പുഷ് അപ്പ് എടുക്കൂ… 56 ഇഞ്ച് നെഞ്ചളവ് ഉണ്ടാക്കൂ.. ഫിറ്റ്‌നസ് ചലഞ്ച് ഏറ്റെടുത്ത് യുവാക്കള്‍ക്ക് ഉപദേശവുമായി ബിപ്ലബ് കുമാര്‍

അഗര്‍ത്തല: കേന്ദ്രകായിക മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് സംസ്ഥാനത്തെ എല്ലാ യുവാക്കളും ഏറ്റെടുക്കണമെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. ഇതുവഴി ത്രിപുരയുടെ ‘നെഞ്ചളവ്’ 56 ഇഞ്ചാകുമെന്നും ബിപ്ലബ് ദേബ് പറഞ്ഞു.

‘എല്ലാ യുവാക്കളും ആരോഗ്യത്തോടെയിരിക്കണം. യുവാക്കളെല്ലാവരും പുഷ് അപ് എടുക്കുകയാണെങ്കില്‍ ആരോഗ്യവാന്‍മാരാകും. ത്രിപുരയും ആരോഗ്യവാന്‍മാരാകും… സ്വാഭാവികമായും ത്രിപുരയ്ക്ക് 56 ഇഞ്ച് നെഞ്ചളവ് എന്നതിലേക്ക് മാറാനാവുകയും എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തെ പ്രാവര്‍ത്തികമാക്കാനും സാധിക്കും.’

പ്രധാനമന്ത്രി നരേന്ദ്രമോദി 2014 ലെ തെരഞ്ഞെടുപ്പ് ക്യാംപെയ്നില്‍ ഉപയോഗിച്ച പ്രധാന പ്രചരണങ്ങളിലൊന്നായിരുന്നു 56 ഇഞ്ച് നെഞ്ചളവ് എന്ന പ്രയോഗം. അതേസമയം റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുക്കുന്നതായും ബിപ്ലബ് ദേബ് പറഞ്ഞു.

തനിക്ക് 20 പുഷ് അപ്പില്‍ കൂടുതല്‍ എടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ത്രിപുരയുടെ കായിക പുരോഗതിയ്ക്ക് കൂടുതല്‍ ധനസഹായം സംസ്ഥാനത്തിന് അനുവദിക്കണമെന്നും അദ്ദേഹം കായിക മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു.

pathram desk 1:
Related Post
Leave a Comment