ജിഎന്‍പിസി അഡ്മിന്‍ വിദേശത്തേക്ക് കടന്നതായി സൂചന, എമിഗ്രേഷന്‍ വിവരങ്ങള്‍ ശേഖരിച്ച് പൊലീസും എക്സൈസും

തിരുവനന്തപുരം: ജിഎന്‍പിസി ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍ അജിത് കുമാര്‍ വിദേശത്തേക്ക് കടന്നതായി സൂചന. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസും എക്സൈസും എമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അജിത്തും ഭാര്യയും ഒളിവിലാണ്.ഫെയ്സ്ബുക് ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങളുടെ പേരില്‍ നേമം പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍, ഗ്രൂപ്പ് അഡ്മിന്‍ അജിത്കുമാറിന്റെ ഭാര്യ വിനീത ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കിയിരിന്നു

ജിഎന്‍പിസിയെ അനുകരിച്ചു സമാന പേരില്‍ മറ്റൊരു ഓപ്പണ്‍ ഗ്രൂപ്പ് വന്നിട്ടുണ്ടെന്നും വിവിധ ബ്രാന്‍ഡ് മദ്യങ്ങളുടെ പടങ്ങളും വിഡിയോകളും ഇടുന്ന ആ ഗ്രൂപ്പുമായി തനിക്കോ ഭര്‍ത്താവിനോ ബന്ധമില്ലെന്നും കാണിച്ചാണു ഹര്‍ജി നല്‍കിയത്. താന്‍ ജിഎന്‍പിസിയുടെ അഡ്മിന്‍ അല്ലെന്നും അറസ്റ്റിനായി പൊലീസും എക്സൈസും വീട്ടില്‍ കയറിയിറങ്ങുകയാണെന്നും ഹര്‍ജിക്കാരി വ്യക്തമാക്കി.

ജിഎന്‍പിസി ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ അഡ്മിന്‍മാര്‍ക്ക് മദ്യക്കമ്പനികളുമായി ബന്ധമുള്ളതായി പൊലീസിന് വിവരങ്ങള്‍ ലഭിച്ചിരുന്നു. അഡ്മിന്‍മാരുടെ വീട്ടിലും ചില ബാറുകളിലും നടത്തിയ റെയ്ഡില്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എക്സൈസ് അധികൃതര്‍ക്ക് ലഭിച്ചു. ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ ഗ്രൂപ്പിലൂടെ ശ്രമം നടന്നത് ഇതിന്റെ ഭാഗമാണെന്ന് വിവരം.

ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയുമെന്ന ഫെയ്സ് ബുക്ക് കൂട്ടായ്മയിലൂടെ ചില കമ്പനികളുടെ മദ്യം പ്രോത്സാഹിപ്പിക്കാന്‍ അഡ്മിന്‍ വിഭാഗം ശ്രമം നടത്തിയെന്നാണ് പൊലീസും എക്സൈസ് വകുപ്പും സംശയിക്കുന്നത്. ഇതിനായി മദ്യക്കമ്പനികളില്‍ നിന്ന് ഇവര്‍ക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നറിയാന്‍ അഡ്മിന്‍മാരുടെ ബാങ്ക് അക്കൗണ്ട് അന്വേഷണസംഘം പരിശോധിക്കും. മതസ്പര്‍ധയുണ്ടാക്കുന്നതും കുട്ടികളെ അവഹേളിക്കുന്നതുമായ പോസ്റ്റിട്ടവരുടെ യുആര്‍എല്‍ വിലാസം ലഭിക്കുന്നതിന് പൊലീസ് ഫെയ്സ്ബുക് അധികൃതര്‍ക്ക് കത്തയച്ചുവെങ്കിലും ഇതിന് സാങ്കേതിക തടസങ്ങള്‍ നിരവിധിയുണ്ട്.

pathram desk 2:
Related Post
Leave a Comment