കാട്ടിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

കൊച്ചി:ഇംഗ്ലീഷ് ലിറ്റെറേച്ചറില്‍ ബിരുദവും ബിരുദാനന്തര ബിരുദവും എടുത്ത ശേഷം, എം.സി.ജെ യില്‍ പി.ജി ചെയ്യുന്ന ശ്രീലക്ഷ്മിയെന്ന യുവതിയാണ് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്ന് പറഞ്ഞത്.ഏതവസ്ഥയിലാണ് ഞാനിതെഴുതുന്നതെന്ന് എങ്ങിനെ കമ്മ്യൂണിക്കേറ്റ് ചെയ്യണമെന്നറിയില്ല. നിരാശയുടേയും നിസ്സഹായതയുടേയും കൊടുമുടിയിലാണിപ്പോള്‍”- മലപ്പുറം പെരിന്തല്‍മണ്ണയിലെ എയ്ഡഡ് കോളേജില്‍ ഇംഗ്ളീഷ് ലെക്ച്ചര്‍ ഒഴിവിലേക്ക് അഭിമുഖത്തിനെത്തിയപ്പോഴുണ്ടായ ദുരനുഭവം പങ്കുവെച്ച് കൊണ്ട് പാലക്കാട് സ്വദേശിനി ശ്രീലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ച വാചകങ്ങളാണ് ഇത്.

അഭിമുഖത്തിന് പിന്നാലെ തന്നെ സെലക്ട് ചെയ്തെങ്കിലും ശമ്പളത്തിന്റെ കാര്യത്തിലുള്ള തന്റെ വിയോജിപ്പറിയിച്ചപ്പോള്‍, ഈഴവ എന്ന് സര്‍ട്ടിഫിക്കറ്റില്‍ പേര് കണ്ടത് കൊണ്ടുമാത്രമാണ് ജോലി തരുന്നതെന്നായിരുന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതെന്ന് ശ്രീലക്ഷ്മി പറയുന്നു.

സ്വന്തം സമുദായത്തിന്റെ കോളേജാണെങ്കിലും പഠിക്കുന്നതും പഠിപ്പിക്കുന്നതും മൊത്തം മാപ്പിളമാര്‍ ആണെന്നും, കൂട്ടത്തില്‍ നിന്ന് ഒരാള്‍ ഉണ്ടായിക്കോട്ടെ എന്ന് കരുതിയാണ് സെലക്ട് ചെയ്തതെന്നും അതുകൊണ്ട് ശമ്പളം മാത്രം നോക്കരുതെന്നുമായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ശ്രീലക്ഷ്മി പറയുന്നു.

സംഭവത്തെ കുറിച്ച് ശ്രീലക്ഷ്മിയുടെ വാക്കുകള്‍..

” പത്തു മണിക്കു തന്നെ അവിടെയെത്തിയെങ്കിലും പത്തു മണി മുതല്‍ പന്ത്രണ്ടു മണിവരെ വെയ്റ്റ് ചെയ്താണ് പ്രിന്‍സിപ്പാള്‍ ഇന്റര്‍വ്യൂ തുടങ്ങുന്നത്. പ്രിന്‍സിപ്പാളുമായി സംസാരിച്ച ശേഷം അഞ്ചുപേരെയും ഡെമോ ചെയ്യാന്‍ ഫൈനല്‍ ബി.എ ക്ലാസ്സില്‍ പറഞ്ഞയച്ചു.

വ്യാജ വാര്‍ത്ത; സംഘപരിവാര്‍ അനുകൂല ന്യൂസ് പോര്‍ട്ടല്‍ പോസ്റ്റ് കാര്‍ഡ് ന്യൂസിന്റെ പേജ് റിമൂവ് ചെയ്ത് ഫേസ്ബുക്ക്

എല്ലാവരുടേയും ഡെമോ ക്ലാസ് കഴിഞ്ഞ് മുക്കാല്‍ മണിക്കൂറോളം വെയ്റ്റ് ചെയ്തതിനു ശേഷം എന്നെ പ്രിന്‍സിപ്പാള്‍ വിളിപ്പിച്ച് സെലക്ഷന്‍ കിട്ടിയെന്ന് അറിയിച്ചു. കുട്ടികളുടേയും , ഡെമോ കണ്ട ടീച്ചേഴ്സിന്റെയും അഭിപ്രായത്തിനനുസരിച്ചാണ് സെലക്ഷന്‍ എന്നാദ്യം പറഞ്ഞു.

11000 രൂപയാണ് ശമ്പളം എന്ന് പറഞ്ഞു. ഞാന്‍ എം.എ ഇംഗ്ലീഷും എം.സി.ജെയും കഴിഞ്ഞ ആളാണ്. ജേണലിസവും പഠിപ്പിക്കേണ്ടി വരുമെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ 11000 വളരെ കുറവാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ ഇവിടെയുള്ള എല്ലാവര്‍ക്കും അത് തന്നെയാണ് കൊടുക്കുന്നതെന്നും കൂട്ടിത്തരാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞത്. അങ്ങനെ കുറിച്ച് ബാര്‍ഗയിനിങ് നടന്നു. ഞാന്‍ ആലോചിക്കാനൊന്നുമില്ല എന്ന് പറഞ്ഞ് ഇറങ്ങിയെങ്കിലും പുറത്തിറങ്ങി 5 മിനുട്ടിനുള്ളില്‍ എന്നെ വീണ്ടും വിളിച്ചു. 11000 ന് പറ്റില്ല എന്ന് പറഞ്ഞപ്പോള്‍ അയാളുടെ കൂടെയുള്ള പ്രായം ചെന്നയാളെ അയാള്‍ പുറത്തയച്ചു. എന്നിട്ട് എന്നോട് ശബ്ദമൊക്കെ താഴ്ത്തി പറഞ്ഞു..,

കൊമേഴ്സ്യല്‍ പര്‍പ്പസ് ആയി ഇതെടുക്കരുത് എന്ന് പറഞ്ഞാണ് അദ്ദേഹം സംസാരിച്ച് തുടങ്ങിയത്. ‘ ഈഴവ എന്ന് സെര്‍ട്ടിഫിക്കറ്റില്‍ കണ്ടതുകൊണ്ടാണ് കുട്ടിയെ സെലക്റ്റ് ചെയ്ത്. കണ്ടില്ലേ ഇവിടിരുന്ന ആള്‍ മാപ്ലയാണ്, അതാണ് അയാളെ പുറത്തു വിട്ടത്, കോളേജ് ഇതാണ് പറഞ്ഞിട്ട് കാര്യമില്ല, കണ്ടില്ലേ അഡ്മിഷന്‍ എടുക്കാന്‍ വരുന്നതും, പഠിക്കുന്നതും മുഴുവന്‍ മാപ്ലാരാണ്. അതോണ്ട് ഇതും വെറും ശമ്പളക്കാര്യമായി കരുതരുത്..ഒരാളെങ്കില്‍ നമ്മടെ കൂട്ടത്തില്‍ ഒരെണ്ണം കൂട്ടാലോ എന്ന് കരുതിയാണ്..! മനസ്സിലാവുന്നുണ്ടോ വല്ലതും..?നമ്മള്‍ക്ക് ജാതിയോടൊക്കെ കുറച്ച് ഇഷ്ടം വേണം എന്ന രീതിയിലാണ് അ്ദ്ദേഹം പറയുന്നത്.

അഞ്ഞൂറില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒരു കോളേജിലെ പ്രിന്‍സിപ്പാള്‍ പറയുന്നത് കേട്ട് സത്യത്തില്‍ ഞാന്‍ ഞെട്ടിപ്പോയി. എന്റെ വിയോജിപ്പറിയിച്ചപ്പോള്‍ തിരക്കഭിനയിച്ചും, അവിടെ കിടന്നുരുണ്ടും അയാള്‍ എന്തൊക്കയോ പറഞ്ഞൊപ്പിച്ചു. അപ്പോള്‍ തന്നെ ഞാന്‍ എന്റെ ഫയല്‍ തിരിച്ചുവാങ്ങിച്ചു.

കമ്യൂണിറ്റി ബേസ്ഡ് ആയിട്ടുള്ള ജോലിയാണെങ്കില്‍ എനിക്ക് വേണ്ട എന്ന് ഞാന്‍ പറഞ്ഞു. കമ്യൂണിറ്റിയുടെ കാര്യത്തിലുള്ള ഒരു ആനുകൂല്യവും എനിക്ക് വേണ്ട എന്ന് പറഞ്ഞു. ആനുകൂല്യത്തിന് വേണ്ടിയോ താത്പര്യമുണ്ടായിട്ടോ അല്ല. കംപല്‍സറി ആയതുകൊണ്ടാണ് ജാതിയെഴുതുന്നതെന്നും പറഞ്ഞു. അഡ്മിഷന്റെ തിരക്കായതിനാല്‍ കൂടുതല്‍ സംസാരിക്കാനായില്ല. താല്‍പര്യമുണ്ടെങ്കില്‍ 23 മുതല്‍ വന്നു തുടങ്ങൂ എന്ന് പറഞ്ഞ് എന്നെ പുറത്തു വിട്ടു.

