അമ്മയ്ക്ക് വെല്ലുവിളിയായി മലയാള സിനിമയില്‍ പുതിയ സംഘടന വരുന്നു; പിന്നില്‍ രാജീവ് രവിയും ആഷിക് അബുവും..?

കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയ്‌ക്കെതിരായ വിവാദങ്ങള്‍ ഉയരുന്നതിനിടെ മലയാള സിനിമാ രംഗത്ത് പുതിയ സംഘടനയ്ക്ക് കളമൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. താരസംഘടനയായ ‘അമ്മ’യ്ക്കും സംവിധായകരുടെ കൂട്ടായ്മയായ ‘ഫെഫ്ക’യ്ക്കും വെല്ലുവിളിയായി ആകും പുതിയ സംഘടനയുടെ വരവ്. സിനിമയുടെ എല്ലാ വിഭാഗങ്ങളിലുള്ളവരുടെയും സംഘംചേരലാണ് ഇതിന്റെ ലക്ഷ്യമെന്നാണ് സൂചന. സംവിധായകരായ രാജീവ് രവിയുടെയും ആഷിഖ് അബുവിന്റെയും നേതൃത്വത്തിലാണ് പുതിയ കൂട്ടായ്മ. ഇതിന്റെ ആദ്യഘട്ടമായാണ് ദിലീപിനെ തിരിച്ചെടുത്ത തീരുമാനത്തില്‍ പ്രതിഷേധിച്ചും വുമണ്‍ ഇന്‍ സിനിമ കളക്ടീവിനെ പിന്തുണച്ചും നൂറുപേര്‍ ഒരുമിച്ച് പ്രസ്താവനയിറക്കിയത്. വിദേശത്തുള്ള ആഷിഖ് തിരിച്ചെത്തിയാലുടന്‍ തുടര്‍നീക്കങ്ങളുണ്ടാകും. ഇവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കാണാനും ഉദ്ദേശിക്കുന്നു.

താരകേന്ദ്രീകൃതം എന്ന നിലയില്‍നിന്ന് സിനിമയെ മോചിപ്പിക്കുകയാണ് പുതിയ നീക്കത്തിനുപിന്നില്‍. സമാനമനസ്‌കരായ എല്ലാവരെയും ഒരുമിച്ച് ചേര്‍ക്കുകയാണ് ലക്ഷ്യം. അമ്മയിലും ഫെഫ്കയിലും ശ്വാസംമുട്ടിക്കഴിയുന്നവര്‍ ഒപ്പം ചേരുമെന്ന പ്രതീക്ഷയുമുണ്ട്. ബദല്‍ സംഘടനയല്ല, ഡബ്ല്യു.സി.സി. മാതൃകയില്‍ എല്ലാ മേഖലകളിലുമുള്ളവരുടെ ഒത്തുചേരലായിരിക്കും ഇത്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കും പങ്കാളിത്തമുണ്ടാകും.

”ഫെഫ്കയുടെ ഒരു ഉന്നതനേതാവ് സംഘടനകള്‍ക്കും സര്‍ക്കാരിനുമിടയിലുള്ള ഇടനിലക്കാരന്റെ വേഷം സ്വയം അണിഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇടപെടലുകളാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ യഥാര്‍ഥരീതിയില്‍ സര്‍ക്കാരിനുമുന്നില്‍ എത്താതിരിക്കാന്‍ കാരണം”പുതിയ കൂട്ടായ്മയ്ക്കുപിന്നിലുള്ള ഒരു സിനിമാപ്രവര്‍ത്തകന്‍ വെളിപ്പെടുത്തി. ആഷിഖിനെ ലക്ഷ്യമിട്ട് ഫെഫ്ക നടത്തിയ കടന്നാക്രമണവും അദ്ദേഹത്തോട് അടുപ്പമുള്ളവരെ പ്രകോപിപ്പിച്ചിട്ടുണ്ട്.

ആഷിക് അബുവിനെ കടന്നാക്രമിച്ച് ഫെഫ്ക കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ആഷിഖ് അബുവിന്റെ ആറു നുണകള്‍ എന്ന രീതിയില്‍ തയ്യാറാക്കിയ കുറിപ്പില്‍ അദ്ദേഹത്തിനെതിരേ രൂക്ഷവിമര്‍ശമാണുണ്ടായിരുന്നത്. ആഷിഖ് നുണകള്‍ ആവര്‍ത്തിക്കുകയാണെന്നും കുറ്റപ്പെടുത്തി.
സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന സിനിമയുടെ പ്രതിഫലത്തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഫെഫ്ക ഇതിന് ആധികാരികമായി പറയുന്നത്. ‘ഫെഫ്ക ഇടപെട്ട് വാങ്ങിക്കൊടുത്ത തുകയില്‍നിന്ന് ഒരു രൂപപോലും പൂര്‍ണമനസ്സോടെ താങ്കള്‍ സംഘടനയ്ക്ക് നല്‍കിയില്ല. അതുകൊണ്ടുതന്നെ ‘വിഷമിച്ച്’ അയച്ചുതന്ന ചെക്ക് ഒരു പരിഭവവുമില്ലാതെ തിരിച്ചയച്ചുതന്നു. ആ തുക എന്തിനുവേണ്ടിയാണ് ചെലവഴിക്കുകയെന്ന് വിചാരമില്ലാതെ താങ്കളാകട്ടെ ആ തുക കൈപ്പറ്റുകയും ചെയ്തു’ ഫെഫ്ക പറയുന്നു.

ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുപോലും സാമ്പത്തിക പ്രയാസമനുഭവിച്ച സംഘടനയുടെ തുടക്കകാലത്ത് സംഘടന ഇടപെട്ട് സാമ്പത്തികതര്‍ക്കങ്ങള്‍ പരിഹരിക്കുമ്പോള്‍ അംഗങ്ങള്‍ രശീതി വാങ്ങി പ്രവര്‍ത്തനഫണ്ടിലേക്ക് സ്വമേധയാ സംഭാവന നല്‍കിയിരുന്നു. ശരിയായ ദിശയ്ക്ക് രാഷ്ട്രീയശിക്ഷണം ലഭിച്ചവര്‍ക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണം ആവശ്യമായിവരില്ല. അംഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മറ്റെല്ലാ ട്രേഡ് യൂണിയനുകളും അനുവര്‍ത്തിക്കുന്ന ഈ രീതി അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചചെയ്ത് അഭിപ്രായ ഏകീകരണമുണ്ടാക്കിയശേഷമാണ് ഫെഫ്കയും സ്വീകരിച്ചത്. ഈ പ്രശ്‌നത്തില്‍ ഒരിക്കലും ഫെഫ്ക പ്രകാശ് രാജുമായി സംസാരിച്ചിട്ടില്ല. പക്ഷേ, ആഷിഖ് ഒരു അഭിമുഖത്തില്‍ അദ്ദേഹത്തെ അനാവശ്യമായി ഇതിലേക്ക് വലിച്ചിഴച്ചുവെന്നും ഫെഫ്ക കുറ്റപ്പെടുത്തുകയുണ്ടായി.

pathram:
Leave a Comment