പന്ന്യന്റെ മുടിമുറിച്ച് തന്റെ ശപഥം നിറവേറ്റുമെന്ന് എ.കെ ആന്റണി; അതിമോഹമാണെന്ന് പന്ന്യന്‍ രവീന്ദ്രന്‍

തിരുവനന്തപുരം: സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്റെ മുടി മുറിക്കുമെന്ന തന്റെ ശപഥം നിറവേറ്റുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. അതേസമയം താന്‍ മുടിവളര്‍ത്തുന്ന കാര്യം മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പോലും അംഗീകരിച്ചതാണ്. അതു കൊണ്ട് ആന്റണി നടത്തിയ ശപഥം നിറവേറ്റാന്‍ സാധിക്കുകയില്ലെന്നും പന്ന്യന്‍ തിരിച്ചടിച്ചു. തിരുവനന്തപുരം മ്യൂസിയം ജംഗ്ഷനില്‍ സി കേശവന്‍ ചരമവാര്‍ഷിക ചടങ്ങില്‍ പങ്കെടുക്കാന്‍ വന്നതായിരുന്നു ഇരുവരും.

ഇരുനേതാക്കളുടെയും നര്‍മ്മസംഭാഷണത്തിന് തുടക്കമിട്ടത് എ കെ ആന്റണിയായിരുന്നു. പണ്ട് തിരുവനന്തപുരം എം പിയായിരുന്ന വേളയില്‍ പന്ന്യന്‍ സോണിയ ഗാന്ധി പങ്കെടുത്ത പൊതുപരിപാടിയില്‍ സംബന്ധിച്ചിരുന്നു. ഈ ചടങ്ങില്‍ ആന്റണിയും ഒപ്പമുണ്ടായിരുന്നു. അന്ന് പ്രസംഗം കഴിഞ്ഞ് മടങ്ങുന്ന പന്ന്യനെ ചൂണ്ടികാട്ടി ഇയാളുടെ മുടി താന്‍ എന്നെങ്കിലും മുറിക്കുമെന്ന് ആന്റണി ഹാസ്യരൂപേണ പറഞ്ഞു. ഞങ്ങള്‍ ഒരുമിച്ച് ഉറങ്ങുകയാണെങ്കില്‍ അത് ഉറപ്പായിട്ടും ചെയുമെന്നും ആന്റണി പറഞ്ഞതോടെ സോണിയ പന്ന്യന്റെ പക്ഷം ചേര്‍ന്നു.

ആന്റണി ഇതു പോലെ മാത്രമേ സംസാരിക്കൂ. പക്ഷേ ഇതു ചെയ്യില്ലെന്നുമാണ് സോണിയ പറഞ്ഞത്. പന്ന്യന്റെ മുടി മുറിക്കേണ്ട കാര്യമൊന്നുമില്ലെന്നും സോണിയ വ്യക്തമാക്കിയതായി ഇരുനേതാക്കളും ഓര്‍ക്കുന്നുണ്ട്.

പക്ഷേ താന്‍ മുടി വളര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന കാര്യം സോണിയക്ക് അറിയില്ലെന്ന് പന്ന്യന്‍ പിന്നീട് പറഞ്ഞു. അടിയന്തരാവസ്ഥകാലത്ത് മുടി വളര്‍ത്തിയ ചെറുപ്പക്കാരെ പൊലീസ് നിര്‍ബന്ധപൂര്‍വം പിടിച്ചുകൊണ്ടു പോയി മുടി മുറിപ്പിക്കുന്നത് വ്യാപകമായിരുന്നു. തന്റെ നാട്ടിലും ഇത്തരം സംഭവമുണ്ടായതിന്റെ പ്രതിഷേധത്തിലാണ് താന്‍ മുടി വളര്‍ത്തി തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

pathram desk 1:
Related Post
Leave a Comment