‘വിവാഹവും മാതൃത്വവുമാവരുത് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം, അല്ലെങ്കില്‍ അതൊരു ലക്ഷ്യം പോലുമല്ലെന്ന് തിരിച്ചറിയുക’ ആഷ സൂസന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

വിവാഹവും മാതൃത്വവുമാവരുത് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം, അല്ലെങ്കില്‍ അതൊരു ലക്ഷ്യം പോലുമല്ലെന്ന് തിരിച്ചറിയുക. പഠനത്തിനും ജീവിതത്തിനും സ്വയം പര്യാപ്തയ്ക്കുമായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്”- എഴുത്തുകാരിയായ ആഷ സൂസന്റെ ഫെയ്സ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

സ്വന്തം കാലില്‍ നില്‍ക്കുന്ന നേരത്തു ജീവിതത്തിനൊരു കൂട്ട് വേണമെന്ന് തോന്നിയാല്‍ തോന്നിയാല്‍ മാത്രം സ്വന്തം ഇഷ്ട്ടങ്ങള്‍ക്കും ഐഡിയോളജിക്കുമനുസരിച്ചു തനിക്കു യോജിക്കുന്ന പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുക. വീണ്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ചതിനു ശേഷം പരസ്പരം ഇണങ്ങുന്നവരാണെന്നു പൂര്‍ണ്ണ ബോധ്യം ഉണ്ടായാല്‍ മാത്രം കുഞ്ഞിനെപ്പറ്റി ചിന്തിക്കുക. അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത ജീവിതം കുഞ്ഞുങ്ങളെ പ്രതി ജീവിച്ചു തീര്‍ക്കേണ്ട ഗതികേടായിരിക്കും ഫലം. പലപ്പോഴും കുഞ്ഞിനെ നോക്കുക എന്നത് അമ്മയുടെ ചുമതലയായി മാത്രം കാണുന്ന ലോകം, അത് പുരുഷന് എല്ലാ സ്വാതന്ത്ര്യങ്ങളും നല്‍കുന്നുവെന്ന് ആഷ തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ കുറ്റപ്പെടുത്തുന്നു.

ആഷയുടെ കുറിപ്പിന്റെ പൂര്‍ണരൂം

നിര്‍ബന്ധിത മാതൃത്വം.

ദിവസങ്ങള്‍ക്കു മുന്നേ കൂടെ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി ലീവ് കിട്ടിയിട്ടും നാട്ടില്‍ പോവാന്‍ യാതൊരു താല്പര്യവും കാണിക്കുന്നില്ലെന്നു മാത്രമല്ല, വീട്ടുകാരോട് ലീവ് കിട്ടിയ കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. കിട്ടുമെന്നുറപ്പില്ല എന്നൊക്കെ കള്ളം പറയുന്ന കേട്ടു ഞാന്‍ കാര്യം തിരക്കി. വീട്ടില്‍ വിവാഹം ആലോചിക്കുന്നുണ്ട്, അതിനാണ് ചെല്ലാന്‍ പറഞ്ഞു വിളിക്കുന്നതെന്നു മറുപടി. ഒരു മലയാളിയുടെ സ്വതസിദ്ധമായ ഊഹാപോഹ കഴിവ് എനിക്കിത്തിരി കൂടുതലായതു കൊണ്ടു തന്നെ ഞാന്‍ ചോദിച്ചു, മറ്റാര്‍ക്കെങ്കിലും വാക്കു കൊടുത്ത പ്രണയം ഉള്ളതുകൊണ്ടല്ലേ വീട്ടുകാര്‍ ആലോചിക്കുന്ന വിവാഹത്തോട് എതിര്‍പ്പ്?

നിലവില്‍ പ്രണയമൊന്നുമില്ല, പ്രണയത്തോടും വിവാഹത്തോടും എതിര്‍പ്പുമില്ല. പിന്നെന്തു പ്രശ്‌നമെന്നോര്‍ത്തു ചോദ്യഭാവത്തില്‍ ഞാനാ കുട്ടിയെ നോക്കി. മൂടിക്കെട്ടിയ മുഖത്തോടെയുള്ള അതിന്റെ മറുപടി ‘എനിക്കു പ്രസവിക്കാന്‍ താല്പര്യമില്ല, പെണ്ണുകാണാന്‍ വരുന്നവരോടൊക്കെ അതു തുറന്നു പറഞ്ഞു ഭേദപ്പെട്ട പല ആലോചനകളും മുടങ്ങി, കാര്യം അറിഞ്ഞപ്പോള്‍ വീട്ടുകാരുടെ ഭാവം മാറി, ഭീഷണിയുടെ ശബ്ദം ഉയരാന്‍ തുടങ്ങി. നീ പെണ്ണ് തന്നെയല്ലേ എന്നു തുടങ്ങി കല്യാണം കഴിയുമ്പോള്‍ എല്ലാം ശരിയാവുമെന്ന ക്ളീഷേ ഡയലോഗില്‍ വരെ എത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍.

