ഇസ്ലാമാബാദ്: പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും ലാഹോര്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അഴിമതിക്കേസില്‍ ഇരുവര്‍ക്കും പാകിസ്താന്‍ കോടതി കഴിഞ്ഞയാഴ്ച തടവുശിക്ഷ വിധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ലണ്ടനില്‍നിന്ന് വെള്ളിയാഴ്ച വൈകുന്നേരം തിരികെയെത്തുന്ന ഇരുവരെയും അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
വെള്ളിയാഴ്ച വൈകുന്നേരം 6.16 ഓടെയാണ് ഇരുവരും ലാഹോര്‍ വിമാനത്താവളത്തിലെത്തുക. അറുപത്തെട്ടുകാരനായ ഷെരീഫിന് പത്തുവര്‍ഷവും നാല്‍പ്പത്തിനാലുകാരിയായ മകള്‍ മറിയത്തിന് എട്ടുവര്‍ഷം തടവുമാണ് വിധിച്ചിട്ടുള്ളത്. ലണ്ടനില്‍ ഷെരീഫ് കുടുംബം നാലു ഫഌറ്റുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് കോടതി കണ്ടെത്തിയത്. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് രണ്ടു കേസുകള്‍ കൂടി ഷെരീഫിന്റെ പേരിലുണ്ട്.
ലണ്ടനില്‍ കാന്‍സര്‍ രോഗത്തിന് ചികിത്സയിലുള്ള ഭാര്യയുടെ അടുത്തുനിന്നാണ് ഷെരീഫും മറിയവും പാകിസ്താനിലേക്ക് മടങ്ങിവരുന്നത്. ലാഹോര്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ തന്നെ ഷെരീഫിനെയും മകളെയും അറസ്റ്റ് ചെയ്യാനാണ് നീക്കം. ശേഷം ഹെലികോപ്ടര്‍ മാര്‍ഗം ഇരുവരെയും ഇസ്ലാമാബാദില്‍ എത്തിക്കും. തുടര്‍ന്ന് റാവല്‍പിണ്ടി സെന്‍ട്രല്‍ ജയിലിലാക്കുമെന്ന് പാകിസ്താന്‍ പത്രമായ ദി ഡോണിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.
ആയിരക്കണക്കിന് പോലീസുകാരെയാണ് ലാഹോറില്‍ വിന്യസിച്ചിട്ടുള്ളത്. ഉച്ചയ്ക്ക് മൂന്നുമണിക്കു ശേഷം രാത്രി 11 മണിവരെ മൊബൈല്‍ ഫോണ്‍ സേവനം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ഷെരീഫിന്റെ അനുയായികള്‍ വിമാനത്താവളത്തിനു പരിസരത്ത് പിന്തുണയുമായി എത്തിയേക്കുമെന്നാണ് സൂചന.
Leave a Comment