സംസ്ഥാന സര്‍ക്കാര്‍ 15 കോടിയുടെ ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയുന്നു

തിരുവനന്തപുരം: കോടികള്‍ വിലവരുന്ന മദ്യം ഒഴുക്കിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.
യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാര്‍ അടച്ചുപൂട്ടലിന്റെ പേരില്‍ അന്നു സര്‍ക്കാരും ബാറുടമകളും തമ്മില്‍ ഏറ്റുമുട്ടലിലായിരുന്നതിനാല്‍ ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യം വിതരണം ചെയ്യുന്നത് സുരക്ഷിതമല്ലെന്നു പൊലീസ് ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണു നശിപ്പിക്കാന്‍ ബവ്‌റിജസ് കോര്‍പറേഷനു നികുതിവകുപ്പ് അനുമതി നല്‍കിയത്.

തിരിച്ചെടുത്ത മദ്യം മുദ്രവച്ചു ബവ്‌റിജസ് കോര്‍പറേഷന്റെ 23 സംഭരണകേന്ദ്രങ്ങളില്‍ സൂക്ഷിച്ചിരിക്കുകയാണ്. മദ്യമൊഴുക്കിക്കളയാനായി പ്രത്യേകം ജീവനക്കാരെ എത്തിക്കും. നിരീക്ഷണത്തിന് എക്‌സൈസ് ഉദ്യോഗസ്ഥരുമുണ്ടാകും. ഓരോ കുപ്പിയായി തുറന്ന് മദ്യം കുഴികളിലേക്കൊഴിക്കും. വിസ്‌കി, ബ്രാണ്ടി, റം, ബീയര്‍, വൈന്‍ എന്നിവയുടെ അന്‍പതോളം ബ്രാന്‍ഡുകള്‍ ഒഴുക്കിക്കളയുന്നവയില്‍ പെടുന്നു. ഒഴിയുന്ന കുപ്പികള്‍ ലേലം ചെയ്യാനുമാണ് സര്‍ക്കാരിന്റെ തീരുമാനം.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്രയധികം വിദേശമദ്യം ഒരുമിച്ചു നശിപ്പിക്കുന്നത്. കോര്‍പറേഷനു കീഴില്‍ തിരുവല്ല പുളിക്കീഴിലുള്ള ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ എത്തിച്ചശേഷം വന്‍ കുഴികളെടുത്ത് ഒഴുക്കിക്കളയാനാണു തീരുമാനം. ഈ മദ്യത്തിനു ബാറുടമകള്‍ക്ക് അന്നു ചെലവായ 15 കോടി രൂപ ഈയിടെ സര്‍ക്കാര്‍ തിരികെ നല്‍കിയിരുന്നു.

pathram:
Leave a Comment