തിരുവനന്തപുരം: താരസംഘടനയില്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ടുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നു. ഇതുമായി ബന്ധപ്പെട്ട ചലച്ചിത്ര അക്കാഡമി ചെയര്‍മാന്‍ കമലിന്റെ നിലപാടിനെതിരെ മുതിര്‍ന്ന അഭിനേതാക്കള്‍ രംഗത്തെത്തി. മുതിര്‍ന്ന താരങ്ങളായ മധു, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത, ജനാര്‍ദനന്‍പ എന്നിവര്‍ സാംസ്‌കാരിക വകുപ്പു മന്ത്രി എ.കെ.ബാലനു കത്തു നല്‍കി. ‘അമ്മ’യുടെ കൈനീട്ടം വാങ്ങുന്നതിനെ കമല്‍ പരിഹസിച്ചതിനെതിരെയാണു കത്ത്. ‘500 അംഗങ്ങളുള്ള താരസംഘടനയില്‍ 50 പേരേ സജീവമായി അഭിനയരംഗത്തുള്ളൂ. അവശേഷിക്കുന്ന 450 പേരും ഔദാര്യത്തിനായി കാത്തുനില്‍ക്കുന്നവരും കൈനീട്ടുന്നവരുമാണ്. അതിനാല്‍ ഒരിക്കലും ‘അമ്മ’യില്‍ ജനാധിപത്യം ഉണ്ടാവില്ല’– എന്നായിരുന്നു കമലിന്റെ പരാമര്‍ശം. എന്നാല്‍ താരസംഘടനയുടെ കൈനീട്ടം ഔദാര്യമല്ല, സ്‌നേഹസ്പര്‍ശമാണെന്നു കത്തില്‍ പറയുന്നു.
അവകാശത്തെ ഔദാര്യമായി കരുതുന്നയാള്‍ അക്കാദമി തലപ്പത്തിരിക്കുന്നത് ഞെട്ടിക്കുന്നതാണ്. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാമരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്കു മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരുമായിട്ടാകും കമല്‍ കാണുന്നതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കത്തിന്റെ പൂര്‍ണരൂപം ഇങ്ങനെ….
സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍ അമ്മയിലെ കൈനീട്ടം വാങ്ങിക്കുന്ന മുതിര്‍ന്ന അംഗങ്ങളെ കുറിച്ച് നടത്തിയ പ്രസ്താവന ഞെട്ടലോടെയാണു ഞങ്ങള്‍ വായിച്ചത്. ഞങ്ങളെല്ലാം ഔദാര്യത്തിനായി കൈനീട്ടി നില്‍ക്കുന്നവരാണെന്നാണ് അദ്ദേഹം പറയുന്നത്.
ദശാബ്ദങ്ങളായി മലയാള സിനിമയില്‍ അഭിനേതാക്കളായി പ്രവര്‍ത്തിക്കുന്നവരാണ് ഞങ്ങള്‍. എത്രയോ കഥാപാത്രങ്ങളെ തിരശീലയില്‍ അവതരിപ്പിച്ചു. ആ വേഷപകര്‍ച്ചകളിലൂടെ കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ ഞങ്ങളുടെ സാന്നിധ്യവും എളിയ രീതിയില്‍ എഴുതപ്പെട്ടിട്ടുണ്ട്. ആ നിലയില്‍ തന്നെയാണു കേരളത്തിലെ ജനങ്ങള്‍ ഞങ്ങളെ കാണുന്നതും സ്‌നേഹിക്കുന്നതും.
ഞങ്ങളുടെ സംഘടനയായ ‘അമ്മ’ ഞങ്ങള്‍ക്കു മാസം തോറും നല്‍കുന്ന കൈനീട്ടത്തെ ഔദാര്യമായല്ല ഞങ്ങള്‍ കാണുന്നത്. അത് ഒരു സ്‌നേഹസ്പര്‍ശമാണ്. തുകയുടെ വലുപ്പത്തേക്കാള്‍, അതു നല്‍കുന്നതില്‍ നിറയുന്ന സ്‌നേഹവും കരുതലുമാണു ഞങ്ങള്‍ക്കു കരുത്താവുന്നത്, തണലാവുന്നത്. ഇതിനെ ഔദാര്യത്തിനു വേണ്ടിയുള്ള കൈനീട്ടലായി വ്യാഖ്യാനിക്കാന്‍ തീരെ ചെറിയ ഒരു മനസ്സിനേ കഴിയൂ.
അവകാശത്തെ ഔദാര്യമായി കരുതുന്ന ഒരാള്‍ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തിരിക്കുന്നത് ഞങ്ങളെ ഞെട്ടിക്കുന്നു. ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് ചികിത്സാമരണാനന്തര സഹായങ്ങളും പെന്‍ഷനും അക്കാദമി നല്‍കുന്നുണ്ട്. ഇതെല്ലാം താന്‍ നല്‍കുന്ന ഔദാര്യമായും അത് വാങ്ങുന്നവരെ തനിക്ക് മുന്‍പില്‍ കൈനീട്ടി നില്‍ക്കുന്ന അടിയാളന്മാരായും ആവും ശ്രീ.കമല്‍ കാണുന്നത്.
കമലിനോടു തെറ്റ് തിരുത്തണമെന്നോ ഖേദം പ്രകടിപ്പിക്കണമെന്നോ ഞങ്ങള്‍ പറയുന്നില്ല. കാരണം 35 വര്‍ഷത്തെ സിനിമാനുഭവം ഉണ്ടെന്നു പറയുന്ന അദ്ദേഹത്തെ ഞങ്ങള്‍ക്കും അറിയാം. വ്യക്തമായി. അദ്ദേഹത്തിന്റെ ഒരു പ്രസ്താവന മൂലം ഞങ്ങള്‍ക്കുണ്ടായ മാനസിക വിഷമം താങ്കളുമായി പങ്കുവച്ചു എന്നു മാത്രമേ ഉളളൂ. ഇതേ തുടര്‍ന്ന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കേണ്ടത് താങ്കള്‍ ആണല്ലോ…
Leave a Comment