കണ്‍സ്യൂമര്‍ഫെഡ് ഓണ്‍ലൈന്‍ ഷോപ്പിംഗ് രംഗത്തേക്ക്; ആവശ്യമുള്ള സാധനങ്ങള്‍ ഇനി വീട്ടിൽ എത്തും

തിരുവനന്തപുരം: കണ്‍സ്യൂമര്‍ഫെഡ് പുതിയ ചുവട്‌വെയ്പിലേക്ക്. ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റ് തുടങ്ങാനൊരുങ്ങുകയാണ് കണ്‍സ്യൂമര്‍ഫെഡ്. ഉപയോക്താവിന് ഏറ്റവും അടുത്ത ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റില്‍ സ്റ്റോക്ക് ഉള്ള സാധനങ്ങള്‍ വെബ്സൈറ്റ് വഴി ഓര്‍ഡര്‍ ചെയ്യാം. കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാര്‍ സാധനങ്ങള്‍ വാഹനത്തില്‍ വീട്ടിലെത്തിക്കും. വരുംവര്‍ഷങ്ങളിലെ വിറ്റുവരവില്‍ 10 ശതമാനമെങ്കിലും ഓണ്‍ലൈന്‍ വിപണനത്തിലൂടെ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യഘട്ടത്തില്‍, നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ വിറ്റഴിക്കും. പിന്നീട് മറ്റ് ഉല്‍പന്നങ്ങളും വിപണിയിലെത്തിക്കും. തിരുവനന്തപുരത്ത് ഈ വര്‍ഷം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. തുടര്‍ന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഓരോ ജില്ലയിലും ചുരുങ്ങിയത് 10 വില്‍പനകേന്ദ്രങ്ങളെയെങ്കിലും ഓണ്‍ലൈന്‍ വിപണനശൃംഖലയുമായി ബന്ധിപ്പിക്കും. സംസ്ഥാനത്തെ 57 മൊബൈല്‍ ത്രിവേണി സ്റ്റോറുകളുടെ സേവനവും പ്രയോജനപ്പെടുത്തും.

കണ്‍സ്യൂമര്‍ഫെഡിന്റെ ഐടി വിഭാഗത്തിനാണു സോഫ്റ്റ്വെയര്‍ നിര്‍മാണച്ചുമതല. കണ്‍സ്യൂമര്‍ഫെഡിനു വേണ്ടി ഐടി വിഭാഗം നേരത്തേ തയാറാക്കിയ ബീബീ അക്കൗണ്ടിങ് പോര്‍ട്ടല്‍ വന്‍ വിജയമായിരുന്നു. ഇതേ തുടര്‍ന്നാണ് ഷോപ്പിങ് സൈറ്റ് നിര്‍മാണവും ഇവരെത്തന്നെ ഏല്‍പിച്ചത്.

pathram desk 1:
Related Post
Leave a Comment