ആതിഥേയരെ ഷൂട്ടൗട്ടില്‍ തളച്ച് ക്രൊയേഷ്യ സെമിയില്‍

ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ആതിഥേയരായ റഷ്യയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ക്രൊയേഷ്യ റഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍. ഓരോ ഗോളടിച്ച് നിശ്ചത സമയം പിരിഞ്ഞ മത്സരത്തിന്റെ എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞപ്പോള്‍ മത്സരം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരിന്നു. 20 വര്‍ഷത്തിന് ശേഷമാണ് ക്രൊയേഷ്യ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടുന്നത്. പെനാല്‍റ്റിയില്‍ മൂന്നിനെതിരേ നാല് ഗോളുകള്‍ക്കാണ് ക്രൊയേഷ്യയുടെ ജയം.

ലോകകപ്പില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും നാടകീയമായ മല്‍സരത്തില്‍, ക്രൊയേഷ്യന്‍ താരങ്ങളുടെ മല്‍സരപരിചയവും വ്യക്തിഗത മികവുമാണ് ഷൂട്ടൗട്ടില്‍ അവരെ അനുഗ്രഹിച്ചത്. റഷ്യന്‍ താരം ഫ്യോദോര്‍ സ്മോളോവ് എടുത്ത ഷൂട്ടൗട്ടിലെ ആദ്യ കിക്ക് ക്രൊയേഷ്യന്‍ ഗോളി ഡാനിയല്‍ സുബാസിച്ച് തടുത്തു. ക്രൊയേഷ്യയുടെ രണ്ടാം കിക്കെടുത്ത മാറ്റിയോ കൊവാച്ചിച്ചിന്റെ ഷോട്ട് റഷ്യന്‍ ഗോളി ഇഗോര്‍ അകിന്‍ഫീവ് കൂടി തടുത്തതോടെ ഷൂട്ടൗട്ടിലും നാടകീയതയായി.

എന്നാല്‍, റഷ്യയുടെ മൂന്നാം കിക്ക് എടുത്ത, മാരിയോ ഫെര്‍ണാണ്ടസിന്റെ ഷോട്ട് പുറത്തേക്കു പോയതോടെ കളി ക്രൊയേഷ്യക്കാരുടെ പക്കലായി. പിന്നീടാരും കിക്കുകള്‍ പാഴാക്കാതെ വന്നതോടെ 4-3നു ക്രൊയേഷ്യന്‍ വിജയം യാഥാര്‍ഥ്യമായി. ആതിഥേയര്‍ എന്ന നിലയ്ക്കു ലോകകപ്പിനു യോഗ്യത നേടിയ റഷ്യ, ഫിഫ റാങ്കിങ്ങില്‍ 70-ാം സ്ഥാനക്കാരാണു തങ്ങളെന്നു മറന്ന പോരാട്ടവീര്യമാണു കളത്തില്‍ കാഴ്ചവച്ചത്. ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനത്തുള്ള ക്രൊയേഷ്യ പലഘട്ടത്തിലും റഷ്യന്‍ പോരാട്ടവീര്യത്തിനു മുന്നില്‍ അടിപതറുകയും ചെയ്തു.

നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയില്‍ പിരിഞ്ഞതാണ് കളി അധിക സമയത്തേക്ക് നീണ്ടത്. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നിട്ടു നിന്നത് ക്രൊയേഷ്യയാണെങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത റഷ്യയ്ക്കെതിരേ നിശ്ചിത സമയത്ത് ഒരു ഗോളില്‍ കൂടുതല്‍ ക്രൊയേഷ്യയ്ക്ക് നേടാന്‍ സാധിച്ചില്ല.

വിയ്യാറയല്‍ താരമായ ഡെനിസ് ചെറിഷേവിന്റെ അത്യുഗ്രന്‍ ഗോളിന് 31ാം മിനുട്ടില്‍ റഷ്യയാണ് ആദ്യം മുന്നിലെത്തിയത്. 25 വാര അകലെ നിന്ന് റഷ്യ ലോകകപ്പിലെ ഏറ്റവും മികച്ച ഗോളുകളിലൊന്നാണ് ചെറിഷേവിന്റെ ബൂട്ടുകളിലൂടെ പിറന്നത്. ടൂര്‍ണമെന്റിന്റെ കണ്ടെത്തെല്‍ എന്നു പറയാവുന്ന ചെറിഷേവിന്റെ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്.

എന്നാല്‍ 39ാം മിനുട്ടില്‍ ക്രൊയേഷ്യ സമനില ഗോള്‍ നേടി. മാന്‍സൂക്കിച്ചിന്റെ പാസില്‍ നിന്നും ആന്ദ്രെ റാമാറികെ ക്രൊയേഷ്യയുടെ സമനില ഗോള്‍ നേടുകയായിരുന്നു. മത്സരത്തില്‍ പന്ത് കൈവശം വെക്കുന്നതില്‍ മുന്നില്‍ നിന്ന ക്രൊയേഷ്യയ്ക്കെതിരേ കൗണ്ടര്‍ അറ്റാക്ക് തന്ത്രമാണ് റഷ്യ പയറ്റിയത്. ബുധനാഴ്ച നടക്കുന്ന സെമി രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ ക്രൊയേഷ്യ മാറ്റുരയ്ക്കും.

pathram desk 1:
Related Post
Leave a Comment