മൈ സ്‌റ്റോറിയുടെ പരാജയം പാര്‍വ്വതിയുടെ മേല്‍ കെട്ടിവെക്കുന്നു; ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വ്വതി കാരണമെന്ന് മാലാ പാര്‍വ്വതി

മൈ സ്റ്റോറിയുടെ പരാജയം സംവിധായിക റോഷ്നി പാര്‍വതിയുടെ മേല്‍ കെട്ടിവയ്ക്കുകയാണെന്ന് മാലാ പാര്‍വതി. സിനിമയ്ക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണം നടക്കുന്നത് പൃഥ്വിയോടും പാര്‍വതിയോടുമുള്ള വൈരാക്യത്തിന്റെ പുറത്തുള്ളതാണെന്നും ഇവര്‍ മൗനം പാലിക്കുകയാണെന്നും റോഷ്നി ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് മാലാ പാര്‍വതി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്ന കഥാപാത്രത്തിന്റെ അമ്മ വേഷത്തില്‍ എത്തുന്നത് മാലാ പാര്‍വതിയാണ്.

മാലാ പാര്‍വതിയുടെ വാക്കുകള്‍:

”കൂടെ എന്ന ചിത്രം അഞ്ജലി മേനോന്റെ ആണ്. അവരുടെ സിനിമ വിജയിക്കാന്‍ എന്റെ സഹായം ആവശ്യമില്ല. മൈ സ്റ്റോറിയുടെ സംവിധായിക ആ ചിത്രത്തിന്റെ പരാജയം പാര്‍വ്വതിയുടെ തലയില്‍ വെച്ച് കെട്ടുന്നു. അവര്‍ക്കെതിരെ നടക്കുന്ന ഹേറ്റ് ക്യാമ്പയിന്‍ കാരണമായി ചൂണ്ടി കാട്ടുന്നു. അതിന്റെ തുടര്‍ച്ച പോലെ ഇത് വരുന്നത് ആ വാദത്തിന്റെ ശക്തി കൂട്ടും. ആ സിനിമ ഇത്രയെങ്കിലും ഓടിയത് പാര്‍വതി കാരണമാണ്. അമ്മ എന്ന സംഘടന ഈ വിഷയം ചര്‍ച്ച ചെയ്തില്ല. ചെയ്ത വിഷയത്തിലെ അഭിപ്രായം ഞാന്‍ ഇന്നലെയും കൂടി റിപ്പോര്‍ട്ടറില്‍ പറത്തു. പുച്ഛത്തിന് നന്ദി. അത് കൊണ്ടാണ് ഇത്രയും എഴുതാന്‍ പറ്റിയത്.”

പാര്‍വതിക്കെതിരേ ഡിസ് ലൈക്ക് ക്യാമ്പയിന്‍ നടത്താന്‍ ആഹ്വാനം ചെയ്യുന്ന മമ്മൂക്ക മൂവി പ്രമോഷന്‍ 2 എന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ ഷോട്ട് മാലാ പാര്‍വതി നേരത്തേ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. മമ്മൂട്ടി വിഷയത്തില്‍ ഇടപെടുമെന്ന് കരുതിയാണ് താന്‍ പോസ്റ്റ് ചെയ്തതെന്നും പാര്‍വതി കുറിച്ചു. മമ്മൂട്ടിയുടെ ആരാധകര്‍ സ്‌ക്രീന്‍ ഷോട്ട് വ്യാജമാണെന്ന് അറിയിച്ചതിനാല്‍ താന്‍ അത് പിന്‍വലിക്കുന്നുവെന്നും മാലാ പാര്‍വതി കുറിച്ചു.

മമ്മൂട്ടി ചിത്രം കസബയെ വിമര്‍ശിച്ചതിന് ശേഷമാണ് പാര്‍വതിക്കെതിരെയുള്ള സൈബര്‍ ആക്രണം തുടങ്ങുന്നത്. ചിത്രത്തിലെ സ്ത്രീവിരുദ്ധതയെ കുറിച്ച് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ പാര്‍വതി സംസാരിച്ചിരുന്നു. തുടര്‍ന്ന് പാര്‍വതിക്ക് നേരെ സൈബര്‍ ലോകത്ത് അസഭ്യവര്‍ഷമായിരുന്നു. പാര്‍വതി നായികയായെത്തുന്ന ചിത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ആക്രമണത്തിന്റെ അടുത്ത ഘട്ടം. റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത മൈ സ്റ്റോറി എന്ന സിനിമയുടെ പാട്ടുകള്‍ക്കും ട്രെയ്ലറുകള്‍ക്കുമെതിരേ ഡിസ്ലൈക്ക് കാമ്പയിന്‍ നടത്തിയായിരുന്നു പാര്‍വതിയോട് പക തീര്‍ത്തത്. പൃഥ്വിരാജിനോടും പാര്‍വതിയോടുമുള്ള വിരോധം തീര്‍ക്കാന്‍ സൈബര്‍ലോകത്ത് മൈസ്റ്റോറിക്കെതിരേ കുപ്രചാരണം നടക്കുന്നുവെന്ന് റോഷ്നി ആരോപിച്ചിരുന്നു.

അതേസമയം ഡബ്ല്യൂസിസിയ്ക്കെതിരെ മൈ സ്റ്റോറി സംവിധായിക റോഷ്നി ദിനകര്‍ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിച്ച് സജിത മഠത്തില്‍. പ്രൊഡക്ഷനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഡബ്ല്യൂസിസിക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്നും അത് ഡബ്ല്യൂസിസിയുടെ പരിധിയില്‍ വരുന്നില്ലെന്നുമാണ് സംവിധായികയോട് പറഞ്ഞതെന്നും സജിത മഠത്തില്‍ വ്യക്തമാക്കി.

‘മൈ സ്റ്റോറി വിജയിച്ചു കാണാന്‍ ഏറ്റവും അധികം ആഗ്രഹിച്ച വ്യക്തിയാണ് ഞാന്‍. എന്റെ ഫെയ്സ്ബുക്ക് പേജില്‍ ചിത്രത്തെ പ്രമോട്ട് ചെയ്യാനുള്ള എല്ലാ കാര്യങ്ങളും ചെയ്തിരുന്നു. വ്യക്തിപരമായി ഒരു സ്ത്രീ സംവിധാനം ചെയ്യണമെന്നും ആ സിനിമ വിജയിച്ചു കാണണമെന്നും ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.’ സജിത മഠത്തില്‍ പറഞ്ഞു.

pathram desk 1:
Related Post
Leave a Comment