പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നിഷേധിച്ച നടപടി രാജ്യത്തിന്റെ ചരിത്രത്തിലാദ്യം, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വികസനത്തിന് കേന്ദ്രനയങ്ങള്‍ തടസ്സമാവുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വാണിജ്യമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വിമര്‍ശനമുന്നയിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു കേന്ദ്രത്തിന്റെ വേണ്ടത്ര പിന്തുണ കിട്ടുന്നില്ല. സംതൃപ്തമായ സംസ്ഥാനവും ശക്തമായ കേന്ദ്രവുമാണു വേണ്ടത്.

പ്രധാനമന്ത്രി മോദിയെ കാണുന്നതിനു പലവട്ടം ശ്രമിച്ചു. എന്നാല്‍ അനുമതി നിഷേധിച്ചു. വകുപ്പുമന്ത്രിയെ കാണാനാണ് നിര്‍ദേശിച്ചത്. ഇത്തരം നടപടികള്‍ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമാണ്.കേരളത്തോട് മാത്രമാണ് പ്രധാനമന്ത്രിയുടെ ഇത്തരത്തിലുള്ള സമീപനം. ഇതു സംസ്ഥാനത്തോടുള്ള നിഷേധമാണെന്നും പിണറായി വിമര്‍ശിച്ചു.

കേന്ദ്രമന്ത്രി സുരേഷ് പ്രഭുവുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. കണ്ണൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ആശങ്കകള്‍ പരിഹരിച്ചു. വിദേശ കമ്പനികളുടെ വിമാനം കണ്ണൂരില്‍ ഇറങ്ങുന്നതു സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ചയായി. വിദേശ എയര്‍ലൈന്‍ കമ്പനികളുമായി ഇക്കാര്യം സംസാരിക്കുമെന്നു സുരേഷ് പ്രഭു ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ഉത്പാദനം വര്‍ധിപ്പിക്കുകയും അത് നീതിയുക്തമായി ജനങ്ങളില്‍ എത്തിക്കുകയും ചെയ്യുകയെന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നയം. അടിസ്ഥാന വികസനം സാധ്യമാകണമെങ്കില്‍ കൃഷി, വ്യവസായം എന്നീ മേഖലകള്‍ വികസിക്കണം. അതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്. തീരദേശ ഹൈവേ, മലയോര ഹൈവേ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. വിഴിഞ്ഞം തുറമുഖം 2020ഓടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

pathram desk 2:
Related Post
Leave a Comment