മോസ്‌ക്കോ: ആവേശപ്പോരില്‍ ടുണീഷ്യയെ രണ്ടിനെതിരേ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് ബെല്‍ജിയം തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പാക്കി. ക്യാപ്റ്റന്‍ ഈദന്‍ ഹസാദ്, റൊമേലു ലുകാകു എന്നിവര്‍ ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ ബാത്ഷുവായിയുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ശേഷിച്ച ഗോള്‍. ഡിലന്‍ ബ്രോണ്‍, വഹ്ബി കസ്രി എന്നിവരാണ് ടുണീഷ്യക്കായി ആശ്വാസ ഗോളുകള്‍ നേടിയത്.
തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മുന്നില്‍ നിന്നെങ്കിലും പതിയെ മത്സരത്തിലേക്ക് തിരിച്ചെത്തി ടുണീഷ്യ അവസാനം വരെ പൊരുതി. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി ക്യാപ്റ്റന്‍ ഈദന്‍ ഹസാദാണ് ബെല്‍ജിയത്തെ മുന്നില്‍ കടത്തിയത്. പിന്നാലെ ബെല്‍ജിയം രണ്ടാം ഗോളും വലയിലാക്കി. സൂപ്പര്‍ താരം റൊമേലു ലുകാകുവാണ് 16ാം മിനുട്ടില്‍ മികച്ച മുന്നേറ്റത്തിലൂടെ വല കുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനുട്ടില്‍ തന്നെ ടുണീഷ്യ ഗോള്‍ മടക്കി. ഡിലന്‍ ബ്രോണാണ് ബെല്‍ജിയം പ്രതിരോധത്തെയും ഗോള്‍ കീപ്പര്‍ കുര്‍ട്ടോയിസിനേയും സമര്‍ഥമായി മറികടന്ന് പന്ത് വലയിലാക്കിയത്. ഒരു ഗോള്‍ മടക്കാന്‍ സാധിച്ചത് ടുണീഷ്യയുടെ ആത്മവിശ്വാസം കൂട്ടി. ഗോളിനടുത്തെത്തുന്ന നിരവധി അവസരങ്ങള്‍ അവര്‍ ആദ്യ പകുതിയില്‍ സൃഷ്ടിച്ചു. ഒന്നാം പകുതി ഇഞ്ച്വറി ടൈമിലേക്ക് കടന്നപ്പോള്‍ ഗോള്‍ നേടാനുള്ള സുവര്‍ണാവസരം ബെല്‍ജിയം കളഞ്ഞു. എന്നാല്‍ തൊട്ടുപിന്നാലെ ലുകാകു തന്റെ രണ്ടാം ഗോളിലൂടെ ടീമിന്റ പട്ടിക മൂന്നിലെത്തിച്ചു. 51ാം മിനുട്ടിലാണ് തന്റെ രണ്ടാം ഗോളിലൂടെ ഹസാദ് ലീഡുയര്‍ത്തിയത്. നേരത്തെ അഞ്ചാം മിനുട്ടിലാണ് ഹസാദ് ആദ്യ ഗോള്‍ വലയിലെത്തിച്ചത്. ബെല്‍ജിയത്തിന്റെ പെരുമ വക വയ്ക്കാതെ ടുണീഷ്യ, ആക്രമണത്തിന് പ്രത്യാക്രമണത്തിലൂടെ മറുപടി നല്‍കിയപ്പോള്‍ ആദ്യ പകുതി ആവേശകരം. കൊണ്ടും കൊടുത്തും ബെല്‍ജിയം- ടുണീഷ്യ മത്സരം പുരോഗമിക്കവേ ഒന്നാം പകുതിയില്‍ പിറന്നത് നാല് ഗോളുകള്‍. വേഗതയാര്‍ന്ന നീക്കങ്ങളുമായി ഇരു പക്ഷവും കളം നിറഞ്ഞപ്പോള്‍ ആദ്യ പകുതി ആരാധകര്‍ക്ക് വിരുന്നായി.
രണ്ടാം പകുതിയില്‍ ബെല്‍ജിയം മാരക ആക്രമണങ്ങള്‍ നടത്തി. മറുഭാഗത്ത് പരമാവധി പൊരുതാനുള്ള മൂഡ് ടുണീഷ്യ പുറത്തെടുത്തതോടെ മത്സരം 90 മിനുട്ടും ആവേശം കെടാതെ നിന്നു. ലുകാകുവിന് പിന്നാലെ ക്യാപ്റ്റന്‍ ഈദന്‍ ഹസാദും ഇരട്ട ഗോള്‍ നേടി. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോഴാണ് ബാത്ഷുവായിയുടെ വക അഞ്ചാം ഗോള്‍ പിറന്നത്. നിര്‍ഭാഗ്യം കൊണ്ട് നിരവധി തവണ ലക്ഷ്യം
കാണാതെ പോയ ബാത്ഷുവായി 90ാം മിനുട്ടില്‍ വല ചലിപ്പിച്ചപ്പോള്‍ ബെല്‍ജിയം അഞ്ചാം ഗോളും തികച്ചു. തൊട്ടുപിന്നാലെ ടുണീഷ്യ തങ്ങളുടെ രണ്ടാം ഗോളും വലയിലാക്കി. വഹ്ബി കസ്രിയായിരുന്നു സ്‌കോറര്‍. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടും തോറ്റ ടുണീഷ്യ ലോകകപ്പില്‍ നിന്ന് പുറത്തായി.
Leave a Comment