ഫോണിലൂടെയും അശ്ലീല ചുവയോടെയാണ് ബിഷപ്പ് സംസാരിച്ചിരുന്നത്!!! ആത്മഹത്യയെ കുറിച്ച് പോലും കന്യാസ്ത്രീ ആലോചിച്ചിരുന്നു; നിര്‍ണായക തെളിവായി ഫോണ്‍ സംഭാഷണം

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കുരുക്ക് മുറുകുന്നു. കേസില്‍ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നിര്‍ണയക തെളിവായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫോണിലേക്ക് ബിഷപ്പ് നിരന്തരം വിളിച്ച് ശല്യം ചെയ്തിരുന്നതായും അശ്ലീലചുവയുള്ള സംഭാഷണങ്ങളായിരുന്നെന്നും കന്യാസ്ത്രീ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ ഫോണില്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരോപണം ബിഷപ്പിന് നിഷേധിക്കാന്‍ കഴിയില്ല.

കന്യാസ്ത്രീയുടെ മൊബൈലില്‍ ബിഷപ്പിന്റെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും ഇതില്‍ സൂക്ഷിച്ചിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. മൊബൈല്‍ ഫോണ്‍ ഇപ്പോള്‍ കന്യാസ്ത്രീയുടെ കുടുംബവീട്ടിലുണ്ടെന്നാണ് സൂചന. ഫോണ്‍ പൊലീസിന് കൈമാറണമെന്ന് കന്യാസ്ത്രീയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇപ്പോള്‍ കന്യാസ്ത്രീ ഉപയോഗിക്കുന്നത് മറ്റൊരു മൊബൈല്‍ ഫോണാണ്. കോടതിയില്‍ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തിയശേഷം തുടര്‍നടപടികളിലേക്ക് കടക്കാമെന്നാണ് പൊലീസ് നിലപാട്. കോടതിയില്‍ മൊഴിനല്‍കുന്നതോടൊപ്പം മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ള തെളിവുകളും നല്‍കിയേക്കും. മഠത്തില്‍ പ്രാഥമിക അന്വേഷണം നടന്നു. ഇനി ആവശ്യമെങ്കില്‍ മാത്രമേ ഇവിടെ പരിശോധന നടത്തൂ.

അതേസമയം ബിഷപ്പ് പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് കുറവിലങ്ങാട് കന്യാസ്ത്രീ മഠത്തില്‍ ഫോറന്‍സിക് സംഘം പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന മുറി, കന്യാസ്ത്രീ മഠത്തിലെ രേഖകള്‍ തുടങ്ങിയവയെല്ലാം പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കേസില്‍ ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിനായാണ് പരിശോധന നടത്തിയത്. മഠത്തിലെ 20ാം നമ്പര്‍ മുറിയിലാണ് പീഡനം ആദ്യം നടന്നതെന്നാണ് പരാതിക്കാരിയുടെ മൊഴിയില്‍ പറയുന്നത്. ഇവിടെനിന്ന് ഏതെങ്കിലും തരത്തിലുള്ള തെളിവുകള്‍ ലഭിക്കുമോ എന്നാണ് ഫോറന്‍സിക് സംഘം പരിശോധിക്കുന്നത്. എന്നാല്‍ ഏറെ കാലം മുമ്പാണ് ഇവിടെ പീഡനം നടന്നത് എന്നതുകൊണ്ട് തന്നെ ഇവിടെ നിന്ന് ശാസ്ത്രീയ തെളിവ് കിട്ടാനുള്ള സാധ്യത തീരെയില്ല.

