കൊച്ചി: മഹാരാജാസ് കോളെജിലെ രാഷ്ട്രീയ സംഘട്ടനത്തെ കുറിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ പ്രതികരണം. കേരളത്തിലെ കലാലയത്തിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് വര്‍ഗീയ സംഘടനകളല്ലെന്ന് വര്‍ഗീയ സംഘടനകള്‍ കടന്നുവരുന്നതിന് മുമ്പും കലാലയങ്ങളില്‍ ആക്രമ രാഷ്ട്രീയം നിലനിന്നിരുന്നെന്നും അതിന് പ്രധാന കാരണക്കാര്‍ കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്നു കരുതുന്ന എസ്എഫ്‌ഐയും എബിവിപിയുമാണെന്നും അദ്ദേഹം പറഞ്ഞു.
മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ കാമ്പസ് ഫ്രണ്ടുമായുള്ള സംഘര്‍ഷമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. പുറത്തുനിന്നെത്തിയ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് അഭിമന്യുവിനെ ആക്രമിച്ചത്. സംഭവത്തില്‍ മറ്റൊരു വിദ്യാര്‍ഥിയായ അര്‍ജുന്‍ വയറിനു കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.
”വര്‍ഗീയ സംഘടനകള്‍ കൊണ്ടുമാത്രമേ കേരളത്തിലെ കലാലയങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നുള്ളൂ എന്ന അഭിപ്രായമില്ല. വര്‍ഗീയ സംഘടനകള്‍ കടന്നുവന്ന് സംഘര്‍ഷം തുടങ്ങിയത് കഴിഞ്ഞ കുറേ വര്‍ഷങ്ങളിലാണ്. അതിനു മുമ്പും സംഘര്‍ഷങ്ങളുണ്ട്. കേരളത്തില്‍ ഒറ്റ വിദ്യാര്‍ഥി സംഘടന മാത്രം മതിയെന്ന നിലപാട് കൂടുതല്‍ കോളേജുകളില്‍ സ്വീകരിക്കുന്നത് എസ്എഫ്‌ഐയാണ്. ചുരുക്കം ചില കോളേജുകളില്‍ എബിവിപിയും” ആന്റണി വ്യക്തമാക്കി.
താന്‍ പഠിച്ച കലാലയത്തിലുണ്ടായ സംഭവത്തില്‍ ഞെട്ടലും ദു:ഖവുമുണ്ടെന്ന് ആന്റണി പറഞ്ഞു. അഭിമന്യുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളാണ് പ്രതിസ്ഥാനത്ത്. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടന സമീപകാലത്ത് പരിശീലനം സിദ്ധിച്ച ആക്രമികളെ കൊണ്ട് എതിരാളികളെ നേരിടുന്നുണ്ട്. മഹാരാജാസ് കോളേജില്‍ നടന്ന കൊലപാതകത്തില്‍ നേരിട്ടും അല്ലാതെയും പങ്കെടുത്തവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തിലെ കലാലയങ്ങളില്‍ രക്തച്ചൊരിച്ചില്‍ വര്‍ധിച്ചിരിക്കുന്നു. കലാലയങ്ങള്‍ ആയുധപ്പുരകളാകാതിരിക്കാന്‍ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേരളത്തില്‍ കലാലയ രാഷ്ട്രീയം നിരോധിച്ചത് താനല്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കോടതി തീരുമാനപ്രകാരം കാമ്പസ് രാഷ്ട്രീയം നിരോധിച്ച അന്നുമുതല്‍ അതിനെ എതിര്‍ക്കുന്നയാളാണ് ഞാന്‍. കേരളത്തിലെ രക്ഷകര്‍ത്താക്കളില്‍ ഭൂരിപക്ഷവും അതിനെ അനുകൂലിക്കാന്‍ കാരണം അതിന്റെ പേരില്‍ നടക്കുന്ന ആക്രമങ്ങളാണ്. അതിന്റെ ഒടുവിലത്തെ സംഭവമാണ് മഹാരാജാസില്‍ നടന്നതെന്നും ആന്റണി പറഞ്ഞു.
അതിനിടെ അഭിമന്യുവിനെ കുത്തിക്കൊന്ന സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയിലായി. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കേസില്‍ നേരത്തെ മൂന്ന്‌പേര്‍ അറസ്റ്റിലായിരുന്നു. എസ്.ഡി.പിഐ പ്രവര്‍ത്തകരായ കോട്ടയം സ്വദേശി ബിലാല്‍ (19), പത്തനംതിട്ട സ്വദേശി ഫാറൂഖ് (19), ഫോര്‍ട്ട് കൊച്ചി സ്വദേശി റിയാസ് (37) എന്നിവരെയാണ് പൊലീസ് അദ്യം കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പൊലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും.
മുഹമ്മദാണ് കേസില്‍ മുഖ്യ പ്രതി. എന്നാല്‍ ഇയാള്‍ ഒളിവിലാണ്. കസ്റ്റഡിയില്‍ എടുത്തവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. അക്രമത്തില്‍ പങ്കാളികളായവരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പുറത്തുനിന്ന് എത്തിയവരാണ്. ഇവര്‍ എങ്ങനെ കാമ്പസില്‍ എത്തി എന്നതിനെ കുറിച്ചാണ് അന്വേഷിക്കുന്നത്. വിദ്യാര്‍ത്ഥിയായ പ്രതിയുടെ ആവശ്യപ്രകാരമാണ് മറ്റുള്ളവര്‍ കാമ്പസില്‍ എത്തിയതെന്നാണ് നിഗമനം.
കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. ഓട്ടോറിക്ഷയില്‍ മട്ടാഞ്ചേരി ചുള്ളിക്കലില്‍ ചെന്നിറങ്ങിയ പ്രതികള്‍ എസ്.ഡി.പി.ഐ ഓഫീസിനു നേരെ നടന്നു പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Leave a Comment