എനിക്ക് ഇത് പുറത്തുപറയണമെങ്കില്‍ എന്റെ കയ്യില്‍ തെളിവ് വേണം .അതുകൊണ്ട് തന്നെ ഇന്‍ഫോം ചെയ്യാം എന്ന് പറഞ്ഞ് ഇറങ്ങി. അതിന് ശേഷമാണ് കോളേജിന് കുറിച്ച് വിശദമായി അന്വേഷിച്ചത്. പിന്നീട് അയാളുടെ പേഴ്സണല്‍ നമ്പര്‍ തപ്പിയെടുത്ത് ഇന്ന് അയാളെ വിളിച്ചു.

അവിടെ ജോയിന്‍ ചെയ്യാന്‍ താല്‍പര്യമില്ലെന്നും, സാലറിയും വര്‍ക്കിംഗ് കണ്ടീഷനുമൊക്കെയുപരി ഇത്രയും കുട്ടികള്‍ പഠിക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പള്‍ ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ട് ആയി സംസാരിക്കുന്നത് വളരെ ഓക്ക്വേട് ആണെന്ന് പറഞ്ഞു.

‘ പഠിപ്പിക്കാന്‍ വരുന്നില്ലേല്‍ വരണ്ട, ബാക്കി കാര്യങ്ങള്‍ അന്വേഷിക്കണ്ട. കമ്മ്യൂണിറ്റി ബേസില്‍ തന്നെയാണ് എല്ലാം ചെയ്യുന്നത്, ഇനിയും ചെയ്യും, നീ എന്തീയും ?? എല്ലാ മാനേജ്മെന്റുകളും ഇങ്ങിനെ തന്നെയാണ്.., പറ്റുന്നത് ചെയ്തോ..( ഇത്രയും പറയുന്ന വോയ്സ് റെക്കോര്‍ഡ് എന്റെ കൈവശമുണ്ട്)

പിന്നെ എന്തുകൊണ്ടാണ് അവിടെ പഠിപ്പിക്കുന്ന മറ്റ് അധ്യാപകര്‍ ആരും പ്രതികരിക്കാത്തത് എന്താണെന്ന് അറിയില്ല.

നിലപാടും നിലവാരവുമള്ള ഒരു മനുഷ്യന്‍ എന്ന നിലക്ക്..,ഇതെല്ലാം അയാളുടെയും കോളേജിന്റെയും, പേരും ഡീറ്റേല്‍സും, കൃത്യമായ പ്രൂഫ് സഹിതം ഉച്ചത്തില്‍ അലറി പറയണമെന്നുണ്ട്…എന്തൊക്കെ പറ്റുമെന്ന് കാണിച്ചു കൊടുക്കണമെന്നുണ്ട്. പക്ഷേ കഴിയുന്നില്ല.
നിസ്സഹായതയാണ്. ഒരു സാധാരണക്കാരന്റെ, ഒരു സര്‍വൈവറുടെ നിസ്സഹായത.

എല്ലാ കോളേജുകളും അത്രയ്ക്ക് കണക്ടട് ആണ്. അയാളുടെ ആറ്റിറ്റിയൂഡിനെതിരെ എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷ കഴിയുന്നില്ല. യഥാര്‍ഥത്തില്‍ ഭയങ്കര വിഷമത്തിലാണ്.

ഇത് ഈഴവ കോളേജ് ആണെന്നേ വ്യത്യാസമുള്ളു. നാളെ ഞാനൊരു മുസ്ലീം കോളേജില്‍ പോയാല്‍ ഇസ്ലാമാവും. എന്‍.എസ്.എസിന്റെ കോളേജില്‍ പോയാല്‍ നായരാവും. അത്രയേ മാനേജ്മെന്റുകള്‍ തമ്മിലുള്ള വ്യത്യാസമുള്ളൂ. പ്രതികരിക്കുന്ന ആളാണെങ്കില്‍ നമ്മളെ എടുക്കാന്‍ തന്നെ അവര്‍ക്ക് ഭയങ്കര മടിയാവും. പ്രതികരിക്കുന്ന ആളുകളെ അംഗീകരിക്കാന്‍ 10 ശതമാനം പോലും തയ്യാറാവില്ല.

