മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനചടങ്ങില്‍ നിന്ന് ഒഴിവാക്കണം; സംവിധായകന്‍ മന്ത്രിയ്ക്ക് കത്തയച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ പിന്തുണച്ച നടനും എം.എല്‍.എയും താരസംഘടനായ ‘അമ്മ’യുടെ ഭാരവാഹിയുമായ മുകേഷിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാനച്ചടങ്ങിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ദീപേഷ് സാംസ്‌കാരിക മന്ത്രി എ.കെ.ബാലന് കത്തയച്ചു. മുകേഷ് സ്വാഗത സംഘം ചെയര്‍മാനായ ചടങ്ങില്‍ വച്ച് ചലച്ചിത്ര പുരസ്‌കാരം സ്വീകരിക്കുന്നതില്‍ മാനസിക പ്രയാസമുണ്ടെന്നും ദീപേഷ് കത്തില്‍ ചൂണ്ടിക്കാട്ടി. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ‘സ്വനം’ എന്ന സിനിമയുടെ സംവിധായകനാണ് ടി. ദീപേഷ്.

തികച്ചും ജനാധിപത്യ വിരുദ്ധവും സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സംഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ സാന്നിദ്ധ്യത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചുള്ള അവാര്‍ഡ് സമ്മാനിക്കുന്നത് ഇടതുപക്ഷ മുന്നണിയും സര്‍ക്കാരും മുന്നോട്ടു വച്ചിട്ടുള്ള സ്ത്രീപക്ഷ നിലപാടിനു വിരുദ്ധമാണ്. ഇത് പൊതു സമൂഹത്തിനു മുന്‍പില്‍ തെറ്റായ സന്ദേശം നല്‍കും. ഈ പരിപാടിയില്‍ പങ്കെടുത്ത് അവാര്‍ഡ് വാങ്ങേണ്ട ആള്‍ എന്ന നിലയില്‍ വളരെ മാനസിക പ്രയാസമുണ്ട്. കഴിഞ്ഞ വര്‍ഷം തലശ്ശേരിയില്‍ സംഘടിപ്പിച്ച അവാര്‍ഡ് ദാന പരിപാടിയില്‍ ‘അവള്‍ക്കൊപ്പം’ എന്നതായിരുന്നു പ്രധാന വിഷയം. മുകേഷിനെ മാറ്റി നിര്‍ത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയര്‍ത്തിപ്പിടിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.

സിപിഐഎം നേതാവും കൂത്തുപറമ്പ് നഗരസഭ മുന്‍ അധ്യക്ഷയുമായ സി.വി. മാലിനിയുടെ മകനാണ് ദീപേഷ്. 2016 ലും മികച്ച ബാലചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം ദീപേഷിനായിരുന്നു

pathram desk 1:
Leave a Comment