ആ പെണ്‍കുട്ടിയെ കേട്ടപ്പോള്‍ മുതല്‍ ഞാനാലോചിക്കുകയായിരുന്നു, നമ്മുടെ സമൂഹത്തില്‍ വിദ്യാഭ്യാസ ട്രാക്കിലൂടെ ഓടുമ്പോള്‍ ഏകദേശം തുല്യ അനുപാതത്തില്‍ വിജയം പങ്കിടുന്ന പെണ്‍കുട്ടികള്‍ കരിയര്‍ ട്രാക്കില്‍ എത്തുമ്പോള്‍ എണ്ണത്തിന്റെ കാര്യത്തില്‍ വളരെ ചുരുങ്ങാന്‍ കാരണം വിവാഹവും അതിനു ശേഷം നാട്ടുനടുപ്പു പോലെ വരുന്ന പ്രസവങ്ങളുമല്ലേ?

ഇന്നത്തെ സമൂഹത്തില്‍ ഒരു കുഞ്ഞിന്റെ പകുതിയിലധികം ഉത്തരവാദിത്തം അമ്മയുടെ ചുമലിലാണ്. പാലൂട്ടുന്ന കാര്യത്തില്‍ മാത്രമാണ് ഒരു കുഞ്ഞിന് അമ്മ നിര്‍ബന്ധം എന്നിരിക്കെ അമ്മയെ പോലെ, അമ്മ സ്നേഹം, വാത്സല്യം എന്നിങ്ങനെ അനാവശ്യ മഹത്വവല്‍ക്കരണത്തിന്റെ ചങ്ങലകള്‍ അവളെക്കൊണ്ടു തന്നെ സ്വയം അണിയിച്ചു പുരുഷന്‍ ജോലിയും സമ്പാദ്യവും അതിലൂടെയുള്ള ആധിപത്യവുമായി മുന്നേറുന്നു. അതുകൊണ്ടു തന്നെ ഒരു കുഞ്ഞ് എന്നത് പുരുഷന്റെ കരിയര്‍ ട്രാക്കില്‍ ഒരു തടസ്സമേയല്ല.

പതിനെട്ട് വയസ്സായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു കൊടുക്കാന്‍ തയ്യാറാവുന്ന മാതാപിതാക്കളാരും ഇരുപത്തിയൊന്ന് വയസ്സായ ആണ്‍മക്കളെ വിവാഹം കഴിപ്പിക്കാറില്ല. എന്നു വെച്ചാല്‍ ആണിന് വിവാഹം ചെയ്യാന്‍ സ്വയം പര്യാപ്തത വേണമെന്നിരിക്കെ പെണ്ണിന് വിവാഹത്തിന്റെ അടിസ്ഥാനം വെറും ലൈംഗിക പ്രായപൂര്‍ത്തി മാത്രമാണ്.

നമ്മുടെ സമൂഹത്തിലെ അണ്‍പെയ്ഡ് ജോലികള്‍ സ്ത്രീകള്‍ ചുമതല പോലെ ഏറ്റെടുക്കേണ്ടി വരുന്നതും കരിയര്‍ ട്രാക്കിലവര്‍ അപ്രത്യക്ഷരാവുന്നതും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭാസം ഇല്ലാഞ്ഞിട്ടോ കഴിവു കുറവായിട്ടോ അല്ല, മറിച്ചു മമ്മി ട്രാക്കിലൂടെ ഓടുന്നവരോ ഭാവിയില്‍ ഓടേണ്ടവരോ ആണെന്നുള്ള അടിച്ചമര്‍ത്തല്‍ കൊണ്ടാണ്.

ആണ്‍കുട്ടികള്‍ക്ക് അവര്‍ക്ക് ഇഷ്ട്ടമുള്ള കരിയറിന് അനുസരിച്ചു ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാവുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക് പഠിക്കാന്‍ തിരഞ്ഞെടുത്തു കൊടുക്കുന്നതും, അനുവാദം കൊടുക്കുന്നതും മമ്മി ട്രാക്കും, കരിയര്‍ ട്രാക്കും ഒരുപോലെ മുന്നോട്ട് കൊണ്ടുപോവാന്‍ പറ്റുന്ന മേഖലകളാണ് പൊതുവേ.

