കൊച്ചി: പ്രേക്ഷക മനം കീഴടക്കി മുന്നേറുന്ന ‘ഉപ്പും മുളകും’ സീരിയലിനും അണിയറ പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി നടി നിഷ സാരംഗ്. സീരിയലില്‍ നിന്ന് ഒരു കാരണവും കൂടാതെ തന്നെ ഒഴിവാക്കിയെന്ന് താരം ആരോപിച്ചു. സീരിയലിന്റെ സംവിധായകനെതിരെയും ഗുരുതര ആരോപണങ്ങളാണ് നിഷ ഉന്നയിച്ചത്. ഒരു അഭിമുഖത്തിലാണ് ഉപ്പും മുളകും സംവിധായകന്‍ ആര്‍ ഉണ്ണിക്കൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി താരം രംഗത്തെത്തിയത്.
‘ഡയറക്ടറെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി അതുകൊണ്ട് ഉപ്പും മുളകില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാല്‍ താന്‍ അനുവാദം വാങ്ങിയിരുന്നെന്നും അക്കാര്യം രേഖാമൂലം അറിയിച്ചതാണെന്നും നിഷ പറയുന്നു. നേരത്തെ തന്നെ അമേരിക്കയില്‍ പരിപാടിയുള്ള വിവരം അറിയിച്ചിരുന്നു. ഡയറക്ടറോടും എംഡിയോടും അനുവാദം ചോദിച്ചതാണ്. ശ്രീകണ്ഠന്‍ നായര്‍ സാറിനോട് അനുവാദം ചോദിച്ചതിന്റെ വിവരങ്ങളും അനുവാദം തന്നതിന്റെ മറുപടിയും തന്റെ മെയിലില്‍ ഇപ്പോഴും ഉണ്ട്,’ നിഷ പറയുന്നു.
സംവിധായകന്റെ ഭാഗത്ത് നിന്ന് പലപ്പോഴും മോശം പെരുമാറ്റം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അതേപ്പറ്റി താന്‍ എംഡിയായ ശ്രീകണ്ഠന്‍ നായരോട് പരാതി പറഞ്ഞിട്ടുണ്ടെന്നും നിഷ പറഞ്ഞു. ലൊക്കേഷനില്‍ വെച്ച് പലതവണ സംവിധായകന്‍ തന്നെ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. താന്‍ ലിവിംഗ് ടുഗദറാണെന്ന പറഞ്ഞ് അപമാനിച്ചു. ചില ഓണ്‍ലൈന്‍ സൈറ്റുകളില്‍ വരെ അയാള്‍ ലിവിംഗ് ടുഗദറാണെന്ന് കാട്ടി വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. എന്നാല്‍ താന്‍ നിയമപരമായി വിവാഹം കഴിച്ച വ്യക്തിയാണെന്നും തന്റെ വീട്ടുകാര്‍ക്കും ഭര്‍ത്താവിനും നാട്ടുകാര്‍ക്കും അത് അറിയാമെന്നും നിഷ വ്യക്തമാക്കി.
മദ്യപിച്ചാണ് ഉണ്ണിക്കൃഷ്ണന്‍ ലൊക്കേഷനില്‍ എത്താറുള്ളത്. അഭിനേതാക്കള്‍ക്ക് നേരെ മോശം പദപ്രയോഗങ്ങളാണ് സംവിധായകന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാറുള്ളതെന്നും താരം വെളിപ്പെടുത്തി. ലൊക്കേഷനില്‍ തനിക്ക് നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പരാതി നല്‍കിയിരുന്നുവെന്നും എംഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ലെന്നും താരം പറയുന്നു. സംഘടനകളില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നിഷ കൂട്ടിച്ചേര്‍ത്തു.
ഉപ്പും മുളകും തനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ് എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട് കുടുംബത്തിന് വേണ്ടിയാണ് താന്‍ എല്ലാം സഹിച്ചത്, നിഷ പറഞ്ഞു. തന്നോടുള്ള വൈരാഗ്യം തന്റെ കഥാപാത്രത്തോടും കാട്ടുകയാണെന്നും താരം ആരോപിച്ചു. ഡയറക്ടര്‍ ഉള്ളിടത്തോളം കാലം താന്‍ ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് തനിക്ക് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം, അങ്ങനെയാണെങ്കില്‍ മാത്രം താന്‍ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.
Leave a Comment