ദേഹത്ത് ത്രിവര്‍ണ പതാക വരച്ച് കളിക്കളത്തില്‍ ഇന്ത്യന്‍ ടീമിന് ആവേശം പകരുന്ന സുധീര്‍ ഗൗതമിന് വീട്ടില്‍ വിരുന്നൊരുക്കി ധോണി

നാട്ടിലായാലും വിദേശത്തായാലും ദേഹമാകെ ത്രിവര്‍ണം പൂശി സച്ചിന്റെ ജഴ്സി നമ്പറായ 10 അണിഞ്ഞ് വലിയൊരു ത്രിവര്‍ണ പതാകയുമായി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിക്കുന്ന ആരാധകനാണ് സുധീര്‍ ഗൗതം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെയും ഏറ്റവും വലിയ ആരാധകനാണിയാള്‍. ഇന്ത്യയുടെ മല്‍സരങ്ങള്‍ കാണാന്‍ ഗ്യാലറിയില്‍ സുധീര്‍ ഗൗതവുമുണ്ടാകും. അതേസമയം, ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ വീട്ടില്‍ അതിഥിയായി എത്തിയിരിക്കുകയാണ് സുധീര്‍ ഗൗതം.

‘ക്യാപ്റ്റന്‍ കൂളിനൊപ്പം ഇത് വിശിഷ്ടമായ ദിവസമാണ്. നല്ലൊരു കുടുംബത്തിന്റെ കൂടെ നല്ലൊരു ഉച്ചഭക്ഷണം. വാക്കുകള്‍ കൊണ്ട് ഇത് നിര്‍വചിക്കാന്‍ കഴിയില്ല. ധോണിക്കും സാക്ഷിക്കും നന്ദി’ എന്ന് സുധീര്‍ ട്വീറ്റ് ചെയ്തു. ഇതോടൊപ്പം ഇവരൊന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിരിക്കുകയാണ് സുധീര്‍.

ഐപിഎല്‍ മത്സരത്തിനു ശേഷം വിശ്രമത്തിലാണ് ധോണി. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും പ്രധാനപ്പെട്ട സീസണാണ് കഴിഞ്ഞുപോയത്. കൂടാതെ ഫെയ്സ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ധോണിയെ കുറിച്ചാണ്. ഐപിഎല്‍ 2018 സീസണുമായി ബന്ധപ്പെട്ട ഫെയ്സ്ബുക്ക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

തലയുടെ തിരിച്ചുവരവ് ചേര്‍ത്ത പുതിയ വിസില്‍ പോഡ് ഗാനമാണ് ടൂര്‍ണമെന്റിലെ ഏറ്റവും പ്രിയങ്കരമായ പോസ്റ്റായി ഫെയ്സ്ബുക്ക് വിലയിരുത്തിയത്. ധോണി കഴിഞ്ഞാല്‍ വിരാട് കോഹ്ലി (ബാംഗ്ലൂര്‍), ക്രിസ് ഗെയ്ല്‍ (പഞ്ചാബ്), രോഹിത് ശര്‍മ (മുംബൈ), സുരേഷ് റെയ്ന (ചെന്നൈ) എന്നിവരാണ് മറ്റു ഫെയ്സ്ബുക്ക് ‘താരങ്ങള്‍’.

കൂടാതെ, മുംബൈ ഇന്ത്യന്‍സ് ബോളര്‍ മുസ്തഫിസുറഹ്മാന്റെ ബംഗാളി പുതുവത്സര ആശംസയാണ് ഫെയ്സ്ബുക്കിലെ രണ്ടാമത്തെ ചര്‍ച്ച ചെയ്യപ്പെട്ട പോസ്റ്റെന്ന് ഫെയ്സ്ബുക്ക് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

pathram desk 1:
Related Post
Leave a Comment