വിമാനത്തില്‍ പറന്നിറങ്ങുന്നവര്‍ക്ക് ഇനി വീട്ടിലേക്ക് ഫ്‌ലൈ ബസില്‍ പറക്കാം..! സാധാരണ എസി ബസുകളുടെ ചാര്‍ജുകള്‍ മാത്രം

കൊച്ചി: സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്നവര്‍ക്ക് വീട്ടിലേക്ക് എത്താന്‍ കെ.എസ്.ആര്‍.ടിസിയുടെ പ്രത്യേക സംവിധാനം വിപുലീകരിക്കുന്നു. ‘ഫ്‌ലൈ ബസ്’ എന്ന പേരില്‍ ആരംഭിക്കുന്ന ഈ സര്‍വീസില്‍ കെഎസ്ആര്‍ടിസിയുടെ എസി ബസുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളില്‍ നിന്നും ബന്ധപ്പെട്ട സിറ്റികളിലേയ്ക്ക് സര്‍വീസുകള്‍ ആരംഭിക്കുന്നുണ്ട്. കൃത്യസമയത്തുള്ള സര്‍വീസ്, വൃത്തിയുള്ള ചുറ്റുപാട്, ലഗേജുകള്‍ക്ക് ഒരു പരിധിവരെ സൗജന്യമായി കൊണ്ടുപോകുവാനുള്ള സൗകര്യം, അത്യാധുനിക ശീതീകരണം എന്നിവ ഇവയുടെ പ്രത്യേകതയാണ്.

എയര്‍പോര്‍ട്ടില്‍ നിന്നുള്ള അധിക സര്‍ച്ചാര്‍ജ് ഈടാക്കാതെ സാധാരണ എസി ലോ ഫ്‌ലോര്‍ ബസുകളുടെ ചാര്‍ജുകള്‍ മാത്രമേ ഈടാക്കുന്നുള്ളൂ. ‘ഫ്‌ലൈ ബസു’കളുടെ സംസ്ഥാനതല ഫ്‌ലാഗ്ഓഫ് ഇന്ന് വൈകുന്നേരം 4.30ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ നടത്തും.
തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നും ഓരോ 45 മിനിറ്റ് ഇടവേളകളിലും 24 മണിക്കൂറും ഫ്‌ലൈ ബസുകള്‍ ലഭ്യമാണ്. കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ ഇടവേളകളിലും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഓരോ 30 മിനിറ്റ് ഇടവേളകളിലും ഫ്‌ലൈ ബസ്സുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പുറപ്പെടുന്ന സമയങ്ങള്‍ എയര്‍പോര്‍ട്ടിലും സിറ്റി/സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡുകളിലും പ്രദര്‍ശിപ്പിക്കുന്നതാണ്. ഡൊമസ്റ്റിക് രാജ്യാന്തര വിമാനത്താവളങ്ങളിലെല്ലാം ആഗമനം/പുറപ്പെടല്‍ പോയിന്റുകള്‍ ബന്ധപ്പെടുത്തിയാണ് ഷെഡ്യൂളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ആദ്യം 21 സീറ്റുകളുള്ള മിനി ബസുകളാണ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും യാത്രക്കാരുടെ ബാഹുല്യം പരിഗണിച്ച് അത് 42 സീറ്റുള്ള ബസുകളാക്കി മാറ്റുകയാണുണ്ടായത്.

യാത്രക്കാരുടെ ആവശ്യങ്ങള്‍ അനുസരിച്ച് ഭാവിയില്‍ ഫ്‌ലൈ ബസുകള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും വിമാനത്താവളത്തില്‍നിന്നു നേരിട്ട് കണക്ടിവിറ്റി സൗകര്യം ഏര്‍പ്പെടുത്താനും ആലോചിക്കുന്നുണ്ട്. വരുംകാലങ്ങളില്‍ വിവിധ എയര്‍ലൈനുകളമായി സഹകരിച്ച് സിറ്റി ബസ് സ്റ്റാന്‍ഡുകളില്‍ നിന്ന് ലഗേജ് അടക്കം ചെക്ക് ഇന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നതും പരിഗണിച്ചുവരുന്നു.

കേരളത്തിലെ ഫ്‌ലൈ ബസുകളുടെ മാത്രം മേല്‍നോട്ടത്തിനായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സി.വി. രാജേന്ദ്രനെ ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്.

pathram:
Leave a Comment