എഷ്യന്‍ കരുത്ത്കാട്ടി ജപ്പാന്‍, കൊളംബിയയെ 2-1ന് തകര്‍ത്തു

മോര്‍ഡോവിയ: ലോകകപ്പ് ഗ്രൂപ്പ് എച്ചിലെ ആദ്യ മത്സരത്തില്‍ കൊളംബിയക്കെതിരെ ജപ്പാന് തകര്‍പ്പന്‍ വിജയം. 2-1നാണ് കൊളംബിയയെ ജപ്പാന്‍ പൂട്ടിക്കെട്ടിയത്. ആദ്യപകുതിയില്‍ ഓരോ ഗോളുകള്‍ നേടി സമനിലയില്‍ പിരിഞ്ഞ മത്സരം രണ്ടാംപകുയിതിയില്‍ നീണ്ട പരിശ്രമങ്ങള്‍ക്ക് ശേഷം ജപ്പാന്‍ വരുതിയിലാക്കുകയായിരുന്നു. 73ാം മിനിറ്റില്‍ യൂയ ഒസാക്കയാണ് ജപ്പാന് വേണ്ടി വിജയഗോള്‍ നേടിയത്. കെയ്സുക്കി ഹോണ്ടയുടെ പാസില്‍ നിന്നായിരുന്നു ജപ്പാന്റെ രണ്ടാം ഗോള്‍. 39ാം മിനിറ്റിലായിരുന്നു കൊളംബിയയുടെ സമനില ഗോള്‍. പെനാല്‍റ്റി ബോക്സിന് അരികില്‍ ലഭിച്ച ഫ്രീകിക്ക് യുവാന്‍ ക്വിന്റോ ഗോളാക്കുകയായിരുന്നു.

നേരത്തെ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ഇരട്ടപ്രഹരം നല്‍കി ജപ്പാന്‍ കൊളംബിയയെ ഞെട്ടിച്ചു. ആദ്യം കൊളംബിയന്‍ താരം കാര്‍ലോസ് സാഞ്ചസ് ചുവപ്പ് കാര്‍ഡ് കണ്ടു മടങ്ങി. ശിക്ഷയായി അനുവദിക്കപ്പെട്ട പെനാല്‍റ്റി ഷിന്‍ജി കഗാവ വലയിലെത്തിക്കുകയും ചെയ്തു. നെറ്റിലേയ്ക്ക് നീങ്ങിയ കഗാവയുടെ ഷോട്ട് ബോക്സില്‍ വച്ച് സാഞ്ചസ് കൈ കൊണ്ട് തട്ടിയതിനാണ് ചുവപ്പ് കാര്‍ഡും പെനാല്‍റ്റിയും വിധിച്ചത്. ഡൈവ് ചെയ്ത ഗോളിയുടെ എതിര്‍ദിശയിലേയ്ക്ക് അനായാസമായാണ് കഗാവ പന്ത് തട്ടിയിട്ടത്.

നാലു വര്‍ഷം മുന്‍പ് ബ്രസീലിലെ കയൂബയില്‍ കൊളംബിയയോട് ഒന്നിനെതിരേ നാലു ഗോളിന് തോറ്റതിന്റെ കണക്ക് തീര്‍ക്കാനാണ് ജപ്പാന്‍ ഇക്കുറി റഷ്യയില്‍ എത്തിയത്.ഹാമസ് റോഡ്രിഗസ് ആക്രമണം നയിക്കുന്ന കൊളംബിയ മികച്ച ഫോമിലാണ് റഷ്യയിലെത്തിയിരിക്കുന്നത്. നാലു വര്‍ഷം മുന്‍പ് കടുത്ത പോരാട്ടത്തിലാണ് അവര്‍ ക്വാര്‍ട്ടറില്‍ ആതിഥേയരായ ബ്രസീലിനോട് അടിയറവു പറഞ്ഞത്.

ജപ്പാന് ഇത് ആറാമത്തെ ലോകകപ്പാണ്. 2002ലും 2010ലും ക്വാര്‍ട്ടറിലെത്തിയ പാരമ്പര്യമുണ്ട് അവര്‍ക്ക്. എന്നാല്‍, ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. അവസാന ഘട്ടത്തിലാണ് അകിര നിഷിനോയെ പരിശീലനച്ചുമതല ഏല്‍പിച്ചത്. റിസ്‌ക്കെടുത്തും ഗോളുകള്‍ കണ്ടെത്തണം എന്ന നിര്‍ദേശമായിരുന്നു് കോച്ച് കളിക്കാര്‍ക്ക് നല്‍കിയിരുന്നത്.

pathram desk 2:
Related Post
Leave a Comment