ഞാന്‍ വിരല്‍ ചൂണ്ടുന്നത് ഒരു മാനേജ്മെന്റിനോ, ഒരു പ്രിന്‍സിപ്പാളിനോ നേരെയാവില്ല..ഹീ ഈസ് റെപ്രസെന്റിങ്ങ് എ ലാര്‍ജ് മെജോരിറ്റി..
എന്‍ അതോറിറ്റേറ്റീവ് മെജോരിറ്റി.ഇതു പുറത്തു വിട്ടാലുള്ള എന്റെ ഭാവിയെകുറിച്ച്…സര്‍വൈവലിനെ കുറിച്ച്..സാധ്യതകളെ കുറിച്ച്..എക്സിസ്റ്റന്‍സ്സിനെ കുറിച്ച്..,

എല്ലാമെനിക്ക് ഭയമുണ്ട്.നിലപാടിലുറച്ച് നിലവാരമുള്ള ഒരു മനുഷ്യനായി ജീവിക്കണമെന്നു കരുതുന്ന..,എനിക്ക് ഇതു തരുന്ന ഐഡന്റിറ്റി ക്രൈസിസ് ചെറുതല്ല..! നീ എന്തീയും ‘ എന്ന അയാളുടെ ചോദ്യം മനസ്സില്‍ കിടന്ന് ആഞ്ഞടിക്കുകയാണ്..പണത്തിന്റെയും അധികാരബലത്തിന്റയും പ്രിവിലേജിലിരുന്ന് അയാളിത് ചോദിക്കുന്നത് എന്നോടല്ല..
ഈ ദുഷിച്ച വ്യവസ്ഥിതിയില്‍പ്പെട്ട് എക്സിസ്റ്റന്‍സ്സിനു വേണ്ടി പോരുതുന്ന ഓരോ സാധാരണക്കാരനോടാണ് അണ്ടര്‍ പ്രിവിലേജിനോടാണ്’- ശ്രീലക്ഷ്മി പറയുന്നു.

ഈ കോളേജില്‍ വലിയ രീതിയിലുള്ള ജാതീയ അധിക്ഷേപം ചിലര്‍ നടത്തുന്നുണ്ടെന്നും ശ്രീലക്ഷ്മി ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു. ”എസ്.സി.എസ്.ടി കുട്ടികള്‍ വന്നാല്‍ അവരെ മറ്റുള്ളവരുടെ മുന്നില്‍വെച്ച് കളിയാക്കുകയും മറ്റും ചെയ്യാറുണ്ട് എന്നാണ് ഞാന്‍ അറിഞ്ഞത്. മാത്രമല്ല മിക്ക ക്ലാസ്റൂമിലും വരാന്തയിലുമൊക്കെ സി.സി ടിവി വെച്ചിട്ടുണ്ട്. എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കും.

അഞ്ച് മിനുട്ടിനുള്ളില്‍ അധ്യാപകര്‍ ക്ലാസിലെത്തണം. കുട്ടികളുമായി മറ്റ് സംസാരങ്ങളൊന്നും പാടില്ല. ക്ലാസ് വിട്ട് പുറത്തിറങ്ങാന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ ഭയങ്കര ഫയറിങ് ആണ്. ഓഫീസ് സ്റ്റാഫ് രണ്ട് പേരോ മറ്റോ ഉള്ളൂ. ഇംഗ്ലീഷ് അധ്യാപകരെ കൊണ്ടാണ് ഓഫീസ് വര്‍ക്കും കൂടി ചെയ്യിപ്പിക്കുന്നത്.

എട്ട് അധ്യാപകര്‍ വേണ്ടിടത്ത് അഞ്ച് പേര്‍മാത്രമാണ് ഉള്ളത്. മിനിമം ഒരു അധ്യാപിക നാല് അവര്‍ ക്ലാസെടുക്കണം. മാത്രമല്ല ക്ലാസില്‍ ഇരിക്കാന്‍ പാടില്ല. ഒരു ക്ലാസിലും കസേര ഇല്ല. ഇനിയിപ്പോള്‍ ഒരു ടീച്ചറോ മറ്റോ ലീവാണെങ്കില്‍ ഇവര്‍ അഞ്ച് അവര്‍ ക്ലാസെടുക്കേണ്ടി വരും. രാവിലെ മുതല്‍ വൈകുന്നേരം വരെ നിന്ന് ക്ലാസെടുക്കണം. എക്സ്ട്രാഡ്യൂട്ടിക്ക് പേയ്മെന്റ് ഒന്നും ഇല്ല. വെക്കേഷന്‍ സാലറിയും ഇല്ല”-

pathram desk 2:
Related Post
Leave a Comment