അമ്പലപ്പുഴ: വിവാഹത്തലേന്നു സ്വര്‍ണാഭരണങ്ങളുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കാക്കാഴം സ്വദേശിനിയായ പത്തൊന്‍പതുകാരിയാണ് 40 പവന്‍ സ്വര്‍ണവുമായി വണ്ടാനം സ്വദേശിയായ കാമുകനൊപ്പം പോയത്. ബുധനാഴ്ച രാത്രി ഒന്‍പതോടെ യുവതിയുടെ വീട്ടില്‍നടന്ന വിവാഹ സല്‍ക്കാരത്തിനിടെയായിരുന്നു ഒളിച്ചോട്ടം. ചാവക്കാട് സ്വദേശിയായ യുവാവുമായുള്ള വിവാഹം ഇന്നലെ അമ്പലപ്പുഴയ്ക്ക് സമീപത്തെ ഓഡിറ്റോറിയത്തില്‍ നടത്താനിരിക്കെയായിരുന്നു സംഭവം. ബന്ധുക്കളും അയല്‍വാസികളുമടക്കം നിരവധിപേര്‍ തലേന്നുള്ള സല്‍ക്കാരത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു.
ഇതിനിടെയാണ് യുവതിയെ കാണാനില്ലെന്നു മനസിലായത്. ഈ സമയം യുവതിയുടെ അച്ഛന്‍ ഓഡിറ്റോറിയത്തിലേക്കു പോയിരുന്നു. യുവതിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ അവര്‍ എഴുതിയ കത്ത് കണ്ടെത്തി. മാതാപിതാക്കള്‍ പിണങ്ങരുതെന്നും മടങ്ങിവരുമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
വണ്ടാനം സ്വദേശിയായ ഇരുപതുകാരനുമായി ഏറെക്കാലമായി യുവതി പ്രണയത്തിലായിരുന്നു. ഇതേച്ചൊല്ലി യുവതിയുടെ വീട്ടില്‍ വഴക്കുണ്ടായിട്ടുണ്ട്. പ്രണയം വീട്ടുകാര്‍ എതിര്‍ത്തതിനാല്‍ യുവതിയുടെ സഹോദരിയുടെ വിവാഹദിവസം യുവാവ് വീടുകയറി ആക്രമിച്ച സംഭവവുമുണ്ടായിട്ടുണ്ട്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇതിനിടെ വിശ്വാസ വഞ്ചനയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നവവരനും രംഗത്തെത്തി.
Leave a Comment