എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകള്‍, സര്‍വകലാശാല പരീക്ഷകള്‍ മുതലായവ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. തിരുവനന്തപുരം ജില്ലയില്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല. കൊല്ലത്ത് സര്‍വകലാശാല പരീക്ഷകള്‍ക്കു അവധി ബാധകമല്ല. 21ന് പ്രവൃത്തിദിനമായിരിക്കും.

ആലപ്പുഴയില്‍ അങ്കണവാടികള്‍ക്ക് അവധിയാണ്. മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും മാറ്റമില്ല. കഴിഞ്ഞ 11ന് അവധി നല്‍കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് 21ന് പ്രവൃത്തിദിനമായി പ്രഖ്യാപിച്ചതു പിന്‍വലിച്ചു. ഇതിനു പകരം ഈ മാസം 28നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും ക്ലാസുകള്‍ ഉണ്ടായിരിക്കും. അങ്കണവാടികളില്‍ കുട്ടികള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ജീവനക്കാര്‍ ജോലിക്കെത്തണം.

കനത്ത മഴയില്‍ വ്യാപക നാശ നഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. പേരാവൂര്‍ കോളയാട് ആര്യപ്പറമ്പിലെ കാഞ്ഞിരക്കാട്ട് സിറിയക്കിന്റെയും സെലിയുടെയും മകള്‍ സിത്താര സിറിയക്കാണ് (20) ദാരുണമായി മരിച്ചത്.

പരിക്കേറ്റ ഓട്ടോ ്രൈഡവര്‍ ആര്യപ്പറമ്പ് എടക്കോട്ടയിലെ വിനോദ് (42), സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന്‍ (48) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പേരാവൂര്‍ ഇരിട്ടി റോഡില്‍ കല്ലേരിമല ഇറക്കത്തില്‍ ഞായറാഴ്ച മൂന്ന് മണിയോടെയാണ് അപകടം. കനത്ത കാറ്റില്‍ റോഡരികിലെ കൂറ്റന്‍ മരം ഓട്ടോക്ക് മുകളില്‍ വീഴുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എം.എല്‍.എയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.

സിത്താരയുടെ ഏക സഹോദരന്‍ സിജൊ സിറിയക്ക് മാസങ്ങള്‍ക്ക് മുന്‍പ് ബെംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു.

pathram:
Related Post
Leave a Comment