കാസര്‍കോട്: സംസ്ഥാനത്തു നിന്നു ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുന്നവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടികള്‍ ആരംഭിച്ചു. കൊച്ചി എന്‍.ഐ.എ. കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനമായിരിക്കുന്നത്.
കാസര്‍കോട് പടന്ന സ്വദേശിയായ അബ്ദുള്‍ റാഷിദിന്റെ സ്വത്തു വിവരങ്ങള്‍ ഇതിനായി റവന്യൂ വകുപ്പ് ശേഖരിക്കാനാരംഭിച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നും ഐ.എസ്.ഐ.എസില്‍ ചേര്‍ന്നവരുടെ സംഘത്തിലെ പ്രധാനിയാണ് അബ്ദുള്‍ റാഷിദ്.
അബ്ദുള്‍ റാഷിദിന്റെ വീട് നില്‍ക്കുന്ന തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് റവന്യൂ റിക്കവറിയുടെ നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി റാഷിദിന്റെ വീട്ടില്‍ അധികൃതര്‍ നോട്ടീസ് പതിച്ചിട്ടുണ്ട്. ആഗസ്ത് 13ന് കോടതിയില്‍ നേരിട്ട് ഹാജരാകാനും റാഷിദിന് റവന്യൂ വകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
റാഷിദടക്കം 21 പേരാണ് കണക്കുകള്‍ പ്രകാരം ഇതുവരെ കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ അഫ്ഗാനിസ്ഥാനിലെ താവളത്തില്‍ എത്തിയിട്ടുള്ളതായി പറയപ്പെടുന്നത്.
Leave a Comment