വിജയിയെ ഒഴിവാക്കി ധനുഷിന് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡ്; വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തില്‍

ചെന്നൈ: വിജയ് ടി.വിയുടെ അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലേക്ക്. വിജയിയെ ഒഴിവാക്കി നടന്‍ ധനുഷിനെ അവാര്‍ഡിന് പരിഗണിച്ചതാണ് വിവാദമായിരിക്കുന്നത്. ഫേവറേറ്റ് ഹീറോ അവാര്‍ഡ് ബെസ്റ്റ് എന്റര്‍ടൈനര്‍ അവാര്‍ഡാക്കി മാറ്റി നടന്‍ ധനുഷിന് കൊടുത്തതാണ് വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ധനുഷിന്റെ ഒരു സിനിമയും മികച്ച വിജയം നേടിയിട്ടില്ല. എന്നാല്‍ മെര്‍സല്‍ സിനിമയില്‍ വിജയ്യുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടതുമായിരുന്നു. ഈ വിഷയത്തില്‍ കടുത്ത പ്രതിഷേധമാണ് ആരാധകരുടെ ഭാഗത്ത് നിന്നുണ്ടായത്.

ധനുഷ് നിര്‍മ്മിക്കുന്ന രജനീകാന്ത് സിനിമ ‘കാലാ’ അടക്കം നിരവധി സിനിമകളുടെ ചാനല്‍ സംപ്രേക്ഷണ അവകാശം വിജയ് ടി.വിക്കാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ അവാര്‍ഡിനെ ‘ഉപകാരസ്മരണ’ ആയി മാത്രമേ കാണാന്‍ കഴിയൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍.

പതിനായിരങ്ങളെ സാക്ഷിനിര്‍ത്തിയാണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ദളപതിയുടെ ആരാധകരായിരുന്നു. വിജയ് ആകട്ടെ അവാര്‍ഡ് നിശയില്‍ പങ്കെടുത്തിരുന്നുമില്ല. ചാനല്‍ അധികൃതരുടെ ‘അനീതി’ ബോധ്യപ്പെട്ട ചാനലിലെ തന്നെ ജീവനക്കാര്‍ താരവുമായി ബന്ധപ്പെട്ട് വിവരം അറിയിച്ചതോടെ ദളപതി പിന്‍മാറുകയായിരുന്നുവെന്നാണ് വിവരം.

മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച ഗാനം എന്നീ അവാര്‍ഡുകള്‍ മെര്‍സലിനാണ് ലഭിച്ചത്. മികച്ച നടിക്കുള്ളത് ഉള്‍പ്പെടെ രണ്ട് അവാര്‍ഡുകള്‍ നയന്‍താരക്ക് ലഭിച്ചു. മികച്ച സംഗീത സംവിധായകന്‍ എ.ആര്‍.റഹ്മാനാണ്. മികച്ച നടന്‍ ആര്‍ക്കെന്ന കാറ്റഗറി എന്തിന് ഒഴിവാക്കി എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്. എന്നാല്‍ വിവാദങ്ങളില്‍ ചാനല്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മെര്‍സല്‍ സിനിമയിലെ അഭിനയത്തിന് ദളപതിക്ക് അവാര്‍ഡ് കൊടുക്കാത്തവര്‍ ‘ധീരന്‍ അധികാരം ഒന്ന് ‘സിനിമയില്‍ അഭിനയിച്ച കാര്‍ത്തിക്ക് ഒരു അവാര്‍ഡെങ്കിലും കൊടുക്കാമായിരുന്നു എന്ന വിമര്‍ശനവും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. മെര്‍സല്‍ രാജ്യത്തിനകത്ത് തന്നെ വലിയ തരംഗം സൃഷ്ടിച്ച സിനിമയായിട്ടും ദളപതിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചിട്ടും അവാര്‍ഡ് നല്‍കാതിരുന്നത് ബി.ജെ.പിയെ പേടിച്ചിട്ടാണോ എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ ശക്തമാണ്.

ജി.എസ്.ടിക്കെതിരായ വിമര്‍ശനത്തെ തുടര്‍ന്ന് മെര്‍സലിനും ദളപതിക്കും എതിരെ ബി.ജെ.പി തമിഴ്‌നാട് ഘടകവും അഖിലേന്ത്യാ സെക്രട്ടി എച്ച് രാജയും ശക്തമായി രംഗത്ത് വന്നിരുന്നു. വിജയ് ഏത് ജാതിയില്‍പ്പെട്ടവനാണെന്ന വിമര്‍ശനം വരെ എച്ച് രാജ ഉയര്‍ത്തി. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജ്യത്തിനകത്ത് ഉയര്‍ന്നിരുന്നത്.

കോണ്‍ഗ്രസ്സ്, സി.പി.എം, ഡി.എം.കെ തുടങ്ങിയ നിരവധി പാര്‍ട്ടികള്‍ മെര്‍സലിനും വിജയ് എന്ന നടനും അനുകൂലമായി രംഗത്ത് വന്നു. ഡി.വൈ.എഫ്.ഐ പരസ്യമായി പ്രകടനം നടത്തി. രാഹുല്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചു. ജി. എസ്.ടിയും മെര്‍സലും ദളപതിയുമെല്ലാം ദേശീയ മാധ്യമങ്ങളിലടക്കം ചൂടുള്ള ചര്‍ച്ചക്ക് കാരണമായി. കേരളത്തിലും പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഇപ്പോള്‍ രജനിയും കമലും രാഷ്ട്രീയത്തില്‍ ഇറങ്ങുകയും വിജയ് ഇറങ്ങുമെന്ന അഭ്യൂഹം ശക്തമായിരിക്കെയുമാണ് അവാര്‍ഡ് വിവാദം തമിഴകത്ത് കത്തിപ്പടരുന്നത്. മെര്‍സല്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡില്‍ ‘ഇടപെട്ടവര്‍’ ഇപ്പോള്‍ സ്വകാര്യ ചാനലിന്റെ അവാര്‍ഡ് ആര്‍ക്ക് നല്‍കണമെന്ന് പോലും തീരുമാനിക്കുന്നത് അപകടകരമായ അവസ്ഥ സൃഷ്ടിക്കുമെന്നാണ് തമിഴകത്തെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

pathram desk 1:
Related Post
Leave a Comment