കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം,രണ്ട് പേരെ കൂടി കസ്റ്റഡിയില്‍:പിടിയിലായവരുടെ എണ്ണം അഞ്ചായി

കൊച്ചി: എസ്എഫ്‌ഐ ഇടുക്കി ജില്ലാ നേതാവും എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ അഭിമന്യുവിന്റെ കൊലപാതകത്തില്‍ രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. നേരത്തേ മൂന്ന് പേരെയാണ് പൊലീസ് പിടികൂടിയത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ച ശേഷം പ്രതികള്‍ മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.

ഓട്ടോറിക്ഷയില്‍ മട്ടാഞ്ചേരി ചുളളിക്കലില്‍ ചെന്നിറങ്ങിയ പ്രതികള്‍ എസ്ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്ന ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്. ഈ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്. ഇത് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്.

ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവങ്ങളുടെ തുടക്കം. കോളേജില്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതിനായി പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. ഈ സമയത്താണ് മുഹമ്മദ് എന്ന ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകനായ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി ഒരു സംഘമാളുകളുമായി സ്ഥലത്തെത്തിയത്.

പിന്നീട് കോളേജിനകത്ത് പ്രവേശിച്ച് പോസ്റ്റര്‍ ഒട്ടിക്കാനായി ഇവരുടെ ശ്രമം. ഇത് തടഞ്ഞ എസ്എഫ്‌ഐ പ്രവര്‍ത്തകരുമായി ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വാക്കേറ്റമുണ്ടായി. പിന്നീട് ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ വിളിച്ചതനുസരിച്ച് കൂടുതല്‍ പേര്‍ സ്ഥലത്തെത്തി. ഇതോടെ വാക്കുതര്‍ക്കം കൈയ്യാങ്കളിയിലായി.

ഇതിനിടെ ക്യാംപസ് ഫ്രണ്ട് സംഘത്തിലെ ഒരാള്‍ കത്തിയെടുത്ത് വീശി. ഈ സമയത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഭയന്ന് ചിതറിയോടി. പിന്നാലെ വന്ന സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അര്‍ജുനെ പിന്നീട് കുത്തിപ്പരുക്കേല്‍പ്പിച്ചു.

സംഘര്‍ഷത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു. അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അര്‍ജുനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശിയാണ് അര്‍ജുന്‍. ഇദ്ദേഹത്തിന്റെ വയറിനാണ് കുത്തേറ്റത്. കരളില്‍ ആഴത്തിലുളള മുറിവുണ്ട്. ഇന്ന് പുലര്‍ച്ചെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം അര്‍ജുനെ വെന്റിലേറ്ററിലേക്ക് മാറ്റി.

pathram desk 2:
Related Post
Leave a Comment