അതുകൊണ്ടു മാതാപിതാക്കളോട് പറയാനുള്ളത് ഇതാണ്, യൗവ്വനം ആസ്വദിച്ചു തീരും മുന്നേ ലിംഗ വ്യത്യാസത്തിന്റെ കൂത്തരങ്ങായ വിവാഹത്തിലേക്കും, മാതൃത്വത്തിലേക്കും പെണ്മക്കളെ നിര്‍ബന്ധിച്ചു പറഞ്ഞു വിട്ട് ‘ഭാരം ഇറക്കി വെച്ചെന്ന’ സ്ത്രീവിരുദ്ധത വലിയ വായില്‍ പ്രസംഗിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ നിങ്ങള്‍ ചെയ്യുന്നത് മകളുടെ ശരീരത്തോടൊപ്പം തൂക്കി വില്‍ക്കപ്പെടുന്നത് അന്നോളം കുന്നുകൂട്ടിയ സ്വപ്നങ്ങളും അതില്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിച്ച അവളുടെ ജീവിതവുമാണ്.

അമ്മയാവാന്‍ താല്പര്യമില്ലാതിരിക്കെ ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും നിര്ബന്ധത്തിനും നാട്ടുകാരുടെ ചോദ്യത്തിനും പരിഹാസത്തിനും മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ ഗര്‍ഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നതിലൂടെ മാനസീക വിഭ്രാന്തിയിലേക്കോ കുഞ്ഞിന്റെ കൊലപാതകത്തിലേക്കോ അമ്മയുടെ ആത്മഹത്യയിലേക്കോ എത്തിപ്പെടാം. അതുകൊണ്ടു നാട്ടുകാരുടെ വായടപ്പിക്കാന്‍ വേണ്ടി ഇഷ്ടമില്ലാത്ത ഒരു കുഴിലേക്ക് മക്കളെ തള്ളിയിടാതിരിക്കുക. അവരുടെ ജീവിതത്തിന് അവര്‍ മാത്രമാണ് അവകാശികളെന്നു മനസ്സിലാക്കുക.

അടുത്തത് മറ്റുള്ളവന്റെ ലൈഫിലേക്ക് ഉറ്റുനോക്കിയിരിക്കുന്ന നല്ലവരായ നാട്ടുകാരോട് പറയാനുള്ളത് എന്താച്ചാല്‍, വിവാഹം കഴിക്കാനോ കൊച്ചുങ്ങളെ ഉണ്ടാക്കാനോ എല്ലാവര്‍ക്കും താല്പര്യമുണ്ടായിരിക്കുകയില്ല. മനുഷ്യന്റെ നിലനില്‍പ്പിനു പ്രകൃതി തന്നെ ക്രമീകരിച്ചിരിക്കുന്നതാണ് മാതൃത്വമെങ്കിലും അതു വിവാഹത്തില്‍ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഘടകമായി കാണേണ്ടതില്ല.

ലൈംഗികതയുടെ ലൈസന്‍സ് വിവാഹത്തിലാണെന്നു ചിന്തിക്കുകയും അതിനു വെളിയിലുള്ള എല്ലാത്തരം ബന്ധങ്ങലെയും വെറുപ്പോടെ നോക്കുകയും ചെയ്യുന്ന ഇതേ നാട്ടുകാരെ ബോധിപ്പിക്കാനാണ് ഇന്നു പലരും വിവാഹമെന്ന കയത്തില്‍ ചാടുന്നത്. അതുകൊണ്ടു പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാവുമ്പോഴേ കെട്ടിക്കുന്നില്ലെന്നും, കെട്ടു കഴിഞ്ഞാല്‍ വിശേഷമൊന്നുമായില്ലേയെന്നും ചോദിച്ചു ചെല്ലാതെ അന്യന്റെ ജീവിതത്തിലേക്ക് തുറന്നു വെച്ചിരിക്കുന്ന നിങ്ങളുടെ ജനാലയുടെ വാതില്‍ സ്വയം കൊട്ടിയടയ്ക്കുക.

