മൈക്കിള്‍ ജാക്‌സന്റെ പിതാവ് ജോ ജാക്‌സണ്‍ അന്തരിച്ചു

ന്യുയോര്‍ക്ക്: പോപ് സംഗീതജ്ഞന്‍ മൈക്കിള്‍ ജാക്സന്റെ പിതാവ് ജോ ജാക്സണ്‍(89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ലാസ് വേഗാസിലെ ആശുപത്രിയിലായിരുന്നു അന്ത്യമെന്നു കുടുംബാംഗങ്ങള്‍ അറിയിച്ചു. ഏറെക്കാലമായി അദ്ദേഹം പാന്‍ക്രിയാറ്റിക് കാന്‍സറിന് ചികിത്സയിലായിരുന്നു. മൈക്കിള്‍ ജാക്സന്റെ ഒമ്പതാം ചരമ വാര്‍ഷികത്തിനു രണ്ടു ദിവസത്തിന് ശേഷമാണ് പിതാവിന്റെ മരണം. പ്രശസ്ത ഗായിക ജാനറ്റ് ജാക്സണ്‍ മകളാണ്.

ജോയും മൈക്കിള്‍ ജാക്സനും തമ്മിലുള്ള ബന്ധം അത്ര മെച്ചപ്പെട്ടതായിരുന്നില്ല. ജീവിതത്തില്‍ പരുക്കനായിരുന്ന ജോയില്‍നിന്നു, തനിക്കു ക്രൂര പീഡനമേല്‍ക്കേണ്ടിവന്നിരുന്നതായി മൈക്കിള്‍ ജാക്സണ്‍ വെളിപ്പെടുത്തിയിട്ടുണ്ട്. പിതാവിനോടുള്ള രൂപസാദൃശ്യം മാറ്റാനാണ് നിരവധി പ്ലാസ്റ്റിക് സര്‍ജറികള്‍ക്ക് വിധേയനായി മൈക്കിള്‍ ജാക്സണ്‍ രൂപമാറ്റം വരുത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്നാല്‍ മുത്തച്ഛനെക്കുറിച്ച് അറിയാത്തവരാണ് അദ്ദേഹത്തെപ്പറ്റി തികച്ചും അപഖ്യാതിപരമായ കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതെന്ന് കൊച്ചുമകന്‍ ടാജ് ജാക്സന്‍ ട്വീറ്റ് ചെയ്തു. കുടുംബത്തിലെ എല്ലാവര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു ജോ ജാക്സന്‍ എന്നും മരണം സ്ഥിരീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു.

1965ല്‍ ജോ ഒരു സംഗീത ബാന്‍ഡ് ആരംഭിച്ചിരുന്നു. ഈ സംഗീത ബാന്‍ഡിലൂടെയാണ് മൈക്കിള്‍ ജാക്സന്റെ പ്രതിഭ ലോകം അറിയുന്നതും. ആദ്യമായി അച്ഛന്റെ ബാന്‍ഡില്‍ പാടുമ്പോള്‍ ഏഴു വയസ്സായിരുന്നു അദ്ദേഹത്തിന്.

pathram desk 1:
Related Post
Leave a Comment