അഹമ്മദാബാദ്: നോട്ടുനിരോധന കാലത്ത് ഏറ്റവും അധികം നിരോധിത നോട്ടുകള്‍ മാറ്റിയെടുത്ത സഹകരണ ബാങ്കുകളില്‍ മുന്നില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ഡിസ്ട്രിക്ട് കോപ്പറേറ്റീവ് ബാങ്ക്. വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് അമിത് ഷായെയും ബിജെപിയെയും പ്രതികൂട്ടിലാക്കുന്ന വിവരം പുറത്തു വന്നിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം പ്രഖ്യാപിച്ച് അഞ്ച് ദിവസത്തിനകം 745.59 കോടി രൂപയാണ് അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടത്.
അമിത് ഷാ ഡയറക്ടറായ ബാങ്കില്‍ നിക്ഷേപം കുമിഞ്ഞ് കൂടിയതിന് ശേഷമാണ് കേരളത്തിലെ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയത്. സഹകരണ ബാങ്കുകളില്‍ പഴയ നോട്ടുകള്‍ നിക്ഷേപിച്ച് മാറ്റി എടുക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് സംഭവിക്കുന്നത് നവംബര്‍ 14നാണ്. ഇതിന് മുന്‍പാണ് അഹമ്മദാബാദിലെ ബാങ്ക് എല്ലാ നോട്ടുകളും മാറ്റി എടുത്തത്.
സഹകരണ ബാങ്കുകള്‍ക്ക് മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് കേരളത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. സഹകരണ ബാങ്കുകളിലൂടെ കള്ളപ്പണം വെളുപ്പിക്കാനുള്ള സാധ്യതയുണ്ടെന്ന് പറഞ്ഞായിരുന്നു നിയന്ത്രണം. കേരളത്തിലെ സഹകരണ ബാങ്കുകളില്‍ മൊത്തം കള്ളപ്പണമാണെന്ന വന്‍ പ്രചാരണവും സംസ്ഥാന ബി ജെ പി നേതാക്കള്‍ നടത്തിയിരുന്നു.
അഹമ്മദാബാദ് ജില്ല സഹകരണ ബാങ്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത് അമിത് ഷാ ഇപ്പോഴും ഈ ബാങ്കിന്റെ ഡയറക്ടറാണെന്നാണ്. 2000 ത്തില്‍ അമിത് ഷാ ഈ ബാങ്കിന്റെ ചെയര്‍മാനുമായിരുന്നു. മാര്‍ച്ച് 31, 2017 ലെ കണക്ക് അനുസരിച്ച് ഈ ബാങ്കിലെ ടോട്ടല്‍ ഡെപ്പോസിറ്റ് 5,050 കോടി രൂപയാണ്. 2016-17 വര്‍ഷത്തെ അറ്റാദായം 14.31 കോടി രൂപയും. 122 ബ്രാഞ്ചുകളും 22 ലക്ഷം അക്കൗണ്ടുകളുമാണ് ഈ ബാങ്ക് കൈകാര്യം ചെയ്യുന്നത്.
ഗുജറാത്ത് മന്ത്രിസഭയില്‍ അംഗമായ ജയേഷ്ഭായി വിത്തല്‍ഭായ് റഡാദിയ ചെയര്‍മാനായ രാജ്‌ക്കോട്ട് ഡിസ്ട്രിക്ട് കോര്‍പ്പറേറ്റ് ബാങ്കാണ് പഴയ നോട്ടുകള്‍ മാറ്റി എടുത്തതില്‍ രണ്ടാം സ്ഥാനത്ത്. 693.19 കോടി രൂപയാണ് ഈ ബാങ്ക് മാറ്റി എടുത്തത്. ഈ രണ്ടു ബാങ്കുകളും ചേര്‍ന്ന് മാറ്റിയെടുത്തത് 1438 കോടി രൂപയാണ്. നോട്ടുനിരോധനം നടപ്പാക്കിയതിന് ശേഷം ഇതാദ്യമായിട്ടാണ് ഇത്തരം ഡേറ്റകള്‍ പുറത്തുവരുന്നത്.
Leave a Comment