അവസാനമായി പെണ്‍കുട്ടികളോട് ഓര്‍മ്മപെടുത്താനുള്ളത്;
വിവാഹവും മാതൃത്വവുമാവരുത് ഒരു പെണ്ണിന്റെ ജീവിതലക്ഷ്യം, അല്ലെങ്കില്‍ അതൊരു ലക്ഷ്യം പോലുമല്ലെന്ന് തിരിച്ചറിയുക. പഠനത്തിനും, ജീവിതത്തിനും, സ്വയം പര്യാപ്തയ്ക്കുമായിരിക്കണം മുന്‍തൂക്കം നല്‍കേണ്ടത്. സ്വന്തം കാലില്‍ നില്‍ക്കുന്ന നേരത്തു ജീവിതത്തിനൊരു കൂട്ട് വേണമെന്ന് തോന്നിയാല്‍ തോന്നിയാല്‍ മാത്രം സ്വന്തം ഇഷ്ട്ടങ്ങള്‍ക്കും ഐഡിയോളജിക്കുമനുസരിച്ചു തനിക്കു യോജിക്കുന്ന പങ്കാളിയെ സ്വയം തിരഞ്ഞെടുക്കുക. വീണ്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ ഒരുമിച്ചു താമസിച്ചതിനു ശേഷം പരസ്പരം ഇണങ്ങുന്നവരാണെന്നു പൂര്‍ണ്ണ ബോധ്യം ഉണ്ടായാല്‍ മാത്രം കുഞ്ഞിനെപ്പറ്റി ചിന്തിക്കുക. അല്ലെങ്കില്‍ ഇഷ്ടമില്ലാത്ത ജീവിതം കുഞ്ഞുങ്ങളെ പ്രതി ജീവിച്ചു തീര്‍ക്കേണ്ട ഗതികേടായിരിക്കും ഫലം.

മറ്റുള്ളവരുടെ കൈയ്യില്‍ കുഞ്ഞിനെ കാണുമ്പോളുള്ള അത്രയ്ക്ക് സുഖമുണ്ടായിരിക്കില്ല സ്വന്തമായി ഒന്നിനെ കിട്ടുമ്പോള്‍ എന്നോര്‍ക്കുക. ഒരു കുഞ്ഞിന് ജനിക്കാനായി സ്വന്തം ശരീരവും ജീവനുമാണ് പണയം വെക്കേണ്ടി വരുന്നെന്നിരിക്കെ കുടുബക്കാരെ ബോധിപ്പിക്കാനും, കുടുബപ്പേര് നിലനിര്‍ത്താനും, നാട്ടുകാരെ ബോധിപ്പിക്കാനും മാത്രമായി അതിനു മുതിരരുത്. ഒരു കുഞ്ഞിന് ജനിക്കാന്‍ സ്വന്തം ശരീരത്തില്‍ ഇടം നല്‍കണോ വേണ്ടയോ എന്നതിന്റെ പൂര്‍ണ്ണ അവകാശം സ്ത്രീയ്ക്ക് മാത്രമുള്ളതാണ്.

ഒരു കുഞ്ഞിനെ പോറ്റാന്‍ അതിനോടുള്ള ഇഷ്ടവും, വാത്സല്യവും, വൈകാരികതയും മാത്രം പോരാ, ഇന്നത്തെ സാമൂഹിക നിലവാരത്തില്‍ അതിനെ വളര്‍ത്താനുള്ള സാമ്പത്തിക ഭദ്രത കൂടി ഉറപ്പു വരുത്തേണ്ടതുണ്ട്. കുടുബവും മാതൃത്വവുമൊക്കെ എത്രമാത്രം മഹത്വവല്‍ക്കരിച്ചാലും കവി വാചകങ്ങളില്‍ വര്‍ണ്ണിച്ചാലും ഇവയെന്നും പെണ്ണിനു നിവര്‍ന്നു നില്‍ക്കാന്‍ തടസ്സമാവുന്ന അവളുടെ മുതുകത്തെ ഭാരം തന്നെയാണ്.

സ്വന്തം കരിയറും പാഷനും ജീവിതവും മാറ്റിവെച്ചുകൊണ്ടുള്ള അമ്മ സ്നേഹം വിളമ്പാതെ, ഇതിനെയെല്ലാം നിലനിര്‍ത്തിക്കൊണ്ട് അതിനോടൊപ്പം മക്കളെ വളര്‍ത്താനാവണം. അതിനു കഴിയുമെങ്കില്‍ മാത്രം വിവാഹവും മാതൃത്വവും സ്വീകരിക്കുക. ഇവയൊന്നും നിര്‍ബന്ധിതമല്ലെന്നും ചോയ്‌സാണെന്നും നല്ലവണ്ണം ബോധ്യപ്പെടുക.

കുറിപ്പ്: മക്കള്‍ ദൈവത്തിന്റെ ദാനമാണെന്നും, മാതൃത്വം അമൂല്യമായ വരദാനമാണെന്നും ‘വിശ്വസിക്കുന്നവര്‍’ ഇതുവഴി വരണമെന്നില്ല.

pathram desk 1:
Related Post
Leave a Comment