മൊറോക്കോയ്ക്കെതിരേ റൊണാള്‍ഡോ തിളങ്ങി, പോര്‍ച്ചുഗലിന് ആദ്യ ജയം

ലോകകപ്പിലെ ഗ്രൂപ്പ് ബിയില്‍ മൊറോക്കോയ്‌ക്കെതിരേ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിന് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം. മത്സരത്തിന്റെ നാലാം മിനുട്ടില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് പോര്‍ച്ചുഗലിന്റെ ഗോള്‍ നേടിയത്. ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരന്‍ ആരെന്ന് വീണ്ടും തെളിയിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് പിന്നെയും രക്ഷകനായി.

മത്സരത്തിന്റെ എല്ലാ മേഖലയിലും മേധാവിത്വം പുലര്‍ത്തിയ മൊറോക്കോ ഏറെ പൊരുതിയാണ് പോര്‍ച്ചുഗലിന് മുന്നില്‍ അടിയറവ് പറഞ്ഞത്. മുന്നേറ്റ നിരയില്‍ മിടുക്കനായ ഒരു ഗോളടിക്കാരനില്ലാതെ പോയതാണ് മൊറോക്കോയ്ക്ക് വിനയായത്. ആദ്യ മിനുട്ടുകളില്‍ തന്നെ ഗോള്‍ കണ്ടെത്താനായത് മാത്രമാണ് പോര്‍ച്ചുഗലിന് ഗുണമായതും.

മത്സരത്തിന്റെ നാലാം മിനുട്ടില്‍ ലഭിച്ച കോര്‍ണര്‍ കിക്കില്‍ നിന്നാണ് റൊണാള്‍ഡോ ലക്ഷ്യം കണ്ടത്. താരത്തിന്റെ ഈ ലോകകപ്പിലെ നാലാം ഗോളായിരുന്നു ഇത്. ആദ്യ മത്സരത്തില്‍ സ്‌പെയ്‌നിനെതിരേ ഹാട്രിക്ക് അടിച്ച റൊണാള്‍ഡോയ്ക്ക് പക്ഷേ മൊറോക്കോയ്‌ക്കെതിരേ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സാധിച്ചില്ല.

ഒരു ജയവും ഒരു സമനിലയുമായി ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ ഏകദേശം രണ്ടാം റൗണ്ടിലേക്ക് സാധ്യത ഉറപ്പിച്ചു. അതേസമയം, രണ്ട് തോല്‍വികളോടെ മൊറോക്കോ ഏകദേശം ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.

അതേസമയം, ആദ്യ മത്സരത്തില്‍ ഇറാനുമായി തോറ്റ മൊറോക്കോ ജീവന്മരണ പോരാട്ടമായിരുന്നു സ്‌റ്റേഡിയത്തില്‍ കാഴ്ചവെച്ചത്. പോരാട്ടവീര്യം സകലതും പുറത്തെടുത്തതോടെ പോര്‍ച്ചുഗീസ് മധ്യനിര കളിയിലെ കാഴ്ചക്കാരായി.

pathram desk 2:
Leave a Comment