അയല്‍വാസിയുടെ കാലും കൈയ്യും തല്ലിയൊടിക്കാന്‍ വീട്ടമ്മയുടെ 25,000 രൂപയുടെ ക്വട്ടേഷന്‍!!! കുപ്രസിദ്ധ ഗുണ്ടകളും വീട്ടമ്മയും കോട്ടയത്ത് പിടിയില്‍

കറുകച്ചാല്‍: അയല്‍വാസിയുടെ കൈകളും കാലുകളും തല്ലിയൊടിക്കാന്‍ കുപ്രസിദ്ധ ഗുണ്ടകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മ പിടിയില്‍. കോട്ടയം കുകച്ചാല്‍ പ്ലാച്ചിക്കല്‍ മുള്ളന്‍ കുന്ന് രാജി(45) ആണ് അറസ്റ്റിലായത്. ക്വട്ടേഷന്‍ ഏറ്റെടുത്ത കുപ്രസിദ്ധ ഗുണ്ടകളെയും പോലീസ് അറസ്റ്റ് ചെയ്തു.

അയല്‍വാസിയായ രമേശന്‍ എന്നയാളുമായി കാലങ്ങളായി രാജി വഴക്കിലായിരുന്നു. രമേശനുമായി പണം സംബന്ധിച്ച് തര്‍ക്കവും, രമേശന്റെ നേതൃത്വത്തില്‍ രാജിയുടെ കാല്‍ തല്ലിയൊടിച്ചതു സംബന്ധിച്ച് കേസും ഉണ്ടായിരുന്നു. രാജിയുടെ വീട്ടിലേക്ക് പുറത്തുനിന്ന് ഗുണ്ടാസംഘത്തില്‍പ്പെട്ടവരടക്കം എത്തുന്നത് രമേശനടക്കം പലരും ചോദ്യംചെയ്തു. പ്രകോപിതയായ രാജി, രമേശന്റെ കൈകാലുകള്‍ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍സംഘത്തെ ഏര്‍പ്പാടാക്കി, പ്രതിഫലമായി 25,000 രൂപയും നല്‍കി.

രമേശനെ ആക്രമിക്കാനായി ചങ്ങനാശ്ശേരിയിലെത്തിയ ക്വട്ടേഷന്‍സംഘം കാര്‍ വാടകയ്ക്കെടുത്ത് രാജിയുടെ വീട്ടില്‍ എത്തി. സംഭവത്തില്‍ സംശയം തോന്നിയ നാട്ടുകാര്‍ വീട് വളയുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് പോലീസ് എത്തി ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ആറ്റിങ്ങല്‍ നാവായിക്കുളം ശുപ്പാണ്ടി അനീഷ്(30), കുറുമ്ബനാടം കരിങ്കണ്ടത്തില്‍ സോജി(28), പെരുന്ന കുരിശുംമൂട്ടില്‍ ജാക്സണ്‍(24), വാഴൂര്‍ പുളിക്കല്‍കവല പൗവത്തുകാട്ടില്‍ സനു പി.സജി(24), കൊല്ലം അയത്തില്‍ വയലില്‍പുത്തന്‍വീട്ടില്‍ റിയാദ്(37), ആറ്റിങ്ങല്‍ കോരാണി മുജീബ്(33) എന്നിവരാണ് പിടിയിലായത്. ഇവരെ ഞായറാഴ്ച കറുകച്ചാല്‍ പോലീസ്, രാജിയുടെ വീട്ടില്‍നിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയിരുന്നു.

pathram desk 1:
Related Post
Leave a Comment