അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ല, കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി : കലാലയ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്. അതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളുടെ അവകാശം നിഷേധിക്കാനാവില്ലന്നും സര്‍ക്കാര്‍ അറിയിച്ചു. അഭിമന്യുവിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വിദ്യാര്‍ത്ഥികള്‍ക്ക് രാഷ്ടീയ സ്വാതന്ത്ര്യമുണ്ടെന്നും, ഭരണഘടനാപരമായ അവകാശമാണന്നും വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു. ന്യായമായ നിയന്ത്രണം ഏര്‍പ്പെടുത്താനേ കഴിയു എന്നും കോടതി വ്യക്തമാക്കി. കൊലപാതകങ്ങള്‍ നടക്കുന്നുണ്ടെന്നും ക്യാമ്പസിനകത്തായാലും പുറത്തായാലും അത് കൊലപാതകം തന്നെയാണന്നും കോടതി ചൂണ്ടിക്കാട്ടി. മഹാരാജസ് കോളജിലെ വിദ്യാര്‍ത്ഥി അഭിമന്യു കൊല്ലപ്പെട്ടത് ആശങ്കാജനകമാണന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

ചെങ്ങന്നൂര്‍ സ്വദേശി അജോയ് ആണ് ഹര്‍ജി നല്‍കിയത്. കലാലയ രാഷ്ട്രീയത്തിനു നിയന്ത്രണം ഏര്‍പ്പെടിത്തുന്നത് സംബന്ധിച്ച് മാര്‍ഗ നിര്‍ദേശം പുറപ്പെടുവിക്കണം എന്ന് 2004 ല്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഇത് പാലിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്ചപറ്റി. അതിനാല്‍ മഹാരാജാസ് സംഭവത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും ഹര്‍ജിക്കാരന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജിയില്‍ പിന്നീട് വിശദമായ വാദം കേള്‍ക്കും.

pathram desk 2:
Related Post
Leave a Comment