14 വരെ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍:മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം: കേരളത്തില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ 14 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 15ന് ശക്തമായ മഴയുണ്ടാകും. തുടര്‍ച്ചയായ മഴയില്‍ നദികളില്‍ വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. 7 മുതല്‍ 20 സെന്റിമീറ്റര്‍ വരെ മഴ പെയ്യാനാണു സാധ്യത. ജില്ലാ കലക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു.

മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 15 വരെ 24 മണിക്കൂറും പ്രവര്‍ത്തിപ്പിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കെട്ടിടങ്ങളുടെ താക്കോല്‍ വില്ലേജ് ഓഫിസര്‍മാര്‍/തഹസില്‍ദാര്‍മാര്‍ കയ്യില്‍ കരുതണം. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് ( രാത്രി ഏഴു മുതല്‍ രാവിലെ ഏഴു വരെ) മലയോര മേഖലയിലേക്കുള്ള പൊതുയാത്രകള്‍ പരിമിതപ്പെടുത്തണം. ബീച്ചുകളില്‍ വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങാതിരിക്കാന്‍ നടപടി സ്വീകരിക്കണം

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. മഴയത്ത് ഇവിടങ്ങളില്‍ ഇറങ്ങരുത്. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത. ഈ ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താന്‍ അനുവദിക്കരുത്

മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴുവാക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്ററിന്റെ നമ്പര്‍ (1077) പൊതുജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക

കേരളതീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലപ്പോള്‍ മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകും. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറേ ഭാഗത്തു മത്സ്യബന്ധത്തിനു പോകരുത്. കര്‍ണാടക, ലക്ഷദ്വീപ്, കേരള തീരങ്ങളില്‍ മത്സ്യബന്ധത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കുക

pathram desk 2:
Related Post
Leave a Comment