വന്യമൃങ്ങളെ വനംവകുപ്പ് അധികതൃതര്‍തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്ന് പി.സി. ജോര്‍ജ്; വിദേശത്ത് പോയി പഠിക്കാനും ഉപദേശം

പാലക്കാട്: വന്യമൃഗങ്ങളെ വനംവകുപ്പു തന്നെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്നു പി.സി. ജോര്‍ജ് എംഎല്‍എ. വന്യമൃഗങ്ങളുടെ എണ്ണവും ശല്യവും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കാട്ടുപോത്ത്, പന്നി, മ്ലാവ് തുടങ്ങിയവയെ കൊന്ന് ഇറച്ചിയാക്കി വില്‍ക്കണമെന്നാണ് ജോര്‍ജിന്റെ അഭിപ്രായം. കേരള ജനപക്ഷം ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരത്തില്‍ നടപടി സ്വീകരിച്ചാല്‍ വനംവകുപ്പിനു ലാഭവും കര്‍ഷകര്‍ക്കു രക്ഷയും ലഭിക്കും. ഓസ്‌ട്രേലിയയില്‍ ദേശീയ മൃഗമായ കംഗാരുവിന്റെ ഇറച്ചി വരെ വിലയ്ക്കു വാങ്ങാന്‍ കിട്ടും. വര്‍ധിച്ചുവരുന്ന വന്യമൃഗശല്യം എങ്ങനെ നിയന്ത്രിക്കാമെന്ന് വനംവകുപ്പ് വിദേശത്തു പോയി പഠിക്കണമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

കേരളത്തില്‍ നിയമവ്യവസ്ഥ പാലിക്കുന്നതിനാലാണ് മനുഷ്യര്‍ വന്യമൃഗങ്ങളുടെ ക്രൂരതയ്ക്ക് ഇരയാകുന്നത്. കാട്ടാനയെ വെടിവച്ചു കൊല്ലണമെന്നു പറയുന്നില്ല. വന്യമൃഗശല്യം നിയന്ത്രിക്കാന്‍ അടിയന്തിര നടപടി സ്വീകരിച്ചില്ലെങ്കില്‍ കര്‍ഷകരെ അണിനിരത്തി സര്‍ക്കാരിനെക്കൊണ്ടു നടപടി സ്വീകരിപ്പിക്കും. പിണറായി സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്ത് ഒരു മാറ്റം കാണുന്നുണ്ട്. ഇതേ രീതിയില്‍ ഭരണം മുന്നോട്ടുകൊണ്ടുപോകണം. ആരു ഭരിച്ചാലും മലബാര്‍ മേഖലയെ അവഗണിക്കുന്നതാണു പതിവ്. ഈ കുറവ് പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

pathram:
Related Post
Leave a Comment