തായ്ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. പ്രാദേശിക സമയം 11 മണിയോടെ രക്ഷാ ദൗത്യം പുനരാരംഭിച്ചുവെങ്കിലും കനത്ത മഴ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചതോടെ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം അഞ്ചായി. ഇനി എട്ടുപേരാണ് ഗുഹയ്ക്കുള്ളിലുള്ളത്.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് നാല് കുട്ടികളെ പുറത്തെത്തിച്ചത്. ആരോഗ്യനില മോശമായ കുട്ടികളെയാണ് ആദ്യം പുറത്തെത്തിച്ചത്. കഴിഞ്ഞ ദിവസം പ്രതീക്ഷിച്ചതിലും രണ്ടുമണിക്കൂര്‍ നേരത്തെ കുട്ടികളെ പുറത്തെത്തിക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ മഴ തടസ്സമായി.
നീന്തല്‍ വസ്ത്രങ്ങളും ഓക്സിജന്‍ മാസ്‌കും ധരിപ്പിച്ച് ഗുഹയില്‍ നിറഞ്ഞിരിക്കുന്ന വെള്ളത്തിനടിയില്‍കൂടി കുട്ടികളെ പുറത്തെത്തിക്കുകാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്.
ഞായറാഴ്ച പ്രാദേശിക സമയം രാവിലെ പത്തുമണിയോടെയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അമേരിക്ക അടക്കമുള്ള വിദേശരാജ്യങ്ങളില്‍നിന്നുള്ള 13 മുങ്ങല്‍വിദഗ്ധരും തായ്ലാന്‍ഡ് നേവിയിലെ അഞ്ച് മുങ്ങല്‍വിദഗ്ധരുമടക്കം 18 പേരാണ് രക്ഷാസംഘത്തിലുള്ളത്. നാല് സംഘങ്ങളായി തിരിച്ചാണ് കുട്ടികളെ പുറത്തുകൊണ്ടുവരുന്നത്. ആദ്യത്തെ സംഘത്തില്‍ നാല് കുട്ടികളും മറ്റു സംഘത്തില്‍ മൂന്നുവീധം കുട്ടികളുമാണ് ഉണ്ടാകുക. കോച്ച് അവസാന സംഘത്തിലാണ് ഉണ്ടാകുക.
കുട്ടികളുള്ള സ്ഥലം മുതല്‍ ഗുഹാമുഖം വരെ ഒരു കയര്‍ വെള്ളത്തിനടിയിലൂടെ ഇടും. നീന്തല്‍ വസ്ത്രങ്ങളും മാസ്‌കും ധരിച്ച കുട്ടികളെ വെള്ളത്തിനടിയിലൂടെ ഈ കയറിന്റ പുറത്തേക്ക് നയിക്കുന്ന രക്ഷാപ്രവര്‍ത്തനമാണ് തുടരുന്നത്. നീന്തലറി.യാത്ത കുട്ടികള്‍ക്ക് ഈ കയറില്‍ പിടിച്ച് വെള്ളത്തിലൂടെ നടക്കാന്‍ സാധിക്കും. ഒരുകുട്ടിയെ പുറത്തെത്തിക്കാന്‍ രണ്ട് മുങ്ങല്‍ വിദഗ്ധരാണ് സഹായിക്കുന്നത്.
ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ജൂണ്‍ 23നാണ് അണ്ടര്‍ പതിനാറ് ഫുട്ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും പരിശീലകനും ഗുഹയില്‍ കുടുങ്ങിയത്. ഫുട്ബോള്‍ പരിശീലനം കഴിഞ്ഞ് കുട്ടികളെയും കൊണ്ട് ട്രെക്കങിനായാണ് കോച്ച് ഗുഹാമുഖത്തെത്തിയത്. ഗുഹയില്‍ കയറിയതിന് പിന്നാലെ തുടങ്ങിയ ശക്തമായ മഴയില്‍ ഇവര്‍ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിപ്പോകുകയായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷ് ദൗത്യസംഘമാണ് ഇവരെ കണ്ടെത്തിയത്. പിന്നീട് നടന്ന തെരച്ചിലില്‍ പങ്കെടുത്ത തായ്ലാന്‍ഡ് രക്ഷാ പ്രവര്‍ത്തകന്‍ മരണപ്പെട്ടിരുന്നു.
Leave a Comment