ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ പങ്കുണ്ടെന്ന് പറഞ്ഞത് പൊലീസാണ്, അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയെന്ന് സിദ്ദിഖ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നും അതിനു മുന്‍പുളള വിചാരണകള്‍ ഒഴിവാക്കണമെന്നും സിദ്ദിഖ്. മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ നടന്ന ചര്‍ച്ചയിലായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. കേസില്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു പറഞ്ഞതും ഗൂഢാലോചന നടത്തിയെന്നു പറഞ്ഞതും പള്‍സര്‍ സുനിയാണ്. അതിനുശേഷം ഗൂഢാലോചനയില്‍ സഹപ്രവര്‍ത്തകന് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാലിതില്‍ തീരുമാനം പറയേണ്ടത് കോടതിയാണെന്നും സിദ്ദിഖ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങളാണു പൗരനെന്ന പേരില്‍ തന്റെ സ്വാതന്ത്ര്യം ഹനിച്ചത്. ഉത്തരം പറയാന്‍ പോലും തന്നെ സമ്മതിക്കാതെ സ്വാതന്ത്ര്യം നിഷേധിക്കുന്നതു മാധ്യമങ്ങളാണെന്നും ‘പൊലീസുകാര്‍ക്കോ സാധാരണക്കാര്‍ക്കോ? ആര്‍ക്കാണു സ്വാതന്ത്ര്യം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സിദ്ദിഖ് അഭിപ്രായപ്പെട്ടു.

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് ജയിലില്‍ ആയപ്പോള്‍ ശക്തമായ പിന്തുണയുമായി ദിലീപിന് ഒപ്പം നിന്ന വ്യക്തിയാണ് സിദ്ദിഖ്. ദിലീപിനെ ആലുവ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്ത സമയത്ത് സിദ്ദിഖ് അവിടെ എത്തിയിരുന്നു. ജയിലിലും ദിലീപിനെ കാണാന്‍ സിദ്ദിഖ് എത്തിയിരുന്നു. ജാമ്യം ലഭിച്ച് ദിലീപ് ജയിലില്‍നിന്നും പുറത്തെത്തിയപ്പോഴും സന്തോഷത്തില്‍ പങ്കുചേരാന്‍ സിദ്ദിഖ് മുന്നിലുണ്ടായിരുന്നു.

pathram desk 2:
Leave a Comment