ജെസ്‌നയുടെ തിരോധാനത്തില്‍ നിര്‍ണായ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു; ദൃശ്യങ്ങളില്‍ ജെസ്‌നയും ആണ്‍ സുഹൃത്തും

പത്തനംതിട്ട: ജെസ്നയുടെ തിരോധാനത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. മാര്‍ച്ച് 22ന് പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ ജസ്നയെ പിന്നീട് കാണാതാവുകയായിരുന്നു. എരുമേലിയില്‍ രാവിലെ 10.30ന് ബസില്‍ ഇരിക്കുന്നത് കണ്ടതായി സാക്ഷിമൊഴിയുണ്ടായിരുന്നു. ഇതിന് തെളിവായി സിസിടിവി ദൃശ്യങ്ങളും കിട്ടിയിരുന്നു. പിന്നീട് ജസ്നയെക്കുറിച്ചുള്ള ഒരു വിവരവും പൊലീസിനുണ്ടായിരുന്നില്ല.

ഇപ്പോഴിതാ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. മുണ്ടക്കയം ടൗണില്‍ ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയിലെ സിസിടിവി ക്യാമറയില്‍ ജസ്‌ന പതിഞ്ഞിട്ടുണ്ട്. ഈ ക്യാമറ ദൃശ്യങ്ങള്‍ നേരത്തേ ഇടിമിന്നലില്‍ നഷ്ടപ്പെട്ടിരുന്നു. പൊലീസ് ഹൈടെക് സെല്‍ വിദഗ്ധരുടെ പരിശ്രമത്തില്‍ ഇപ്പോഴാണ് നഷ്ടപ്പെട്ട ദൃശ്യങ്ങള്‍ തിരിച്ചെടുക്കാനായത്. കാണാതായ അന്ന് 11.44ന് ബസ് സ്റ്റാന്‍ഡിനടുത്ത കടയുടെ മുന്നിലൂടെ നടന്നുപോകുന്ന ജസ്നയാണ് ദൃശ്യങ്ങളില്‍. ആറു മിനിറ്റുകള്‍ക്കു ശേഷം ഇവിടെ ജെസ്നയുടെ ആണ്‍ സുഹൃത്തിനെയും ദൃശ്യങ്ങളില്‍ കാണാം. പക്ഷേ, ഇരുവരും ഒന്നിച്ചുള്ള ദൃശ്യങ്ങളില്ലെന്നാണ് വിവരം. ജസ്നയാണെന്ന് സഹപാഠികളും ബന്ധുക്കളും സ്ഥിരീകരിച്ചെന്നാണ് അറിയുന്നത്. ആണ്‍ സുഹൃത്തിനെയും ചില സഹപാഠികള്‍ തിരിച്ചറിഞ്ഞു.

രാവിലെ ജസ്ന ധരിച്ചിരുന്നത് ചുരിദാര്‍ ആണെന്നാണ് എരുമേലിയില്‍ കണ്ടവരുടെയും മറ്റും മൊഴി. എന്നാല്‍, മുണ്ടക്കയത്തെ ദൃശ്യങ്ങളില്‍ ജെസ്ന ധരിച്ചിരുന്നത് ജീന്‍സും ടോപ്പുമാണ്. ഒരു ബാഗ് കയ്യിലും മറ്റൊരു ബാഗ് തോളിലും ഉണ്ടായിരുന്നു. പഴ്സും മറ്റും വയ്ക്കുന്ന ബാഗ് ഒരു വശത്ത് ഇട്ടിരുന്നതായും ദൃശ്യങ്ങളില്‍ വ്യക്തമാകുന്നു. ദൃശ്യങ്ങളിലെ സാധ്യതകള്‍ പ്രകാരം മുണ്ടക്കയത്ത് ജസ്ന ഷോപ്പിങ് നടത്തിയതായും അര മണിക്കൂറിലധികം ഇവിടെ ചെലവിട്ടതായും പൊലീസ് സംശയിക്കുന്നു. ഇനി ജസ്ന ഷോപ്പിങ് നടത്തിയ കടകളിലും മുണ്ടക്കയത്തും വീണ്ടും പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കും.

ചുരിദാര്‍ മാറി ജീന്‍സ് ധരിച്ചത് എവിടെ വച്ച് സുഹൃത്തിനെ മുണ്ടക്കയത്തു വച്ച് കണ്ടിരുന്നോ അതിനുശേഷം ജെസ്ന അപ്രത്യക്ഷയായത് എങ്ങോട്ട് തുടങ്ങിയോ കാര്യങ്ങളാണ് പൊലീസ് ഇനി പരിശോധിക്കുക.

അതേസമയം ജെസ്നയുടെ തിരോധാനത്തില്‍ അഡ്വ. ഷോണ്‍ ജോര്‍ജും ജെസ്നയുടെ സഹോദരനും നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഹൈക്കോടതി തള്ളിയിരിന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയിട്ടുള്ളതിനാല്‍ ഹേബിയസ് കോര്‍പ്പസ് നിലനില്‍ക്കില്ലെന്നും നിലവില്‍ പൊലീസ് അന്വേഷണം തൃപ്തികരമെന്നും കോടതി നിരീക്ഷിച്ചു.

ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ജെസ്‌നയെ വിവിധ ഇടങ്ങളില്‍ കണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അന്വേഷണത്തില്‍ ഒന്നും കണ്ടെത്താനായില്ലെന്നും പൊലീസ് കോടതിയില്‍ പറഞ്ഞു.

മാര്‍ച്ച് 23 നാണ് ജെസ്നയെ കാണാനില്ലെന്ന പിതാവിന്റെ പരാതി ലഭിച്ചശേഷം വിശദമായി അന്വേഷിച്ചെന്നും പൊലീസ് വ്യക്തമാക്കി. മേയ് മൂന്നിന് പത്തനംതിട്ട ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കി. ബംഗളൂരു, തമിഴ്നാട് എന്നിവിടങ്ങളില്‍ അന്വേഷണം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജെസ്നയെ കണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയെങ്കിലും ഗുണമുണ്ടായില്ല. 250 പേരെ ചോദ്യം ചെയ്തു. 130 പേരുടെ മൊഴികള്‍ രേഖപ്പെടുത്തി.

ഐ. ജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചിട്ടുണ്ട്. 100 അംഗ അന്വേഷണ സംഘമാണ് നിലവിലുള്ളത്. കണ്ടെത്തുന്നവര്‍ക്ക് ഡി.ജി.പി അഞ്ച് ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. ജെസ്നയുടെ കോളെജിലുള്‍പ്പെടെ 11 സ്ഥലങ്ങളില്‍ വിവരശേഖരണത്തിന് പെട്ടികള്‍ സ്ഥാപിച്ചു. പിതാവിന്റെ നിര്‍മാണ സൈറ്റിലുമുള്‍പ്പെടെ കരിങ്കല്‍ ക്വാറികളിലും അന്വേഷണം നടത്തി. ഇതുവരെ ഫലപ്രാപ്തിയുണ്ടായിട്ടില്ല. അവഗണിക്കാവുന്ന വിവരങ്ങള്‍ ലഭിച്ചാല്‍ പോലും വിശദ പരിശോധന നടത്തുന്നുണ്ടെന്ന് വിശദീകരണത്തില്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment