ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു, ഞാന്‍ മേരിക്കുട്ടിയിലെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞ അഞ്ജലി അമീര്‍

കൊച്ചി:ജയസൂര്യയെ മുഖ്യകഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തെ പ്രശംസിച്ചും ആശംസകള്‍ നേര്‍ന്നും ട്രാന്‍സ്വുമണും നടിയുമായ അഞ്ജലി അമീര്‍ രംഗത്ത്. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അഞ്ജലി ചിത്രത്തെ പ്രശംസിച്ചത്. ചിത്രത്തിന്റെ ട്രെയിലറും മറ്റു വീഡിയോകളും കണ്ടപ്പോള്‍ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞുവെന്ന് അഞ്ജലി കുറിച്ചു. സംവിധായകന്‍ രഞ്ജിത്തിനും ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ ജയസൂര്യയ്ക്കുമൊപ്പമുള്ള സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പമാണ് അഞ്ജലി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

ആണ്‍കുട്ടിയായി ജനിച്ച അഞ്ജലി വളര്‍ച്ചയുടെ ഘട്ടത്തിലാണ് തന്നിലെ സ്വത്വം പെണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇരുപതാം വയസ്സില്‍ അഞ്ജലി സെക്ഷുവല്‍ റീ അസ്സെസ്സ്‌മെന്റ് സര്‍ജറി ചെയ്യുക വഴി പൂര്‍ണമായും ഒരു സ്ത്രീ ആയി മാറുകയായിരുന്നു. മമ്മൂട്ടി മുഖ്യ വേഷത്തിലെത്തുന്ന തമിഴ് ചിത്രം പേരന്‍പിലെ നായികയാണ് അഞ്ജലി.

അഞ്ജലി അമീറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം കാണാം

മേരിക്കുട്ടിയിലെ വീഡിയോ കണ്ടപ്പോ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു. ഞങ്ങളോരുത്തരുടെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരു കണ്ണാടിയിലെന്ന പോലെ കാണാന്‍ കഴിഞ്ഞു. എന്തോ ജയേട്ടനോട് ഇഷ്ടം ഒരു പാട് കൂടി ഒപ്പം രഞ്ജിത്തേട്ടനോടും… ഒത്തിരി ആകാംക്ഷയോടെ കാത്തിരിക്കുന്നു ജൂണ്‍ 15 നായ്. എന്റെ എല്ലാ വിധ ആശംസകളും മേരിക്കുട്ടിയുടെ എല്ലാ ക്രൂവിനും- അഞ്ജലി കുറിച്ചു.

pathram desk 2:
Related Post
Leave a Comment