കെവിന്‍ കൊലക്കേസ് പ്രതിയ്ക്ക് പോലീസിന്റെ വഴിവിട്ട സഹായം; കോടതി വളപ്പില്‍ വീട്ടുകാരുമായി വീഡിയോ കോള്‍ ചെയ്യാന്‍ അവസരമൊരുക്കി

കോട്ടയം: കെവിന്‍ കൊലക്കേസിലെ പ്രതി കോടതി വളപ്പില്‍ പോലീസ് കാവലില്‍ ബന്ധുക്കളുമായി വീഡിയോ കോളില്‍ സംസാരിച്ചു. ഏറ്റുമാനൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വളപ്പില്‍ പോലീസിന്റെ മുന്നില്‍ വാഹനത്തിലിരുന്ന് പ്രതിയായ ഷെഫിനാണ് ബന്ധുവിന്റെ മൊബൈല്‍ ഫോണിലൂടെ വീട്ടുകാരെ കണ്ടു സംസാരിച്ചത്. ഇന്നലെ വൈകിട്ടു നാലരയ്ക്കാണ് പത്തു പ്രതികളെ കോടതിയില്‍ എത്തിച്ചത്. കോടതി വളപ്പില്‍ നില്‍ക്കുമ്പോള്‍ ബന്ധുവായ വനിത ഷെഫിനെ കാണാന്‍ എത്തി.

ഷെഫിനോടു സംസാരിച്ചു തുടങ്ങിയ വനിത സ്വന്തം ഫോണില്‍ ഷെഫിന്റെ വീട്ടുകാരെ വിളിച്ചു. വനിതയുടെ കൈയിലുള്ള ഫോണിലൂടെ വാഹനത്തില്‍ ഇരുന്നു ഷെഫിന്‍ സംസാരിച്ചു. വീഡിയോ കോള്‍ പൊലിസ് ഉദ്യോഗസ്ഥര്‍ കണ്ടുനില്‍പ്പുണ്ടായിരുന്നു. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ഇന്നോവ കാറും പൊലീസ് കോടതിയില്‍ കൊണ്ടുവന്നിരുന്നു. ഇന്നോവ മഴകൊള്ളാതെ സൂക്ഷിക്കണമെന്നു പ്രതികള്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളെ തെളിവെടുപ്പിനു വേണ്ടി 13 വരെ കസ്റ്റഡിയില്‍ നല്‍കി.

pathram desk 1:
Leave a Comment