ബിഷപ്പില്‍ നിന്ന് തനിക്ക് ഏല്‍ക്കേണ്ടി വന്നത് കടുത്ത പീഡനങ്ങളാണെന്ന് കന്യാസ്ത്രീ നല്‍കിയ രഹസ്യ മൊഴിയില്‍ വ്യക്തമാക്കിയിരുന്നു. ലൈംഗിക ദുരുപയോഗത്തിന് ഇരയായെന്ന് മാത്രമല്ല ഫോണ്‍ രതിക്കും വിധേയാകേണ്ടി വന്നെന്നും ഈ കാലത്ത് മരണത്തെക്കുറിച്ച് പോലും ചിന്തിച്ചിരുന്നെന്നും കന്യാസ്ത്രീയുടെ മൊഴിയില്‍ പറയുന്നു. 2014 മെയ് അഞ്ചിന് തൃശൂരില്‍ വൈദികപട്ടം കൊടുക്കുന്ന ചടങ്ങില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കാര്‍മികനായിരുന്നു. ഇതിനുശേഷമാണ് കുറവിലങ്ങാട്ടെ മഠത്തില്‍ ആദ്യമായി താമസിക്കാന്‍ വന്നത്. അടുത്തദിവസം കന്യാസ്ത്രീയുടെ കുടുംബത്തില്‍ ഒരു ആദ്യകുര്‍ബാനയിലും പങ്കെടുത്തു. ഈ ദിവസങ്ങളില്‍, മഠത്തിലെ ഇരുപതാം നമ്പര്‍ മുറിയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. ഇത് ഗസ്റ്റ് റൂം കൂടിയാണ്. പലപ്പോഴായി 13 തവണ പ്രകൃതിവിരുദ്ധപീഡനത്തിനും വിധേയയാക്കിയെന്ന് കന്യാസ്ത്രീയുടെ മൊഴിയിലുണ്ട്.

പീഡനം നടന്നെന്ന് പറയുന്ന ദിവസങ്ങളില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ഇവിടെ എത്തിയിരുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ചിട്ടുണ്ട്. കത്തോലിക്കാ സഭയുടെ ജലന്ധര്‍ രൂപതയ്ക്ക്, കേരളത്തില്‍ കുറവിലങ്ങാട് കൂടാതെ കണ്ണൂരിലും രണ്ടു മഠങ്ങളുണ്ട്. എന്നാല്‍, ബിഷപ്പ് കേരളത്തില്‍ എത്തിയപ്പോഴെല്ലാം കുറവിലങ്ങാട് മഠത്തിലാണ് താമസിച്ചിരുന്നത്. ബിഷപ്പിന് മഠത്തില്‍ സന്ദര്‍ശനാനുമതി മാത്രമാണുള്ളത്. താമസിക്കാന്‍ അനുമതിയില്ലെന്ന് കന്യാസ്ത്രീ പറയുന്നു.ശല്യം കൂടിയപ്പോള്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചു. ഫോണില്‍ അശ്ലീലച്ചുവയോടെയാണ് സംസാരിച്ചിരുന്നത്. ഇതുതുടര്‍ന്നാല്‍ തനിക്കു സന്യാസജീവിതം ഉപേക്ഷിച്ച് സഭയ്ക്കു പുറത്തുപോകുകയോ ആത്മഹത്യ ചെയ്യുകയോ വേണ്ടിവരുമെന്ന് ബിഷപ്പിനോടും പലതവണ പറഞ്ഞിരുന്നു.

ഫോണില്‍ അശ്ലീലം പറയുന്നത് തുടര്‍ന്നപ്പോള്‍, കുറവിലങ്ങാട് പള്ളി വികാരിയോട് പരാതിപ്പെട്ടു. അദ്ദേഹം വിവരം പാലാ ബിഷപ്പിനെ അറിയിച്ചു. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളിമേടയില്‍ കന്യാസ്ത്രീയുടെ പരാതി കേട്ടു. ഇതിനുശേഷമാണ് സിറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ നേരില്‍ക്കണ്ട് പരാതി പറഞ്ഞത്. ഇക്കാര്യത്തില്‍ താന്‍ നിസ്സഹായനാണെന്ന് അദ്ദേഹം അറിയിച്ചെന്നും മൊഴിയിലുണ്ട്. തുടര്‍ന്ന്, ഡല്‍ഹിയിലെ വത്തിക്കാന്‍ സ്ഥാനപതിക്ക് പരാതി നല്‍കി. ഇത് മേയില്‍ പോപ്പിന് അയച്ചുകൊടുത്തു. എന്നിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് എസ്പി.ക്ക് പരാതി നല്‍കിയത്.

pathram desk 1:
Related Post
Leave a Comment