അഭിമന്യൂ വധക്കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടന്‍; പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി ഡി.ജി.പി

കൊച്ചി: മഹാരാജാസ് കോളെജിലെ ബിരുദവിദ്യാര്‍ഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്.

11 പേരോളമാണ് ഇനിയും പിടിയിലാകാനുള്ളത്. കേസിലെ ഒന്നാം പ്രതി ഉള്‍പ്പെടെയുള്ളവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മൂവാറ്റുപുഴയില്‍ കോളെജ് അധ്യാപകന്റെ കൈവെട്ടിയ കേസിലും എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുമായി ബന്ധപ്പെട്ട കേസിലും ഒളിവില്‍ കഴിയുന്നതോ ജാമ്യത്തിലിറങ്ങിയിട്ടുള്ളതോ ആയ പ്രതികള്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എന്തെങ്കിലും ബന്ധമുണ്ടോയെന്ന് അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യും എത്തിയിട്ടുണ്ട്.

അതേസമയം ഹാദിയ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയ പത്തോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഒളിവിലായവര്‍ പിടിയിലായത്. ഹാദിയ കേസ് സമയത്ത് കൊച്ചിയിലെ വിവിധ സ്റ്റേഷനുകളില്‍ 38 എസ്ഡിപിഐ പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍വെച്ചിരുന്നു.

അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിനു പിന്നാലെ സംസ്ഥാനത്തെ എസ്ഡിപിഐ ഓഫീസുകളിലും പ്രവര്‍ത്തകരുടെ വീടുകളിലും വ്യാപക റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പൊലീസ് പരിശോധനയില്‍ രണ്ട് സംസ്ഥാന നേതാക്കളുള്‍പ്പെടെ പത്തോളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ പ്രതികളെ ഒളിപ്പിച്ചതിന് വണ്ടിപ്പെരിയാറില്‍ നിന്ന് നാല് എസ്ഡിപിഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അഭിമന്യുവിനെ കൊലപ്പെടുത്തിയതിനു പിന്നില്‍ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ അന്വേഷണം നീങ്ങിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എസ്ഡിപിഐ ഓഫീസുകളില്‍ പൊലീസ് പരിശോധന നടത്തുകയാണ്.

pathram desk 1:
Leave a Comment